ബി.ജെ.പിയെ തള്ളി ആന്ധ്രാപ്രദേശില്‍ മുസ്‌ലിം സംവരണം തുടരുമെന്ന് ടി.ഡി.പി നേതാവ്
national news
ബി.ജെ.പിയെ തള്ളി ആന്ധ്രാപ്രദേശില്‍ മുസ്‌ലിം സംവരണം തുടരുമെന്ന് ടി.ഡി.പി നേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 7th June 2024, 5:42 pm

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ മുസ്‌ലിം സംവരണം തുടരുമെന്ന് തെലുങ്ക് ദേശം പാര്‍ട്ടി (ടി.ഡി.പി) നേതാവ് കെ. രവീന്ദ്രകുമാര്‍. അധികാരത്തിലേറിയാല്‍ മുസ്‌ലിങ്ങള്‍ക്ക് മതങ്ങളുടെ അടിസ്ഥാനത്തില്‍ സംവരണം നല്‍കില്ലെന്ന് നരേന്ദ്ര മോദിയും ബി.ജെ.പിയും പ്രഖ്യാപിച്ചിരിക്കെയാണ് സഖ്യകക്ഷിയായ ടി.ഡി.പിയുടെ തീരുമാനം.

മുസ്‌ലിങ്ങള്‍ക്ക് സംസ്ഥാനത്ത് സംവരണം തുടരുമെന്നും അതില്‍ ഒരു പ്രശ്‌നമില്ലെന്നുമാണ് കെ. രവീന്ദ്രകുമാര്‍ പറഞ്ഞത്. ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാനിരിക്കെയാണ് രവീന്ദ്രകുമാറിന്റെ പരാമര്‍ശം.

എന്നാല്‍ എന്‍.ഡി.എ യോഗത്തില്‍ ഇക്കാര്യങ്ങള്‍ സംസാരിക്കുമോ എന്ന ചോദ്യത്തിന്, തങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിക്കാനുള്ള വേദിയല്ല അതെന്നായിരുന്നു രവീന്ദ്രകുമാറിന്റെ മറുപടി.

സംസ്ഥാനത്ത് മുസ്‌ലിം സംവരണം നിലനിര്‍ത്തുമെന്ന് ചന്ദ്രബാബു നായിഡു നേരത്തെ പറഞ്ഞിരുന്നു. ആന്ധ്രായില്‍ മുസ്‌ലിങ്ങള്‍ക്ക് നാല് ശതമാനം സംവരണ തുടരുമെന്നും സംവരണത്തിനായി ടി.ഡി.പി ശക്തമായി പോരാടിയതാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം നടപ്പിലാക്കുക എന്നത് തങ്ങളുടെ കടമയാണെന്ന് ബി.ജെ.പിയെ തള്ളിക്കൊണ്ട് ചന്ദ്രബാബു നായിഡു പറഞ്ഞിരുന്നു. ജഗന്‍മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ നിഷ്‌കരുണം പരാജയപ്പെടുത്തിയാണ് ടി.ഡി.പി സംസ്ഥാനത്ത് അധികാരം പിടിച്ചെടുത്തത്. തെരഞ്ഞെടുപ്പിന് മുമ്പ് നിരവധി വാഗ്ദാനങ്ങളാണ് ടി.ഡി.പി പ്രഖ്യാപിച്ചിരുന്നത്.

ഹജ്ജിന് പോവുന്ന മുസ്‌ലിങ്ങള്‍ക്ക് ഒരു ലക്ഷം രൂപ സാമ്പത്തിക സഹായം നല്‍കും, ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്‍ വഴി പലിശ രഹിത വായ്പ പദ്ധതി നടപ്പിലാക്കും, ന്യൂനപക്ഷ സമുദായത്തില്‍ നിന്നുള്ള 50 വയസിന് മുകളിലുള്ളവര്‍ക്ക് പെന്‍ഷന്‍ നല്‍കും, മസ്ജിദുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി 5000 രൂപ ധനസഹായം തുടങ്ങിയവയായിരുന്നു ടി.ഡി.പിയുടെ വാഗ്ദാനങ്ങള്‍.

175ല്‍ സീറ്റില്‍ 135 സീറ്റുകളാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ടി.ഡി.പി നേടിയത്. സഖ്യകക്ഷിയായ ജനസേന 21ഉം, ബി.ജെ.പി എട്ടും, വൈ.എസ്.ആര്‍ കോണ്‍ഗ്രസ് 11 സീറ്റിലേക്കുമായി ഒതുങ്ങി. അതേസമയം പൊതുതെരഞ്ഞെടുപ്പില്‍ ടി.ഡി.പി 16 സീറ്റുകള്‍ നേടിയപ്പോള്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നാലിലേക്ക് ഒതുങ്ങുകയും ചെയ്തു.

Content Highlight: TDP leader rejects BJP and will continue Muslim reservation in Andhra Pradesh