ഖാലാ, എല്ലാവരോടും പറയൂ അവർ ഞങ്ങളെ കടലിൽ ഉപേക്ഷിച്ചുവെന്ന്: ഇന്ത്യൻ സർക്കാർ കടലിൽ ഉപേക്ഷിച്ചെന്ന് പറയുന്ന റോഹിംഗ്യൻ അഭയാർത്ഥികളുടെ കോൾ റെക്കോർഡിങ്ങുകൾ
national news
ഖാലാ, എല്ലാവരോടും പറയൂ അവർ ഞങ്ങളെ കടലിൽ ഉപേക്ഷിച്ചുവെന്ന്: ഇന്ത്യൻ സർക്കാർ കടലിൽ ഉപേക്ഷിച്ചെന്ന് പറയുന്ന റോഹിംഗ്യൻ അഭയാർത്ഥികളുടെ കോൾ റെക്കോർഡിങ്ങുകൾ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 17th May 2025, 3:22 pm

ന്യൂദൽഹി: 43 റോഹിംഗ്യൻ അഭയാർത്ഥികളെ ഇന്ത്യൻ അധികൃതർ അന്താരാഷ്ട്ര അതിർത്തിയിലെ കടലിൽ ഉപേക്ഷിച്ചെന്ന് പരാതിപ്പെടുന്ന അഭയാർഥികളുടെ റെക്കോർഡിങ് പുറത്ത് വിട്ട് ദി ക്വിന്റ്. 43 അഭയാർത്ഥികളെ തെക്കൻ മ്യാൻമറിലെ തനിന്തരി മേഖലയിലെ അന്താരാഷ്ട്ര അതിർത്തിയിലേ കടലിൽ ഇന്ത്യൻ അധികൃതർ ഉപേക്ഷിച്ചതായി ആരോപിക്കപ്പെടുന്നു.

ഇന്ത്യൻ അധികാരികൾ അഭയാർത്ഥികളെ അറസ്റ്റ് ചെയ്ത് ഹിൻഡൺ വിമാനത്താവളത്തിൽ നിന്ന് ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ പോർട്ട് ബ്ലെയറിലേക്ക് കൊണ്ടുപോയെന്നും അവിടെ നിന്ന്‌ ലൈഫ് ജാക്കറ്റ് ധരിപ്പിച്ച് അവരെ കടലിലേക്ക് തള്ളിയിട്ടെന്നുമായിരുന്നു പരാതി ഉയർന്നത്.

ഇന്ത്യൻ അധികാരികൾ അറസ്റ്റ് ചെയ്ത അഭയാർഥികളിൽ ഷാമിനയുടെ കുടുംബവും ഉൾപ്പെടുന്നു. തന്റെ കുടുംബത്തിലെ അഞ്ച് അംഗങ്ങളെ നാടുകടത്തിയതിലും അഭയാർത്ഥികൾ നേരിടുന്ന ദുരിതത്തെക്കുറിച്ചും അവർ സംസാരിച്ചു. ‘എന്തിനാണ് അവർ ഞങ്ങളോട് ഇങ്ങനെ ചെയ്തത്? ഞങ്ങൾ വേണ്ടത്ര അനുഭവിച്ചില്ലേ? അവർ മുഴുവൻ കുടുംബത്തെയും പറഞ്ഞയക്കണമായിരുന്നു, എന്തിനാണ് ഞങ്ങളെ ഇങ്ങനെ വേര്പെടുത്തുന്നത്?,’ ഷാമിന നിറകണ്ണുകളോടെ ചോദിച്ചു.

ഇന്ത്യയിലെ റോഹിംഗ്യൻ അഭയാർത്ഥികൾ വിദേശികളാണെന്ന് കണ്ടെത്തിയാൽ, ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥി ഹൈക്കമ്മീഷൻ നൽകുന്ന തിരിച്ചറിയൽ കാർഡുകൾ കൈവശം ഉണ്ടെങ്കിലും അവരെ നാടുകടത്തണമെന്ന് സുപ്രീം കോടതി നിരീക്ഷിച്ച അതേ ദിവസം തന്നെയായിരുന്നു അഭയാർത്ഥികളെ കടലിൽ തള്ളിയ സംഭവം ഉണ്ടായത്.

ഈ നാടുകടത്തപ്പെട്ട റോഹിംഗ്യൻ അഭയാർത്ഥികളിൽ 15 വയസ്സ് പ്രായമുള്ള കുട്ടികളും 66 വയസ്സ് പ്രായമുള്ള വൃദ്ധരും, ഒരു കാൻസർ രോഗിയും ഉൾപ്പെടുന്നുവെന്ന് ദി ക്വിന്റ് പറയുന്നു. ഡെമോക്രാറ്റിക് വോയ്‌സ് ഓഫ് ബർമ്മ (ഡി.വി..ബി) ഏകദേശം 40 റോഹിംഗ്യകളെ ഇന്ത്യയിൽ നിന്ന് നാടുകടത്തിയതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഒരു ചെറിയ ഒറ്റനില വീട്ടിൽ താമസിക്കുന്ന ഷാമീന ഇപ്പോൾ തകർന്ന അവസ്ഥയിലാണ്. അവരുടെ കുടുംബത്തിലെ അഞ്ച് അംഗങ്ങൾ, സഹോദരി, അളിയൻ, രണ്ട് ആൺമക്കൾ, ഒരു മരുമകൾ എന്നിവരാണ് നാടുകടത്തപ്പെട്ടത്. ഷാമീനയുടെ കുടുംബം 2007 ലാണ് ഇന്ത്യയിലെത്തിയത്. 2010 ൽ അവർക്ക് യു.എൻ.എച്ച്.സി.ആർ കാർഡ് ലഭിച്ചു.

