തെലങ്കാന നിയമസഭ പിരിച്ചുവിടുന്നു; ഈ വര്‍ഷം അവസാനം തെരഞ്ഞെടുപ്പെന്ന് റിപ്പോര്‍ട്ട്
national news
തെലങ്കാന നിയമസഭ പിരിച്ചുവിടുന്നു; ഈ വര്‍ഷം അവസാനം തെരഞ്ഞെടുപ്പെന്ന് റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 1st September 2018, 4:47 pm

ഹൈദരാബാദ്: തെലങ്കാന നിയമസഭ പിരിച്ചുവിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. സഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നേരിടുന്ന കാര്യത്തില്‍ നാളെ ഉച്ചയ്ക്ക് ചേരുന്ന മന്ത്രിസഭായോഗം തീരുമാനമെടുക്കും.

നാളെ തെലങ്കാന സംസ്ഥാനം രൂപീകരിച്ചിട്ട് നാല് വര്‍ഷമാകുന്നുവെന്ന പ്രത്യേകതയും ഉണ്ട്. കെ.ചന്ദ്രശേഖര റാവു നയിക്കുന്ന ടി.ആര്‍.എസ് സര്‍ക്കാരിന് 2019 മേയ് വരെയാണ് കാലാവധിയുള്ളത്. സര്‍ക്കാരിന്റെ നാല് വര്‍ഷത്തെ നേട്ടങ്ങള്‍ വോട്ടാക്കി മാറ്റാമെന്ന പ്രതീക്ഷയോടെയാണ് നിയമസഭ നേരത്തെ പിരിച്ചു വിടാന്‍ ടി.ആര്‍.എസ് ഒരുങ്ങുന്നത്.

അങ്ങനെയാണെങ്കില്‍ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, മിസോറാം എന്നീ സംസ്ഥാനങ്ങള്‍ക്കൊപ്പം ഡിസംബറില്‍ തെലങ്കാനയിലും തെരഞ്ഞെടുപ്പ് നടക്കും.

ALSO READ: വീണ്ടും സദാചാര ഗുണ്ടായിസം; മലപ്പുറത്ത് ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായ യുവാവ് തൂങ്ങിമരിച്ച നിലയില്‍

അതേസമയം നിയമസഭ പിരിച്ചുവിടാനുള്ള തീരുമാനം നാളെ കൈക്കൊണ്ടാലും പ്രഖ്യാപനം രംഗറെഡ്ഡി ജില്ലയില്‍ നടക്കുന്ന യോഗത്തിലായിരിക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നേരത്തെ സംസ്ഥാനത്ത് ഈ വര്‍ഷം അവസാനം തെരഞ്ഞെടുപ്പിന് സാധ്യത ഉണ്ടെന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നു. ആര്‍.എസ്.എസിന്റെ ചിന്തന്‍ ബൈഠകില്‍ പങ്കെടുക്കാന്‍ പോകവെ ഷംഷാബാദ് വിമാനത്താവളത്തില്‍ വച്ച് അമിത് ഷാ ബി.ജെ.പി എം.പി ബന്ദാരു ദത്താത്രേയയും മറ്റു നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

WATCH THIS VIDEO: