ബി.സി.സി.ഐയ്ക്ക് നേരെയും ഹലാല്‍ ഭക്ഷണ വിവാദമുയര്‍ത്തി സംഘപരിവാര്‍
Halal Food
ബി.സി.സി.ഐയ്ക്ക് നേരെയും ഹലാല്‍ ഭക്ഷണ വിവാദമുയര്‍ത്തി സംഘപരിവാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 23rd November 2021, 7:34 pm

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് നേരെയും ഹലാല്‍ ഭക്ഷണ വിവാദമുയര്‍ത്തി സംഘപരിവാര്‍. കാണ്‍പൂരില്‍ നടക്കുന്ന ന്യൂസീലന്റിനെതിരായ ഒന്നാം ടെസ്റ്റിനുള്ള ഭക്ഷണ മെനുവില്‍ ബി.സി.സി.ഐ താരങ്ങള്‍ക്ക് ഹലാല്‍ വിഭവം ഏര്‍പ്പെടുത്തിയെന്ന് പറഞ്ഞാണ് വിവാദം.

അനൗദ്യോഗിക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ദേശീയ മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പ്രചരണം നടക്കുന്നത്.

ടീമംഗങ്ങളോട് ബീഫും പോര്‍ക്കും കഴിക്കരുതെന്ന് ബി.സി.സി.ഐ നിര്‍ദേശിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിന് പിന്നാലെയാണ് ബി.സി.സി.ഐ ഹലാല്‍ ഭക്ഷണം പ്രോത്സാഹിപ്പിക്കുന്നു എന്ന ഹാഷ്ടാഗില്‍ (#BCCIPromotesHalal) സംഘപരിവാര്‍ അനുകൂലികള്‍ പ്രചരണം തുടങ്ങിയത്.

ഇന്ത്യന്‍ ടീമിലെ ഭൂരിഭാഗം പേരും ഹിന്ദുക്കളാണെന്നും എന്തിനാണ് എല്ലാവര്‍ക്കും മേല്‍ ഹലാല്‍ അടിച്ചേല്‍പിക്കുന്നതെന്നുമാണ് ചണ്ഡീഗഢിലെ ബി.ജെ.പി വക്താവും അഭിഭാഷകനുമായ ഗൗരവ് ഗോയല്‍ ചോദിക്കുന്നത്.

ആരോഗ്യവും ഹലാലും തമ്മില്‍ എന്തു ബന്ധമാണുള്ളതെന്നാണ് ഹിന്ദു ജനജാഗ്രതി സമിതി ഔദ്യോഗിക ട്വിറ്ററില്‍ ചോദിക്കുന്നത്.

അതേസമയം, വിവാദങ്ങളെക്കുറിച്ച് ബി.സി.സി.ഐ ഇതുവരെ പ്രതികരിച്ചിട്ടില്ല. താരങ്ങളുടെ പുതിയ ഭക്ഷണ മെനുവിനെക്കുറിച്ചും ഔദ്യോഗികമായ ഉത്തരവുകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.

നേരത്തെ ഹലാല്‍ ഭക്ഷണത്തിന്റെ പേരില്‍ വ്യാപകമായ മുതലെടുപ്പിന് കേരളത്തില്‍ ബി.ജെ.പിയും സംഘപരിവാറും ശ്രമിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight:  Team India Catering Requirements: “Only Halal Meat, No Beef And Pork, Sanghparivar Campaign