നഷ്ടം നികത്താന്‍ യാത്ര നിരക്ക് വര്‍ദ്ധിപ്പിച്ച് തെലുങ്കാന ആര്‍.ടി.സി; സമരകാലയളവിലെ ശമ്പളം നല്‍കും
national news
നഷ്ടം നികത്താന്‍ യാത്ര നിരക്ക് വര്‍ദ്ധിപ്പിച്ച് തെലുങ്കാന ആര്‍.ടി.സി; സമരകാലയളവിലെ ശമ്പളം നല്‍കും
ന്യൂസ് ഡെസ്‌ക്
Monday, 2nd December 2019, 8:34 pm

തെലുങ്കാന: നഷ്ടം നികത്താന്‍ യാത്ര നിരക്ക് കൂട്ടി തെലുങ്കാന ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍. ഇന്ന് അര്‍ദ്ധരാത്രി മുതലാണ് യാത്ര നിരക്കില്‍ വര്‍ദ്ധനവ് പ്രാബല്യത്തില്‍ വരുന്നത്.

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനെ കര കയറ്റാനാണ് സര്‍ക്കാര്‍ നിരക്ക് വര്‍ദ്ധന പ്രഖ്യാപിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കിലോമീറ്ററിന് ശരാശരി 20 പൈസയുടെ വര്‍ദ്ധനവാണ് വരുത്തിയിട്ടുള്ളത്. വര്‍ദ്ധിപ്പിച്ച നിരക്കുകളില്‍ നിന്ന് 750 കോടി രൂപ അധിക വരുമാനമാണ് ആര്‍.ടി.സി പ്രതീക്ഷിക്കുന്നത്.

റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ അറിയിപ്പ് പ്രകാരം ഹൈദരാബാദിലെ ഓര്‍ഡിനറി ബസിനുള്ള മിനിമം നിരക്ക് എട്ട് കിലോമീറ്റര്‍ ദൂരത്തേക്ക് അഞ്ച് രൂപയില്‍ നിന്ന് 10 രൂപയായും പരമാവധി ബസ് നിരക്ക് 30 രൂപയില്‍ നിന്ന് 35 രൂപയായും ഉയര്‍ത്തിയിട്ടുണ്ട്.

മെട്രോ ഡീലക്‌സ് ബസുകളില്‍ ഏറ്റവും കുറഞ്ഞതും കൂടിയതുമായ നിരക്ക് യഥാക്രമം 15 രൂപയും 45 രൂപയുമാണ്.

പല്ലെ വേലുഗു പോലുള്ള ഗ്രാമീണ സര്‍വീസുകളില്‍ മിനിമം ബസ് ചാര്‍ജുകള്‍ ആറ് രൂപയില്‍ നിന്ന് 10 രൂപയായി പരിഷ്‌ക്കരിക്കുകയും പരമാവധി നിരക്ക് 73 രൂപയില്‍ നിന്ന് 100 രൂപയായി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്.

യാത്രക്കാര്‍ക്കും ആര്‍.ടി.സിക്കും പ്രശ്‌നം വരാത്ത രീതിയിലാണ് നിരക്കില്‍ മാറ്റം വരുത്തിയതെന്ന് കോര്‍പ്പറേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഡീലക്‌സ്, എക്‌സ്പ്രസ്, സൂപ്പര്‍ ലക്ഷ്വറി, ഗരുഡ, രാജാധാനി, വജ്ര, വെന്നേല എന്നിവയുള്‍പ്പെടെ തെലങ്കാനയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ബസ് സര്‍വീസുകള്‍ക്കും വര്‍ദ്ധിച്ച ബസ് നിരക്ക് ബാധകമാണ്. ”പുതുക്കിയ ബസ് നിരക്കുകള്‍ അര്‍ദ്ധരാത്രിക്ക് ശേഷം ആരംഭിക്കുന്ന സര്‍വീസുകള്‍ക്ക് ബാധകമാണ്, അതേസമയം രാത്രി 12 മണിക്ക് മുമ്പ് ആരംഭിക്കുന്ന രാത്രികാല ദീര്‍ഘ ദൂര സര്‍വീസുകള്‍ക്ക് പഴയ നിരക്ക അനുവദിക്കും,” ആര്‍.ടി.സി പ്രസ്താവനയില്‍ വ്യക്തമാക്കി.

 

ആര്‍.ടി.സിയുടെ നഷ്ടം നികത്താന്‍ വരുന്ന ബജറ്റില്‍ 1000 കോടി രൂപ അനുവദിക്കുമെന്ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു ആര്‍.ടി.സി ജീവനക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ ഉറപ്പു നല്‍കി.

55 ദിവസത്തെ നീണ്ട പണിമുടക്ക് അവസാനിപ്പിച്ച് 48,000 ഓളം ജീവനക്കാര്‍ വെള്ളിയാഴ്ച മുതല്‍ ജോലിയില്‍ തിരിച്ചെത്തിയിരുന്നു. തിങ്കളാഴ്ച മുതല്‍ ആ.ര്‍.ടി.സി മാനേജ്‌മെന്റ് സെപ്റ്റംബറിലെ ശമ്പളം ജീവനക്കര്‍ക്ക് നല്‍കിത്തുടങ്ങി.
എല്ലാ ജീവനക്കാര്‍ക്കും അവരുടെ സമര കാലയളവലുള്ള ശമ്പളം യഥാസമയം നല്‍കുമെന്ന ഉറപ്പും നല്‍കി.

&