ന്യൂദല്‍ഹി: ഹരിയാനയില്‍ ടെന്നീസ് താരമായ രാധിക യാദവ് (25 വയസ്) പിതാവിന്റെ വെടിയേറ്റ് മരിച്ചു. ഇന്ന് രാവിലെയാണ് (വ്യാഴാഴ്ച) സ്റ്റേറ്റ് ലെവല്‍ ടെന്നീസ് താരം ഗുരുഗ്രാമിലെ തന്റെ വീട്ടില്‍ വെച്ച് കെല്ലപ്പെട്ടത്. വീട്ടിലെ ഒന്നാം നിലയില്‍ വെച്ച് അഞ്ച് തവണയാണ് പിതാവ് വെടി വെച്ചത്.
മൂന്ന് ബുള്ളറ്റുകള്‍ രാധകയുടെ നെഞ്ചില്‍ പതിക്കുകയായിരുന്നു. വെടിയുതിര്‍ക്കുന്ന ശബ്ദം കേട്ട് എത്തിയവര്‍ രാധികയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. സംഭവത്തെ തുടര്‍ന്ന് യുവതിയുടെ പിതാവിനെയും വെടിവെക്കാനുപയോഗിച്ച തോക്കും പൊലീസ് കസ്റ്റഡിയിലെടുത്തു.
സാമൂഹിക മാധ്യമത്തില്‍ രാധിക പങ്കുവെച്ച റീലിനെ തുടര്‍ന്ന് പിതാവുമായി തര്‍ക്കമുണ്ടായതിന് പിന്നാലെയാണ് കൊലപാതകമെന്നാണ് വിവരം. ഗുരുഗ്രാം പൊലീസിലെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ സന്ദീപ് കുമാറാണ് പ്രാഥമിക കണ്ടെത്തലില്‍ ഇക്കാര്യം പറഞ്ഞത്.
രാധികയുടെ പിതാവില്‍ നിന്ന് കണ്ടത്തിയത് ലൈസന്‍സുള്ള റിവോള്‍വറായിരുന്നുവെന്നും അദ്ദേഹം പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. മാത്രമല്ല അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷനില്‍ 113ാം റാങ്കുള്ള ഡബിള്‍സ് താരമാണ് രാധിക.
സംസ്ഥാന തലത്തില്‍ നിരവധി മത്സരങ്ങള്‍ കളിച്ച രാധിക നിരവധി മെഡലുകളും സ്വന്തമാക്കിയിരുന്നു. മുന്‍ ടെന്നീസ് പരിശീലകന്‍ മനോജ് ഭരദ്വാജ് രാധികയുടെ മരണത്തില്‍ ദുഖം പ്രകടിപ്പിച്ചിരുന്നു. ‘അവള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നവളും, അച്ചടക്കമുള്ളവളും, അപാരമായ കഴിവുള്ളവളുമായിരുന്നു. ഇതൊരു വലിയ നഷ്ടമാണ്,’ അദ്ദേഹം പറഞ്ഞു.
Content Highlight: Tennis star Radhika Yadav shot dead by her father for filming a reel in Haryana