ഗായകന്‍, നടന്‍ എന്നീ മേഖലകളില്‍ ശ്രദ്ധേയനായ ആളാണ് ടീജേ അരുണാചലം. ധനുഷ് നായകനായ അസുരന്‍ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെയാണ് ടീജേ ശ്രദ്ധിക്കപ്പെട്ടത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ താരം ചെയ്തു. പൃഥ്വിരാജ് നായകനായ വിലായത് ബുദ്ധയിലൂടെ മലയാളത്തിലും ടീജേ അരുണാചലം തന്റെ സാന്നിധ്യമറിയിച്ചു.
വിജയ് നായകനായെത്തുന്ന ജന നായകനിലും താന്‍ ഭാഗമാണെന്ന് പറയുകയാണ് ടീജേ അരുണാചലം. 20 ദിവസത്തിന് മുകളില്‍ തനിക്ക് ആ സിനിമയില്‍ ഷൂട്ടുണ്ടായിരുന്നെന്നും ആ അനുഭവങ്ങളൊന്നും മറക്കാനാകാത്തതാണെന്നും താരം കൂട്ടിച്ചേര്‍ത്തു. വിജയ്‌യുടെ സിനിമയാണെന്ന് കേട്ടതും താന്‍ ഓക്കെ പറഞ്ഞെന്നും അദ്ദേഹം പറയുന്നു.
‘ജന നായകനില്‍ മമിത ബൈജുവിന്റെ പെയറായിട്ടാണ് ഞാന്‍ അഭിനയിക്കുന്നത്. വളരെ നല്ലൊരു ആര്‍ട്ടിസ്റ്റാണ് മമിത. ആ സിനിമയില്‍ എനിക്ക് കൂടുതല്‍ കോമ്പിനേഷന്‍ ഉള്ളത് മമിതയുടെ കൂടെയാണ്. എനിക്കും അവര്‍ക്കും ഒരേ തരത്തിലുള്ള പ്രഷറായിരുന്നു ഉണ്ടായിരുന്നത്. ഷോട്ടെല്ലാം എടുത്ത ശേഷം ആരോടും സംസാരിക്കാതെ വെറുതേ ഇരിക്കാറാണ് പതിവ്.
എന്റെ അവസ്ഥയും അതുപോലെ തന്നെയായിരുന്നു. ഇരിക്കണോ വേണ്ടയോ, ഇവിടെ നില്‍ക്കണോ, കാരവനില്‍ പോണോ എന്നിങ്ങനെ ഒരുപാട് ചിന്തിച്ച് സമയം കളയും. ഒരുദിവസം ഞാന്‍ ഒരു തൂണും ചാരി നില്‍ക്കുകയായിരുന്നു. അതേ തൂണിന്റെ അപ്പുറത്ത് വിജയ് സാറും നില്‍ക്കുകയായിരുന്നു. കുറച്ച് കഴിഞ്ഞാണ് ഞാന്‍ അദ്ദേഹത്തെ ശ്രദ്ധിച്ചത്. അദ്ദേഹം നില്‍ക്കുന്നത് കണ്ടപ്പോള്‍ പ്രൊഡക്ഷന്‍ ടീം ഇരിക്കാനുള്ള സൗകര്യമൊരുക്കിക്കൊടുത്തു,’ ടീജേ അരുണാചലം പറഞ്ഞു.
താന്‍ നില്‍ക്കുന്നത് കണ്ട് അടുത്തേക്ക് വിളിച്ചെന്നും ഇരിക്കാന്‍ ആവശ്യപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അങ്ങനെ കുറച്ച് നേരം വിജയ്‌യുടെ അടുത്ത് ഇരിക്കാന്‍ അവസരം ലഭിക്കുമെന്ന് താന്‍ കരുതിയില്ലായിരുന്നെന്നും ടീജേ പറഞ്ഞു. 20 മിനിറ്റോളം വിജയ് തന്നോട് സംസാരിച്ചെന്നും എന്ത് പറയണമെന്ന് അറിയാതെ താന്‍ നിന്നെന്നും ടീജേ അരുണാചലം പറയുന്നു.
‘അടുത്ത് ചെന്ന് ഇരുന്നപ്പോള്‍ വിജയ് സാറിന് ആദ്യം എന്നെ മനസിലായില്ല. അസുരനില്‍ ഞാന്‍ വേറെ ഗെറ്റപ്പിലായിരുന്നല്ലോ. ഈ സിനിമയില്‍ മറ്റൊരു ഗെറ്റപ്പായിരുന്നു. എന്നാല്‍ അസുരനില്‍ ഞാനാണെന്ന് അറിഞ്ഞപ്പോള്‍ അദ്ദേഹം സര്‍പ്രൈസായി. പിന്നീട് കുറേ നേരം അസുരന്‍ സിനിമയെക്കുറിച്ച് സംസാരിച്ചു. ഇപ്പോള്‍ നല്ല കമ്പനിയാണ് വിജയ് സാര്‍,’ ടീജേ അരുണാചലം പറഞ്ഞു.
Content Highlight: Teejay Arunasalam about Mamitha Baiju and Jana Nayagan movie