താത്കാലിക ആശ്വാസം; ഗസയിലേക്ക് അടിസ്ഥാന അളവില്‍ ഭക്ഷണം അനുവദിക്കാമെന്ന് ഇസ്രഈല്‍
World News
താത്കാലിക ആശ്വാസം; ഗസയിലേക്ക് അടിസ്ഥാന അളവില്‍ ഭക്ഷണം അനുവദിക്കാമെന്ന് ഇസ്രഈല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 19th May 2025, 8:13 am

ഗസ: രണ്ടര മാസത്തെ ദുരിതത്തിനൊടുവില്‍ ഗസ നിവാസികള്‍ക്ക് അടിസ്ഥാന അളവില്‍ ഭക്ഷണം നല്‍കാമെന്ന് ഇസ്രഈല്‍. ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസാണ് ഇത് സംബന്ധിച്ച പ്രസ്താവന പുറത്ത് വിട്ടത്.

ഈ പ്രസ്താവന പ്രകാരം ഇസ്രഈല്‍ പ്രതിരോധ സേനയുടെ നിര്‍ദേശപ്രകാരമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും ഇസ്രഈലിന്റെ പുതിയ മിലിട്ടറി ഓപ്പറേഷനെ സപ്പോര്‍ട്ട് ചെയ്യുന്നതിനുമാണ്  ഈ തീരുമാനമെന്നും പറയുന്നുണ്ട്.  എന്നാല്‍ ഈ സഹായ വിതരണത്തിന്റെ നിയന്ത്രണം ഹമാസ് ഏറ്റെടുത്താല്‍ നടപടിയെടുക്കുമെന്നും പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്.

മാര്‍ച്ചില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതിന്റെ ഭാഗമായി ഗസയിലേക്കുള്ള ഭക്ഷണം, വൈദ്യുതി, ഇന്ധനം, മെഡിസിന്‍ എന്നിവയെല്ലാം ഇസ്രഈല്‍ നിര്‍ത്തിവെച്ചിരുന്നു. ഇതിനെതിരെ മനുഷ്യാവകാശ സംഘടനകള്‍ അടക്കം രംഗത്ത് വന്നിരുന്നു.

ഇത്തരത്തില്‍ ഭക്ഷണം പോലും അനുവദിക്കാത്തത് ഗസയിലെ 21 ലക്ഷം ജനങ്ങളെ പട്ടിണിയിലാക്കുകയും കുട്ടികളില്‍ പോഷകാഹാരക്കുറവും ഉണ്ടാക്കിയിരുന്നു.

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പോലും ഗസ നിവാസികള്‍ പട്ടിണിയിലാണെന്ന് തുറന്ന് സമ്മതിച്ചെങ്കിലും ഇസ്രഈല്‍ ഇത് തള്ളുകയായിരുന്നു. എന്നാല്‍ അന്താരാഷ്ട്ര സമൂഹത്തില്‍ നിന്ന് സഹായം അനുവദിക്കണമെന്ന സമ്മര്‍ദം വര്‍ധിച്ചതോടെയാണ് ഇസ്രഈല്‍ തീരുമാനത്തില്‍ മാറ്റം വരുത്തിയത്.

ഗസയിലേക്കുള്ള സഹായം ഉടനടി വലിയ തോതില്‍ പുനരാരംഭിക്കണമെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീന്‍ നോയല്‍ ബാരറ്റും ഇസ്രഈലിനോട് ആവശ്യപ്പെട്ടിരുന്നു.

അതേസമയം ദോഹയില്‍വെച്ച് നടന്ന് കൊണ്ടിരിക്കുന്ന ഇസ്രഈല്-ഹമാസ് വെടിനിര്‍ത്തല്‍ ചര്‍ച്ചയുടെ ഭാഗമായി ഒമ്പത് ബന്ദികളെ വിട്ടയയ്ക്കാന്‍ ഹമാസ് തീരുമാനിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

60 ദിവസത്തെ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ഒമ്പത് ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസ് സമ്മതിച്ചതായി ഒരു ഫലസ്തീന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പകരമായി തടഞ്ഞുവെക്കപ്പെട്ട ട്രക്കുകളെ ഗസയിലേക്ക് കടന്ന് വരാന്‍ അനുവദിക്കണമെന്നും ഇസ്രഈല്‍ തടവില്‍ വെച്ചിരിക്കുന്ന ഫലസ്തീന്‍ തടവുകാരെ മോചിപ്പിക്കാനും ഹമാസ് ആവശ്യപ്പെട്ടതായയും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍ ഈ നിര്‍ദേശങ്ങളോട് ഇസ്രഈല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം ഗസയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുകയോ യുദ്ധം അവസാനിപ്പിക്കുകയോ ചെയ്യില്ലെന്ന് ഇസ്രഈല്‍ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.

ഇന്നലെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കിടയിലും ഈസ്രഈല്‍ ഗസയില്‍ ആക്രമണം ശക്തമാക്കിയിരുന്നു. തെക്കന്‍ നഗരമായ ഖാന്‍ യൂനിസിലും വടക്കന്‍ ഗാസയിലെ ബെയ്റ്റ് ലാഹിയ, ജബാലിയ അഭയാര്‍ത്ഥി ക്യാമ്പ് എന്നിവയുള്‍പ്പെടെയുള്ള പട്ടണങ്ങളിലും ആക്രമണങ്ങള്‍ ഉണ്ടായതായി രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു.

ഗസയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഒക്ടോബര്‍ ഏഴ് മുതല്‍ 53,272 പലസ്തീനികള്‍ കൊല്ലപ്പെടുകയും 120,673 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്‌. ആക്രമണത്തില്‍ കാണാതായ ആയിരക്കണക്കിന് ആളുകളെക്കൂടി ഈ കണക്കില്‍ ഉള്‍പ്പെടുത്തിയാല്‍ മരണസംഖ്യ 61,700 ല്‍ കൂടും.

Content Highlight: Temporary relief: Israel says they will allow basic food to Gaza