താത്കാലിക വി.സിമാരായ സിസ തോമസും ശിവപ്രസാദും പുറത്തേക്ക്
Kerala
താത്കാലിക വി.സിമാരായ സിസ തോമസും ശിവപ്രസാദും പുറത്തേക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 14th July 2025, 7:24 pm

കൊച്ചി: ഗവര്‍ണര്‍ നിയമിച്ച താത്കാലിക വി.സിമാരുടെ നിയമനം ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയതോടെ ഡിജിറ്റല്‍ സര്‍വകലാശാല താത്കാലിക വി.സി ഡോ. കെ. ശിവപ്രസാദും സാങ്കേതിക സര്‍വകലാശാല താത്കാലിക വി.സി സിസ തോമസും ചുമതലയൊഴിയേണ്ടി വരും. ഇരുവരുടേയും നിയമനങ്ങള്‍ റദ്ദാക്കണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയതോടെയാണിത്.

താത്കാലിക വി.സിമാര്‍ ആറ് മാസത്തില്‍ അധികം പദവിയില്‍ തുടരരുതെന്നും വി.സി നിയമനം അനിശ്ചിതമായി നീളുന്നത് വിദ്യാര്‍ത്ഥികളെ ദോഷകരമായി ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് അനില്‍.കെ. നരേന്ദ്രന്‍, ജസറ്റിസ് പി.വി. ബാലകൃഷ്ണന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.

മുമ്പ് ഗവര്‍ണറുടെ ഹരജി പരിഗണിച്ച സിംഗിള്‍ ബെഞ്ച് ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകള്‍ക്ക് പദവിയില്‍ തുടരാമെന്ന് അറിയിച്ചിരുന്നു. ഇരുവര്‍ക്കും മെയ് 28 വരെ കാലാവധി ഉള്ളതിനാല്‍ അതുവരെ തല്‍സ്ഥാനത്ത് തുടരാമെന്നായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ തീരുമാനം.

കോടതി വിധി സ്വാഗതം ചെയ്ത ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു ഗവണറുടേത് നിയമവിരുദ്ധപ്രവര്‍ത്തനമാണെന്ന് തെളിഞ്ഞതായി പ്രതികരിച്ചു. ചാന്‍സലര്‍മാര്‍ക്ക് അധികാരമുണ്ടെന്നും എന്നാല്‍ ആ അധികാരപരിധിക്ക് പുറത്തേക്ക് പോകുന്നത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന സര്‍ക്കാര്‍ കുറേ നാളുകളായി പറയുന്ന കാര്യങ്ങള്‍ ശരിയാണെന്ന് തെളിയിക്കുന്നതാണ് കോടതി വിധി. ചാന്‍സലര്‍ ഏകപക്ഷീയമായി വി.സിമാരെ നിയമിക്കുന്നത് തെറ്റാണെന്നും ആര്‍. ബിന്ദു ആവര്‍ത്തിച്ചു.

Content Highlight: Temporary VC appointment; Siza Thomas and K.Siva Prasad maybe removed