600 കോടിയൊക്കെ ബജറ്റിടുന്നുണ്ട്, ക്വാളിറ്റിയുള്ള ഗ്രാഫിക്‌സ് കൊണ്ടുവരാന്‍ കാശില്ല, അഖണ്ഡ 2 ട്രെയ്‌ലറിന് പിന്നാലെ തെലുങ്ക് ഇന്‍ഡസ്ട്രിക്ക് ട്രോള്‍
Indian Cinema
600 കോടിയൊക്കെ ബജറ്റിടുന്നുണ്ട്, ക്വാളിറ്റിയുള്ള ഗ്രാഫിക്‌സ് കൊണ്ടുവരാന്‍ കാശില്ല, അഖണ്ഡ 2 ട്രെയ്‌ലറിന് പിന്നാലെ തെലുങ്ക് ഇന്‍ഡസ്ട്രിക്ക് ട്രോള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 22nd November 2025, 11:50 am

നന്ദമൂരി ബാലകൃഷ്ണ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം അഖണ്ഡ 2വിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞദിവസം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. സ്ഥിരം തെലുങ്ക് സിനിമകളിലേത് പോലെ ഓവര്‍ ദി ടോപ് ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമാണ് ട്രെയ്‌ലര്‍. എന്നാല്‍ ചിത്രത്തിലെ ഗ്രാഫിക്‌സ് രംഗങ്ങള്‍ വലിയ രീതിയില്‍ ട്രോള്‍ ചെയ്യപ്പെട്ടിരുന്നു.

പിശാചുക്കളെ ട്രെയ്‌ലറില്‍ കാണിച്ച രംഗമാണ് ട്രോളിന് ഇരയായത്. കാര്‍ട്ടൂണ്‍ ചാനലുകളിലെ സീനുകള്‍ക്ക് ഇതിനെക്കാള്‍ ക്വാളിറ്റിയുണ്ടാകുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. 100 കോടിക്കു മുകളില്‍ ബജറ്റിടുന്ന നിര്‍മാതാക്കളും സംവിധായകനും അതിന്റെ ഗ്രാഫിക്‌സ് ക്വാളിറ്റിയുള്ളതാക്കാന്‍ ശ്രദ്ധിക്കണമെന്നും കമന്റുകള്‍ പങ്കുവെക്കുന്നുണ്ട്.

അഖണ്ഡ 2 മാത്രമല്ല, തെലുങ്കിലെ മറ്റ് വമ്പന്‍ സിനിമകള്‍ക്കെതിരെയും ട്രോളുകളുണ്ട്. 700 കോടി ബജറ്റിലെത്തിയ ആദിപുരുഷ്, പ്രഭാസിന്റെ വരാനിരിക്കുന്ന രാജാ സാബ് എന്നീ സിനിമകളിലെ ഗ്രാഫിക്‌സ് രംഗങ്ങളെ പ്രേക്ഷകര്‍ കീറിമുറിക്കുന്നുണ്ട്. നായകന് പ്രതിഫലമായി ബജറ്റിന്റെ പകുതിയിലധികം തുക നല്‍കുന്ന അണിയറപ്രവര്‍ത്തകരെയാണ് പലരും കുറ്റപ്പെടുത്തുന്നത്.

അഖണ്ഡ 2വിലെ മറ്റ് പല രംഗങ്ങളും വിമര്‍ശിക്കപ്പെടുന്നുണ്ട്. മെഷീന്‍ ഗണ്‍ ശൂലം ഉപയോഗിച്ച് ഓപ്പറേറ്റ് ചെയ്യുന്ന രംഗവും ഫൈറ്റ് സീനും ട്രോള്‍ പേജുകള്‍ ഏറ്റെടുത്തു. ഹൈന്ദവ സനാതന ധര്‍മത്തെ ബൂസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടയില്‍ മേക്കിങ് ക്വാളിറ്റി മെച്ചപ്പെടുത്താന്‍ അണിയറപ്രവര്‍ത്തകര്‍ ശ്രമിച്ചിട്ടില്ലെന്നാണ് പ്രധാന വിമര്‍ശനം.

ചെറിയ ബജറ്റില്‍ നല്ല ക്വാളിറ്റി പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്ന മിറൈ, ലിറ്റില്‍ ഹാര്‍ട്‌സ് പോലുള്ള സിനിമകള്‍ തെലുങ്കിന് പുറത്ത് ശ്രദ്ധ നേടുമ്പോള്‍ സീനിയര്‍ താരങ്ങള്‍ മസാല ഴോണര്‍ വിട്ട് ഒരു കളിയുമില്ലെന്നും ആരോപണമുണ്ട്. ഡാക്കു മഹാരാജ് റിലീസായപ്പോള്‍ ബാലകൃഷ്ണ നന്നായെന്ന് വിചാരിച്ചെന്നും എന്നാല്‍ ഇപ്പോള്‍ പഴയ ട്രാക്കില്‍ തന്നെയാണെന്നും പലരും അഭിപ്രായപ്പെട്ടു.

ബോയപ്പട്ടി ശ്രീനിവും ബാലകൃഷ്ണയും നാലാം തവണ ഒന്നിക്കുന്ന ചിത്രമാണ് അഖണ്ഡ 2. നാല് വര്‍ഷം മുമ്പ് പുറത്തിറങ്ങിയ ആദ്യ ഭാഗത്തിന്റെ സ്പിരിച്വല്‍ സീക്വലാണ് ഈ ചിത്രം. മലയാളി താരം സംയുക്ത മേനോനാണ് ചിത്രത്തിലെ നായിക. പാന്‍ ഇന്ത്യന്‍ റിലീസായൊരുങ്ങുന്ന ചിത്രം ഡിസംബര്‍ അഞ്ചിന് തിയേറ്ററുകളിലെത്തും.

Content Highlight: Telugu Industry getting trolls for VFX scenes after Akhanda trailer