പ്രശസ്ത തെലുങ്ക് നടനും മുന്‍ ആന്ധ്ര എം.എല്‍.എയുമായിരുന്ന കോട്ട ശ്രീനിവാസ റാവു അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ ഹൈദരാബാദിലെ ഫിലിംനഗറിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. ആരോഗ്യപ്രശ്‌നങ്ങളും വാര്‍ദ്ധക്യസഹജമായ രോഗങ്ങളും കാരണം ചികിത്സയിലായിരുന്ന അദ്ദേഹത്തിന് 83 വയസായിരുന്നു.
വില്ലന്‍, സ്വഭാവ നടന്‍, എന്നിങ്ങനെ വൈവിധ്യമാര്‍ന്ന വേഷങ്ങളിലൂടെ പേരുകേട്ട ശ്രീനിവാസ റാവു തെലുങ്ക് സിനിമയില്‍ മായാത്ത പ്രതിഭ തന്നെയാണ്. തെലുങ്ക് സിനിമയ്ക്ക് പുറമെ തമിഴ്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളിലുമായി 750-തില്‍പരം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. 2023 ല്‍ പുറത്തിറങ്ങിയ സുവര്‍ണ്ണ സുന്ദരിഎന്ന ചിത്രത്തിലാണ് ശ്രീനിവാസ റാവു അവസാനമായി അഭിനയിച്ചത്.
സിനിമാ മേഖലയിലേക്ക് വരുന്നതിന് മുമ്പ്, നാടക മേഖലകളിലും അദ്ദേഹം സജീവമായിരുന്നു. 1978-ല്‍ പുറത്തിറങ്ങിയ പ്രണം ഖരീദു എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തെലുങ്ക് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് തെലുങ്ക് സിനിമയിലെ ഒഴിച്ചുകൂടാനാകാത്ത ഒരു സഹ നടനായി അദ്ദേഹം മാറി. അഭിനയത്തിനു പുറമേ, ഏതാനും തെലുങ്ക് സിനിമകളില്‍ അദ്ദേഹം പാടിയിട്ടുമുണ്ട്.
ടോളിവുഡിലെ മിക്ക പ്രധാന താരങ്ങള്‍ക്കൊപ്പവും ശ്രീനിവാസ റാവു അഭിനയിച്ചിട്ടുണ്ട്. സാമി, തിരുപ്പാച്ചി, കോ തുടങ്ങിയ തമിഴിലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലെ വില്ലന്‍ വേഷങ്ങളിലൂടെയാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള തെന്നിന്ത്യക്കാര്‍ക്ക് ശ്രീനിവാസ റാവുവിനെ കൂടതല്‍ പരിചയം. 2011 ല്‍ ജയരാജിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ട്രെയിന്‍ എന്ന ചിത്രത്തിലാണ് അദ്ദേഹം മലയാളത്തില്‍ അഭിനയിച്ചത്.