‘മെയ് ആറിന് എന്റെ അളിയൻ ഒരു പരിശോധനയ്ക്കായി ആശുപത്രിയിൽ ആയിരുന്നു. മുമ്പ് ഒരിക്കൽ അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തിരുന്നു, അതിനുശേഷം അദ്ദേഹത്തിന് സുഖമില്ലായിരുന്നു. എന്റെ സഹോദരി രണ്ടുതവണ തടങ്കൽപ്പാളയത്തിലായിരുന്നു. പിന്നീട് വികാസ്പുരിയിൽ നിന്ന് മോചിപ്പിക്കപ്പെട്ടു. ഇത് അവരുടെ ആരോഗ്യത്തെ വളരെയധികം ബാധിച്ചു. അന്ന് അദ്ദേഹത്തെ അന്വേഷിച്ച് പൊലീസ് വന്നു.

പൊലീസ് എന്റെ രണ്ട് അനന്തരവൻമാരെ പിടിച്ചുകൊണ്ടുപോയി. പിന്നെ ആശുപത്രിയിൽ നിന്ന് തിരിച്ചെത്തിയ അളിയനെ, തുടർന്ന് എന്റെ സഹോദരിയെയും മരുമകളെയും. വീണ്ടും ഒരു തടങ്കൽ പാളയത്തിലേക്ക് പോകേണ്ടി വരുമെന്ന് ഞങ്ങൾ കരുതി. പക്ഷേ അവരെ വിമാനത്തിൽ കയറ്റി, കൈകൾ കെട്ടി, കണ്ണുകൾ മൂടി കൊണ്ടുപോയി. പിന്നാലെ ഞാൻ അറിഞ്ഞത് അവരെ കടലിൽ തള്ളി എന്നതാണ്

മെയ് എട്ടിന് വൈകുന്നേരം നാല് മണിക്ക് എന്റെ അനന്തരവൻ എന്നെ വിളിച്ചു, ‘അവർ ഞങ്ങളെ ഇവിടെ ഒരു ‘ദിയ’യിൽ (റോഹിംഗ്യൻ ഭാഷയിൽ ഒരു ദ്വീപ്) ഉപേക്ഷിച്ചു പോയി, ഏകദേശം 40 റോഹിംഗ്യകൾ എന്നോടൊപ്പം ഉണ്ട്’ എന്ന് പറഞ്ഞു. ഞാൻ അവരോട് ഒരുമിച്ച് നിൽക്കാൻ പറഞ്ഞു. അവൻ എന്നോട് പറഞ്ഞു, ‘ഖാലാ, എല്ലാവരോടും പറയൂ അവർ ഞങ്ങളെ കടലിൽ ഉപേക്ഷിച്ചു പോയി എന്ന്’ അവൻ എന്നോട് പറഞ്ഞു. ,’ അവർ പറഞ്ഞു.

പിന്നീട് തനിക്ക് മറ്റൊരു കോൾ കൂടി വന്നെന്നും ഷാമിന പറഞ്ഞു. ഇത്തവണ അത് അവളുടെ സഹോദരിയായിരുന്നു.

‘ഞാൻ എവിടെയായിരുന്നാലും എനിക്ക് കുഴപ്പമില്ല. നീ സുഖമായിരിക്കൂ’ അവൾ പറഞ്ഞു. അതായിരുന്നു അവളുമായുള്ള എന്റെ അവസാന സംഭാഷണം, അവർ സുരക്ഷിതരാണോ ജീവനോടെയുണ്ടോ എന്ന് പോലും എനിക്കറിയില്ല,’ ഷാമീന പറഞ്ഞു.

ഒരു മത്സ്യത്തൊഴിലാളിയുടെ സഹായത്തോടെയാണ് സഹോദരി ഫോൺ വിളിച്ചതെന്നും ഷാമീന പറഞ്ഞു. പുറത്ത് വരുന്ന വാർത്തകൾ പ്രകാരം മ്യാൻമറിലെ ഒരു ഗ്രൂപ്പായ പീപ്പിൾസ് ഡിഫൻസ് ഫോഴ്‌സ് നാടുകടത്തപ്പെട്ടവർക്ക് അഭയം നൽകിയതായി ദി ക്വിന്റ് റിപ്പോർട്ട് ചെയ്തു.

അതേസമയം 43 റോഹിംഗ്യകളെ ഇന്ത്യൻ സർക്കാർ അന്താരാഷ്ട്ര അതിർത്തിയിലെ കടലിൽ തള്ളിയതിനെതിരെ ഫയൽ ചെയ്ത റിട്ട് ഹരജിയിൽ സുപ്രീം കോടതി വെള്ളിയാഴ്ച വിശ്വാസക്കുറവ് പ്രകടിപ്പിക്കുകയും ഹരജി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

 

Content Highlight: ‘Tell Everyone They Left Us in The Sea’: Rohingyas Deported, Families Torn Apart