24 മണിക്കൂറുകള്‍ മുമ്പാണ് പണി നടക്കുന്ന തുരങ്കത്തിനുള്ളില്‍ എട്ടോളം പേര്‍ കുടുങ്ങിയത്. കുടുങ്ങി കിടക്കുന്നവരുടെ അടുത്തേക്ക് രക്ഷാപ്രവര്‍ത്തകര്‍ എത്താറായെന്നും പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ദേശീയ ദുരന്തനിവാരണ സേന, കരസേന, നാഷണല്‍ ഹൈവേസ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്, സിംഗരേണി കൊളിയറീസ്, എസ്.ഡി.ആര്‍.എഫ് തുടങ്ങി 300ഓളം പേര്‍ രക്ഷാദൗത്യസംഘത്തിലുണ്ട്.
സംഘം ട്രെയിനിന്റെ സഹായത്തോടെ 11 കിലോമീറ്റര്‍ ഉള്ളില്‍ എത്തിയതായും സ്ഥിതിഗതികള്‍ വിലയിരുത്തുന്നതായും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ടണല്‍ മെഷീനിന്റെ അടുത്തുവരെ എത്തിയെന്നും അതിന്റെ മുമ്പിലാണ് കുടുങ്ങി കിടക്കുന്ന എട്ടുപേരുമുള്ളതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഏകദേശം 200 മീറ്റര്‍ നീളമാണ് യന്ത്രത്തിനുള്ളതെന്നും സംസ്ഥാന ജലസേചന ഉപദേഷ്ടാവ് ആദിത്യനാഥ് ദാസ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ ഇരുമ്പ്, ചെളി, സിമന്റ് കട്ടകള്‍ പോലുള്ള അവശിഷ്ടങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ നീക്കി വരികയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.