മോദി സര്‍ക്കാരും നീതീഷ് കുമാറും ചേര്‍ന്ന് ലാലുവിനെതിരെ ഗൂഢാലോചന നടത്തുന്നു;തേജസ്വി യാദവ്
Fodder Scam
മോദി സര്‍ക്കാരും നീതീഷ് കുമാറും ചേര്‍ന്ന് ലാലുവിനെതിരെ ഗൂഢാലോചന നടത്തുന്നു;തേജസ്വി യാദവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 6th January 2018, 6:45 pm

പാട്ന: കാലിത്തീറ്റ കുംഭകോണക്കേസില്‍ ലാലു പ്രസാദ് യാദവിന് പ്രത്യേക സി.ബി.ഐ കോടതി മൂന്നര വര്‍ഷം തടവുശിക്ഷ വിധിച്ചതിന് പിന്നാലെ നരേന്ദ്രമോദി സര്‍ക്കാരിനും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനുമെതിരെ ആരോപണവുമായി ലാലുവിന്റെ മകന്‍ തേജസ്വി യാദവ്.

കേന്ദ്രം ഭരിക്കുന്ന മോദി സര്‍ക്കാരും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ചേര്‍ന്ന് തന്റെ കുടുംബത്തിനെതിരെ ഗൂഢാലോചന നടത്തുകയാണെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

പ്രത്യേക സി.ബി.ഐ കോടതിയുടെ ശിക്ഷാ വിധി വിശദമായി പഠിച്ചശേഷം ലാലുവിനെതിരായ കേസില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും ബിഹാറിലെ പ്രതിപക്ഷ നേതാവു കൂടിയായ തേജസ്വി യാദവ് പറഞ്ഞു. ആര്‍.ജെ.ഡി യുവിന്റെ മുതിര്‍ന്ന നേതാക്കളുടെയും എം.പിമാരുടെയും എം.എല്‍.എമാരുടെയും യോഗത്തിനു ശേഷമാണ് തേജസ്വി യാദവ് മാധ്യമങ്ങളെക്കണ്ടത്.

ലാലുവിനെതിരായ നീക്കത്തെ ജനങ്ങളുടെ കോടതിയില്‍ നേരിടും. സാധാരണക്കാരുടെ മിശിഹയാണ് ലാലുവെന്നും രാഷ്ട്രീയ ശത്രുക്കളാണ് അദ്ദേഹത്തെ കേസില്‍ കുടുക്കിയതെന്ന് ജനങ്ങള്‍ക്കറിയാമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ഒറ്റക്കെട്ടാണെന്നും അടുത്ത തെരഞ്ഞെടുപ്പില്‍ ബി.ജെ.പി – ജെ.ഡി.യു സഖ്യത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്നും തേജസ്വി യാദവ് പറഞ്ഞു.

കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസിലാണ് റാഞ്ചിയിലെ പ്രത്യേക കോടതി ലാലുവടക്കം 15 പ്രതികള്‍ക്ക് ഇന്ന് ശിക്ഷ വിധിച്ചത്.