കെ.സി.ആറിനെ ആശുപത്രിയിൽ സന്ദർശിച്ച് നിയുക്ത തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി
national news
കെ.സി.ആറിനെ ആശുപത്രിയിൽ സന്ദർശിച്ച് നിയുക്ത തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 10th December 2023, 4:51 pm

ഹൈദരാബാദ്: ആശുപത്രിയിൽ കഴിയുന്ന തെലങ്കാന മുൻ മുഖ്യമന്ത്രിയും ബി.ആർ.എസ് അധ്യക്ഷനുമായ കെ. ചന്ദ്രശേഖർ റാവുവിനെ സന്ദർശിച്ച് നിയുക്ത തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്‌ഡി.

മാസ്ക് ധരിച്ച രേവന്ത് റെഡ്‌ഡി ആശുപത്രി കിടക്കയിലുള്ള റാവുവിനോട് സംസാരിക്കുന്ന വീഡിയോ വാർത്താ ഏജൻസിയായ എ.എൻ.ഐയാണ് പുറത്തുവിട്ടത്. തെലങ്കാന മുഖ്യമന്ത്രിക്ക് സമീപം ഡോക്ടറെയും രണ്ട് അനുയായികളെയും വീഡിയോയിൽ കാണാം.

ഡിസംബർ ഏഴിന് എറവള്ളിയിലെ ഫാംഹൗസിൽ കുളിമുറിയിൽ നിന്ന് വീണ് പരിക്കേറ്റ ചന്ദ്രശേഖർ റാവുവിനെ ഹൈദരാബാദിലെ യശോദ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ കെ.സി.ആറിന് ഇടുപ്പ് മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയിരുന്നു.

രേവന്ത് റെഡ്‌ഡിയുടെ നിർദേശത്തെ തുടർന്ന് തെലങ്കാന ആരോഗ്യ വകുപ്പ് സെക്രട്ടറി ആശുപത്രിയിലെത്തി മുൻ മുഖ്യമന്ത്രിയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് അന്വേഷിച്ചിരുന്നു. കെ.സി.ആറിന്റെ ചികിത്സക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്നും രേവന്ത് റെഡ്ഡി മാധ്യമങ്ങളോട് പറഞ്ഞു.

Content Highlight: Telangana Chief Minister Revanth Reddy Visits KCR In Hospital, Assures All Help