ബി.ജെ.പി ഭരണത്തില്‍ ബീഹാറിയായിരിക്കുക എന്നത് രാജ്യദ്രോഹമായി മാറിയിരിക്കുന്നു; ദല്‍ഹിയില്‍ യുവാവിനെ വെടിവെച്ചുകൊന്നതില്‍ തേജസ്വി
national news
ബി.ജെ.പി ഭരണത്തില്‍ ബീഹാറിയായിരിക്കുക എന്നത് രാജ്യദ്രോഹമായി മാറിയിരിക്കുന്നു; ദല്‍ഹിയില്‍ യുവാവിനെ വെടിവെച്ചുകൊന്നതില്‍ തേജസ്വി
ആദര്‍ശ് എം.കെ.
Tuesday, 28th April 2026, 10:36 pm

 

പാട്‌ന: ദല്‍ഹിയില്‍ ബീഹാറി യുവാവ് പൊലീസിന്റെ വെടിയേറ്റ് മരിച്ചതില്‍ പ്രതികരിച്ച് ബിഹാര്‍ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്. ബീഹാറിലെ ഖഗാരിയ സ്വദേശിയായ പാണ്ഡവ് കുമാര്‍ എന്ന യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ബി.ജെ.പി ഭരിക്കുമ്പോള്‍ ബിഹാറി ആയിരിക്കുക എന്ന രാജ്യദ്രോഹമായി മാറിയിരിക്കുന്നു എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

‘ബി.ജെ.പി ഭരണത്തില്‍ ബീഹാറി ആയിരിക്കുക എന്നത് ഏറ്റവും വലിയ കുറ്റവും രാജ്യദ്രോഹവുമായി മാറിയിരിക്കുന്നു. വെറുമൊരു ബീഹാറി ആയതുകൊണ്ട് മാത്രമാണ് ഖഗാരിയയില്‍ നിന്നുള്ള പാണ്ഡവ് കുമാര്‍ വെടിയേറ്റ് മരിച്ചത്. ബീഹാറി ആയി എന്ന കുറ്റത്തിന് അദ്ദേഹത്തിന്റെ സുഹൃത്ത് കൃഷ്ണ മരണത്തോട് മല്ലിടുകയാണ്,’ തേജസ്വി യാദവ് പറഞ്ഞു.

ദല്‍ഹിയിലും ബീഹാറിലും കേന്ദ്രത്തിലും അധികാരം ബി.ജെ.പിക്കാണെന്ന് ഓര്‍മിപ്പിച്ച അദ്ദേഹം, ഒരു പാവപ്പെട്ട ബീഹാറിയെ കൊലപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥനെ ശിക്ഷിക്കാന്‍ ബി.ജെ.പി നേതാക്കള്‍ക്ക് ധൈര്യമുണ്ടോ എന്നും ചോദിച്ചു.

ബീഹാറികള്‍ക്ക് ബി.ജെ.പി ഒരു ശാപമായി മാറിയിരിക്കുകയാണെന്നും തേജസ്വി യാദവ് കൂട്ടിച്ചേര്‍ത്തു.

വിഷയത്തില്‍ കേന്ദ്രമന്ത്രിയും എല്‍.ജെ.പി-ആര്‍.വി നേതാവും കേന്ദ്രമന്ത്രിയുമായ ചിരാഗ് പസ്വാനും പ്രതികരിച്ചു.

‘ബീഹാര്‍ നിവാസിയായതിന്റെ പേരില്‍ മാത്രം ഒരാള്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്ന ഇത്തരം സംഭവങ്ങള്‍ ഒരു സാഹചര്യത്തിലും വെച്ചുപൊറുപ്പിക്കില്ല,’ എന്നായിരുന്നു ചിരാഗ് പസ്വാന്റെ പ്രതികരണം.


തന്റെ പാര്‍ട്ടി ‘ബീഹാര്‍ ഫസ്റ്റ്, ബീഹാറി ഫസ്റ്റ്’ എന്ന മുദ്രാവാക്യത്തില്‍ വിശ്വസിക്കുന്നുവെന്നും സംസ്ഥാനത്തെ ജനങ്ങളുടെ ക്ഷേമത്തില്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ ദല്‍ഹി പൊലീസ് കമ്മീഷണറുമായി സംസാരിച്ചതായും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി വിഷയം ചര്‍ച്ച ചെയ്യുമെന്നും പസ്വാന്‍ പറഞ്ഞു.

സംസ്ഥാനത്ത് നേരത്തെയുണ്ടായിരുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ ദുര്‍ഭരണമാണ് ബിഹാറിനെ ജംഗിള്‍ രാജിലേക്ക് തള്ളിയിട്ടതെന്നും അത് ജനങ്ങളെ മറ്റു സ്ഥലങ്ങളിലേക്ക് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാക്കിയെന്നും ആര്‍.ജെ.ഡിയെ ലക്ഷ്യം വെച്ചുകൊണ്ട് അദ്ദേഹം കുറ്റപ്പെടുത്തി.

കുടിയേറ്റ തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനും അവരുടെ ക്ഷേമത്തിനുമായി ഒരു പ്രത്യേക മന്ത്രാലയം സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു.

ഫുഡ് ഡെലിവെറി ഏജന്റായിരുന്നു പാണ്ഡവ് കുമാറും സുഹൃത്ത് കൃഷ്ണയും. ഒരു ജന്മദിനാഘോഷത്തിനിടെ ദല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്ലിലെ ഹെഡ് കോണ്‍സ്റ്റബിളായ നീരജ് എന്നയാളുമായി വാക്കുതര്‍ക്കമുണ്ടായി. ഇതിനിടെ പാണ്ഡവ് കുമാറിനെ പോയിന്റ് ബ്ലാങ്ക് റേഞ്ചില്‍ വെടിവെക്കുകയായിരുന്നുവെന്ന് പോലീസ് പ്രസ്താവനയില്‍ പറഞ്ഞു.

പാണ്ഡവ് കുമാര്‍ കൊല്ലപ്പെടുകയും സുഹൃത്ത് കൃഷ്ണ പരിക്കേറ്റ് ചികിത്സയിലുമാണ്.

 

Content Highlight: Tejashwi Yadav reacted to the death of a Bihari youth in police firing in Delhi.

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.