മൈനസ് 3 ഡിഗ്രി താപനില: 'മൂന്നാർ കശ്മീരായി'
kERALA NEWS
മൈനസ് 3 ഡിഗ്രി താപനില: 'മൂന്നാർ കശ്മീരായി'
ന്യൂസ് ഡെസ്‌ക്
Monday, 7th January 2019, 8:14 am

ഇടുക്കി: മൂന്നാറിൽ താപനില മൈനസ് മൂന്നു ഡിഗ്രി സെന്റിഗ്രേഡ് രേഖപ്പെടുത്തി. കാശ്മീരിനെ അനുസ്മരിപ്പിക്കുന്ന മഞ്ഞുവീഴ്ച്ചയാണ് ഇപ്പോൾ മൂന്നാറിലുള്ളത്. ഈ കാരണം കൊണ്ടുതന്നെ തെക്കിന്റെ കശ്‍മീർ സന്ദർശിക്കാൻ എത്തുന്നവരുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്. മൂന്നാറിലെ മൊട്ടക്കുന്നുകളും തേയില തോട്ടങ്ങളും മഞ്ഞു പുതച്ച് കിടക്കുന്നത് കാണേണ്ട കാഴ്ച്ചതന്നെയാണ്. അതിശൈത്യത്തിൽ മാത്രം കാണാൻ കഴിയുന്ന കാഴ്ചകളാണ് ഇപ്പോൾ മൂന്നാറിലുള്ളത്.

Also Read മേഘാലയയില്‍ വീണ്ടും ഖനി അപകടം; രണ്ട് തൊഴിലാളികള്‍

ആവി പറന്നുനടക്കുന്ന അരുവികളും, പുഴയും, മഞ്ഞിൽ വിറങ്ങലിച്ചു നിൽക്കുന്ന മരങ്ങളും പുൽച്ചെടികളും ഇപ്പോൾ മൂന്നാറിൽ സ്ഥിരം കാഴ്ച്ചയാണ്. മൂന്നാറിലുള്ള ചൊക്കനാട്, ചിറ്റുവാര, ചെണ്ടുവാര, കന്നിമല,രാജമല, ലക്ഷ്മി എസ്റ്റേറ്റ് എന്നിവിടങ്ങളിലാണ് താപനില മൈനസ് 3 ഡിഗ്രി സെൽഷ്യസിലെത്തിയത്. മൂന്നാറിൽ ഏറ്റവും മനോഹരമായ കാഴ്ച്ച നൽകുന്നത് വരയാടുകളുടെ ആവാസ കേന്ദ്രമായ രാജമലയാണ്. സൂര്യപ്രകാശം ആദ്യമെത്തുന്നത് മൂന്നാറിലെ രാജമലയിലാണ്.

Also Read ഫെഫ്കയിൽ പുതിയ ഭരണസമിതി; രഞ്ജി പണിക്കർ പ്രസിഡന്റ്

ഇവിടെ നിന്നുമുള്ള സൂര്യോദയം ആരെയും ആകർഷിക്കുന്ന കാഴ്ചയാണ്. മഞ്ഞുവീഴ്ച്ച കൺകുളിർപ്പിക്കുന്ന കാഴ്ചകൾ നൽകുന്നുണ്ടെങ്കിലും പ്രഭാതത്തിനു ശേഷമുള്ള വെയിലും കൂടുംതേയില ചെടികളെ പ്രതികൂലമായാണ് ബാധിക്കുന്നത്. കൂടിയ തണുപ്പിന് ശേഷം വരുന്ന വെയിലിൽ തേയില ചെടികളിൽ നിൽക്കുന്ന മഞ്ഞുരുകുന്നത് തേയില ചെടികളുടെ കൂമ്പ് ഉണങ്ങുന്നതിനു കാരണമാകും. അടുത്ത വർഷത്തെ തേയില ഉത്പാദനത്തെ ഇത് സാരമായി ബാധിക്കും എന്നാണു കരുതുന്നത്.