അന്തസ് ഹനിക്കാതെ മാത്രം അധ്യാപകര്‍ക്ക് കുട്ടികളുടെ ബാഗ് പരിശോധിക്കാം; ബാലാവകാശ കമ്മീഷന്‍
Kerala
അന്തസ് ഹനിക്കാതെ മാത്രം അധ്യാപകര്‍ക്ക് കുട്ടികളുടെ ബാഗ് പരിശോധിക്കാം; ബാലാവകാശ കമ്മീഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 15th August 2025, 9:52 am

വയനാട്: അധ്യാപകര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ബാഗ് പരിശോധിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ബാലാവകാശ കമ്മീഷന്‍. കുട്ടികളുടെ അന്തസ് ഹനിക്കുന്ന രീതിയില്‍ ബാഗ് പരിശോധിക്കാന്‍ പാടില്ലെന്നാണ് കമ്മീഷന്റെ നിര്‍ദേശം. കുട്ടികളുടെ അഭിമാനത്തിന് ക്ഷതമുണ്ടാകാത്ത രീതിയില്‍ ബാഗ് പരിശോധിക്കാമെന്ന് ബാലാവകാശ കമ്മീഷന്‍ അംഗം ബി. മോഹന്‍ കുമാര്‍ വ്യക്തമാക്കി.

മറ്റ് കുട്ടികളുടെ മുമ്പില്‍ വെച്ച് ബാഗിലെ സാധനങ്ങള്‍ എടുത്ത് പരിശോധിക്കുന്നത് അവര്‍ക്ക് അഭിനമാനക്ഷതമുണ്ടാക്കാന്‍ സാധ്യതയുള്ളതിനാലാണ് ഈ നടപടികള്‍ ഒഴിവാക്കാനുള്ള നിര്‍ദേശം നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന ബാലാവകാശ കമ്മീഷന്‍ വയനാട് ജില്ലയിലെ സ്‌കൂള്‍ അധ്യാപകര്‍ക്കായി സംഘടിപ്പിച്ച ഏകദിന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബി.മോഹന്‍ കുമാര്‍.

അധ്യാപകരും ബാലാവകാശ കമ്മീഷനും തമ്മില്‍ യാതൊരു വിധ പ്രശ്‌നങ്ങളുമില്ലെന്നും കുട്ടികള്‍ക്ക് വേണ്ടിയുള്ള ഇടപെടലുകള്‍ നടത്തുമ്പോള്‍ അത് അധ്യാപകര്‍ക്ക് വേണ്ടിയുള്ളതാണന്ന് തോന്നേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളുടെ ഉത്തരവാദിത്തം അധ്യാപകര്‍ക്ക് തന്നെയാണെന്നും വീടുകളിലുള്‍പ്പെടെ അവരുടെ വ്യക്തിത്വം അംഗീകരിച്ച് തീരുമാനങ്ങളില്‍ അവരെക്കൂടി പങ്കാളികളാക്കിയാല്‍ പല പ്രശ്‌നങ്ങളും ഇല്ലാതാകുമെന്നും ബി.മോഹന്‍ കുമാര്‍ വ്യക്തമാക്കി.

കുട്ടികളെ സംബന്ധിച്ച പോക്‌സോ ഉള്‍പ്പെടെയുള്ള നിമയമങ്ങള കുറിച്ച് അധ്യാപകര്‍ക്ക് ബോധവത്കരണം ആവശ്യമാണെന്ന് പരിപാടി അധ്യക്ഷത വഹിച്ച വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി.എ ശശീന്ദ്ര വ്യാസ് അഭിപ്രായപ്പെടുകയുണ്ടായി. ജില്ലയിലെ 87 സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ നിന്നുള്ള ഓരോ അധ്യാപകര്‍ വീതമാണ് ഏകദിന പരിശീലന പരിപാടിയില്‍ പങ്കെടുത്തത്.

Content Highlight: Teachers can check children’s bags without compromising their dignity: Child Rights Commission