ഭരണഘടനയെ മാനിക്കാത്ത നടപടിയെന്ന് തെലങ്കാനയുടെ ചരിത്രത്തില്‍ രേഖപ്പെടുത്തും; കെ.എസി.ആറിനെതിരെ തെലങ്കാന ഗവര്‍ണര്‍
national news
ഭരണഘടനയെ മാനിക്കാത്ത നടപടിയെന്ന് തെലങ്കാനയുടെ ചരിത്രത്തില്‍ രേഖപ്പെടുത്തും; കെ.എസി.ആറിനെതിരെ തെലങ്കാന ഗവര്‍ണര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 26th January 2023, 10:26 pm

ഹൈദരാബാദ്: രാജ്ഭവനില്‍ നടന്ന റിപബ്ലിക് ദിനാഘോഷങ്ങളില്‍ പങ്കെടുക്കാതെ വിട്ടുനിന്ന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിനെതിരെ രൂക്ഷ വിമര്‍ശനവുമായി തെലങ്കാന ഗവര്‍ണര്‍ തമിഴ്‌സൈ സൗന്ദരരാജന്‍.

തെലങ്കാന സര്‍ക്കാര്‍ രാജ്ഭവനിലെ റിപബ്ലിക് ദിന പരിപാടിക്ക് തുരങ്കം വെച്ചുവെന്ന് തെലങ്കാന ഗവര്‍ണര്‍ പറഞ്ഞു.

‘റിപബ്ലിക് ദിന പരിപാടികളെ തെലങ്കാന സര്‍ക്കാര്‍ അട്ടിമറിച്ചു. അവര്‍ക്ക് പൊതു പരിപാടികളൊന്നും ഉണ്ടായിരുന്നില്ല. രാജ്ഭവനില്‍ തന്നെ ഞാന്‍ പതാക ഉയര്‍ത്തണമെന്നായിരുന്നു അവരുടെ ആവശ്യം.

പൊതു പങ്കാളിത്തത്തോടെ റിപ്പബ്ലിക് ദിന പരിപാടി നടത്തണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസീജര്‍ (എസ്.ഒ.പി) മാനദണ്ഡങ്ങള്‍ തെലങ്കാന സര്‍ക്കാര്‍ പാലിച്ചില്ല,’ ഗവര്‍ണര്‍ എന്‍.ഐ.എയോട് പറഞ്ഞു.

പൊതു പങ്കാളിത്തത്തോടെ റിപബ്ലിക് ദിന പരിപാടി നടത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് എഴുതിയ കത്തിന് മറുപടി ലഭിച്ചില്ലെന്നും ഗവര്‍ണര്‍ തമിഴ്‌സൈ സൗന്ദരരാജന്‍ ആരോപിച്ചു.

‘തെലങ്കാന മുഖ്യമന്ത്രി പരിപാടിയില്‍ പങ്കെടുക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. കാരണം ഈ വര്‍ഷം പൊതു പങ്കാളിത്തത്തോടെ പരിപാടി ഗംഭീരമായി നടത്തണമെന്ന് രണ്ട് മാസം മുമ്പ് ഞാന്‍ കത്തെഴുതിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ കത്തിനോട് പ്രതികരിച്ചില്ല.

രണ്ട് ദിവസം മുമ്പ് റിപബ്ലിക് പരിപാടി രാജ്ഭവനില്‍ മാത്രമേ നടത്താവൂ എന്ന് പറഞ്ഞുകൊണ്ട് ഒരു കത്ത് തിരിച്ചയച്ചിരുന്നു. ആ കത്തില്‍ മുഖ്യമന്ത്രി പരിപാടിയില്‍ പങ്കെടുക്കുമെന്ന് പറഞ്ഞിട്ടില്ല.

ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ട്. തെലങ്കാനയുടെ ചരിത്രത്തില്‍ ഭരണഘടനയെ ബഹുമാനിക്കാത്ത നടപടിയെന്ന് ഇതിനെ രേഖപ്പെടുത്തും,’ ഗവര്‍ണര്‍ പറഞ്ഞു.

റിപ്പബ്ലിക് ദിനാഘോഷങ്ങളും പരേഡും സംഘടിപ്പിക്കണമെന്ന ഹൈക്കോടതി ഉത്തരവ് തെലങ്കാന സര്‍ക്കാര്‍ നടപ്പിലാക്കിയില്ല. ഹൈദരാബാദിലെ പരേഡ് ഗ്രൗണ്ടില്‍ റിപ്പബ്ലിക് ദിന പരേഡും തെലങ്കാന സര്‍ക്കാര്‍ സംഘടിപ്പിച്ചില്ല.

രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ചടങ്ങില്‍ ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്‍ ദേശീയ പതാക ഉയര്‍ത്തുകയായിരുന്നു. ചീഫ് സെക്രട്ടറിയും ഡി.ജി.പിയുമാണ് സര്‍ക്കാരിനെ പ്രതിനിധീകരിച്ച് പരിപാടിയില്‍ പങ്കെടുത്തത്.

സംസ്ഥാനത്ത് രണ്ട് റിപ്പബ്ലിക് ദിനാഘോഷങ്ങളായിരുന്നു കഴിഞ്ഞ വര്‍ഷം നടന്നത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ പ്രഗതി ഭവനില്‍ സംസ്ഥാന സര്‍ക്കാരിന്റെ പതാക ഉയര്‍ത്തല്‍ ചടങ്ങ് നടത്തിയപ്പോള്‍ ഗവര്‍ണര്‍ പങ്കെടുക്കാതെ വേറെ പതാക ഉയര്‍ത്തുകയായിരുന്നു.

ബി.ജെ.പി മുന്‍ ദേശീയ സെക്രട്ടറിയും തമിഴ്നാട് യൂണിറ്റ് പ്രസിഡന്റ് കൂടിയാണ് തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്‍.

Content Highlight: Telangana Governor Criticizing KCR and Telangana  Government Over Republic Day Controversy