'അല്‍പ വസത്രം ധരിച്ച് ആണ്‍-പെണ്‍ കൂടിക്കലര്‍ന്ന് തുള്ളുന്ന സംസ്‌കാരം' സ്‌കൂളിലെ സൂംബ ഡാന്‍സിനെതിരെ അധ്യാപകനായ വിസ്ഡം മുജാഹിദ് നേതാവ്
Kerala News
'അല്‍പ വസത്രം ധരിച്ച് ആണ്‍-പെണ്‍ കൂടിക്കലര്‍ന്ന് തുള്ളുന്ന സംസ്‌കാരം' സ്‌കൂളിലെ സൂംബ ഡാന്‍സിനെതിരെ അധ്യാപകനായ വിസ്ഡം മുജാഹിദ് നേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 26th June 2025, 11:16 am

കോഴിക്കോട്: സ്‌കൂളുകളില്‍ ലഹരി വരുദ്ധ ക്യാംപയിന്‍ന്റെ ഭാഗമായി നടപ്പിലാക്കുന്ന സൂംബ ഡാന്‍സ് പദ്ധതിയില്‍ നിന്ന് അധ്യാപകനെന്ന നിലയില്‍ താന്‍ വിട്ടുനില്‍ക്കുകയാണെന്ന് വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ടി.കെ. അഷ്‌റഫ്. തന്റെ മകനും ഈ പരിപാടിയില്‍ പങ്കെടുക്കില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ഇതിന്റെ പേരിലുണ്ടാകുന്ന ഏത് നടപടിയും നേരിടാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

മക്കളെ പൊതു വിദ്യാലയത്തില്‍ അയക്കുന്നത് ഗുണമേന്‍മയുള്ള വിദ്യാഭ്യാസത്തിന് വേണ്ടിയാണെന്നും ആണ്‍-പെണ്‍ കൂടിക്കലര്‍ന്ന് അല്പവസ്ത്രം ധരിച്ച് മ്യൂസിക്കിന്റെ താളത്തില്‍ തുള്ളുന്ന സംസ്‌കാരം പഠിക്കാനല്ലെന്നും ടി.കെ. അഷ്‌റഫിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഇത്തരം പരിപാടികള്‍ പുരോഗമനമായി കാണുന്നവരുണ്ടാകാമെന്നും എന്നാല്‍ ഇക്കാര്യത്തില്‍ താന്‍ പ്രാകൃതനാണെന്നും ടി.കെ. അഷ്‌റഫ് പറയുന്നു. ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സ്‌കൂളുകളില്‍ ലഘുവ്യായാമവും സൂംബ ഡാന്‍സും സംഘടിപ്പിക്കണമെന്ന വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവിന്റെ പകര്‍പ്പ് സഹിതമാണ് ടി.കെ. അഷ്‌റഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

സ്‌കൂളുകളില്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ ഭാഗമായ സൂംബ ഡാന്‍സ് പദ്ധതിക്കെതിരെ നേരത്തെയും ടി.കെ. അഷ്‌റഫ് രംഗത്തെത്തിയിരുന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇടകലര്‍ന്ന് നൃത്തം ചെയ്യുന്നത് അംഗീകരിക്കാനാകില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. മാത്രവുമല്ല ലഹരി ഉപയോഗത്തിന്റെ വേരുകള്‍ കണ്ടെത്തി നശിപ്പിക്കുകയാണ് വേണ്ടതെന്നും അല്ലാത്ത നടപടികള്‍ക്ക് ലഹരി ഉപയോഗം അവസാനിപ്പിക്കാനാകില്ലെന്നും അദ്ദേഹം നേരത്തെ നിലപാടെടുത്തിരുന്നു.

ലോകത്ത് സൂംബ ഡാന്‍സ് വ്യാപകമായതിന് ശേഷമണ് രാസലഹരി ഉപയോഗം വ്യാപകമായതെന്നും അദ്ദേഹം പറഞ്ഞു. ലോകത്തെവിടെയും ലഹരിക്കെതിരെ ഡാന്‍സ് പ്രമോട്ട് ചെയ്തിട്ടില്ലെന്നും ടി.കെ. അഷ്‌റഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. സ്‌കൂളുകളിലെ അച്ചടക്കാന്തരീക്ഷം തകര്‍ക്കാനും ഈ പദ്ധതി കാരണമാകും. ഇതിലൂടെ കൗമാരക്കാരുടെ സമ്മര്‍ദം കുറയുകയല്ല, വര്‍ദ്ധിക്കുകയാണ് ചെയ്യുക എന്നാണ് ടി.കെ. അഷ്‌റഫിന്റെ നിരീക്ഷണം.

ഡാന്‍സ് ചെയ്യാന്‍ താത്പര്യപ്പെടുന്ന ന്യൂജനറേഷന്‍ അധ്യാപകരാണ് സര്‍ക്കാറിന്റെ ഈ നിര്‍ദേശം സ്വീകരിക്കുക എന്നും തന്റെ മേനിയഴകും കായികാഭ്യാസവും പൊതു ഇടത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ താത്പര്യപ്പെടാത്ത അധ്യാപകരും കുട്ടികളും ഇതിന്റെ പേരില്‍ സമ്മര്‍ദം അനുഭവിക്കുമെന്നും ടി.കെ. അഷ്‌റഫ് പറയുന്നു.

content highlights; Wisdom Mujahid leader against Zumba dance in school