രണ്ടാം സ്ഥാനത്ത് രണ്ട് തവണ മന്ഥാന; ഇവളുടെ സെഞ്ച്വറിയില്‍ വീണത് 2024ഉം 2025ഉം
ICC Women's World Cup
രണ്ടാം സ്ഥാനത്ത് രണ്ട് തവണ മന്ഥാന; ഇവളുടെ സെഞ്ച്വറിയില്‍ വീണത് 2024ഉം 2025ഉം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 6th October 2025, 11:03 pm

2025 ഐ.സി.സി വനിതാ ഏകദിന ലോകകപ്പില്‍ സൗത്ത് ആഫ്രിക്കയ്ക്ക് ആദ്യ ജയം. ഇന്‍ഡോറിലെ ഹോല്‍കര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ന്യൂസിലാന്‍ഡിനെതിരെ ആറ് വിക്കറ്റിന്റെ വിജയമാണ് സൗത്ത് ആഫ്രിക്ക സ്വന്തമാക്കിയത്.

വൈറ്റ് ഫേണ്‍സ് ഉയര്‍ത്തിയ 232 റണ്‍സിന്റെ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പ്രോട്ടിയാസ് 55 പന്ത് ശേഷിക്കെ വിജയം പിടിച്ചെടുത്തു.

നോന്‍കുലുലേകോ എംലാബയുടെ നാല് വിക്കറ്റിന്റെയും ടാസ്മിന്‍ ബ്രിറ്റ്‌സിന്റെ സെഞ്ച്വറിയുടെയും കരുത്തിലാണ് പ്രോട്ടിയാസ് വനിതകള്‍ വിജയം സ്വന്തമാക്കിയത്.

15 ഫോറും ഒരു സിക്‌സറും അടക്കം 89 പന്തില്‍ 101 റണ്‍സാണ്. ഏകദിനത്തില്‍ താരത്തിന്റെ ഏഴാം സെഞ്ച്വറിയാണിത്.

ബ്രിറ്റ്‌സ് ആകെ നേടിയ ഏഴില്‍ അഞ്ച് സെഞ്ച്വറിയും 2025ലാണ് പിറവിയെടുത്തത്. ഏപ്രിലില്‍ ഇന്ത്യയ്‌ക്കെതിരെയാണ് താരത്തിന്റെ ഈ വര്‍ഷത്തെ ആദ്യ സെഞ്ച്വറി പിറന്നത്. കൊളംബോയില്‍ നടന്ന മത്സരത്തില്‍ 109 റണ്‍സാണ് ബ്രിറ്റ്‌സ് നേടിയത്. ജൂണില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 101 റണ്‍സും താരം അടിച്ചെടുത്തു.

സെപ്റ്റംബറില്‍ പാകിസ്ഥാനെതിരെ രണ്ട് തവണയും താരം സെഞ്ച്വറി നേടി. ലാഹോറില്‍ നടന്ന മത്സരത്തില്‍ 101*, 171* എന്നിങ്ങനെയായിരുന്നു താരത്തിന്റെ പ്രകടനം.

ഇപ്പോള്‍ ന്യൂസിലാന്‍ഡിനെതിരായ സെഞ്ച്വറിക്ക് പിന്നാലെ ഒരു നേട്ടവും താരം സ്വന്തമാക്കി. ഒരു കലണ്ടര്‍ ഇയറില്‍ ഏറ്റവുമധികം ഏകദിന സെഞ്ച്വറി നേടുന്ന വനിതാ താരമെന്ന നേട്ടമാണ് ബ്രിറ്റ്‌സ് തന്റെ പേരിന് നേരെ എഴുതിച്ചേര്‍ത്തത്. ഇന്ത്യന്‍ സൂപ്പര്‍ താരം സ്മൃതി മന്ഥാനയെ മറികടന്നുകൊണ്ടായിരുന്നു താരത്തിന്റെ നേട്ടം.

ഒരു കലണ്ടര്‍ ഇയറില്‍ ഏറ്റവുമധികം ഏകദിന സെഞ്ച്വറി നേടിയ വനിതാ താരങ്ങള്‍

(താരം – ടീം – വര്‍ഷം – സെഞ്ച്വറി എന്നീ ക്രമത്തില്‍)

ടാസ്മിന്‍ ബ്രിറ്റ്‌സ് – സൗത്ത് ആഫ്രിക്ക – 2025 – 5*

സ്മൃതി മന്ഥാന – ഇന്ത്യ – 2025 – 4

സ്മൃതി മന്ഥാന – ഇന്ത്യ – 2024 – 4

എന്നാല്‍ 2025ല്‍ ഇതിനോടകം നാല് സെഞ്ച്വറി നേടിയ മന്ഥാനയ്ക്ക് ഈ നേട്ടത്തില്‍ ഒന്നാമതെത്താനുള്ള അവസരവുമുണ്ട്.

 

ഇതിനൊപ്പം ലോകകപ്പുകളില്‍ സൗത്ത് ആഫ്രിക്കയ്ക്കായി സെഞ്ച്വറി നേടുന്ന വനിതാ താരങ്ങളുടെ ലിസ്റ്റിലും ബ്രിറ്റ്‌സ് ഇടം പിടിച്ചു.

വനിതാ ലോകകപ്പില്‍ സെഞ്ച്വറി നേടിയ സൗത്ത് ആഫ്രിക്കന്‍ താരങ്ങള്‍

(താരം – എതിരാളികള്‍ – റണ്‍സ് – വര്‍ഷം എന്നീ ക്രമത്തില്‍)

ലിന്‍ഡ ഒലിവര്‍ – അയര്‍ലന്‍ഡ് – 101* – 2000

മാരിസന്‍ കാപ്പ് – പാകിസ്ഥാന്‍ – 102* – 2013

ടാസ്മിന്‍ ബ്രിറ്റ്‌സ് – ന്യൂസിലാന്‍ഡ് – 101 – 2025*

അതേസമയം, ന്യൂസിലാന്‍ഡിനെതിരായ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ സൗത്ത് ആഫ്രിക്ക പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനോടായിരുന്നു ടീമിന്റെ തോല്‍വി. കളിച്ച രണ്ട് കളിയും തോറ്റ ന്യൂസിലാന്‍ഡ് നിലവില്‍ പാകിസ്ഥാന് മുകളില്‍ ഏഴാമതാണ്.

ഒക്ടോബര്‍ ഒമ്പതിനാണ് സൗത്ത് ആഫ്രിക്ക അടുത്ത മത്സരത്തിനിറങ്ങുന്നത്. വിസാഖില്‍ നടക്കുന്ന മത്സരത്തില്‍ ആതിഥേയരായ ഇന്ത്യയാണ് എതിരാളികള്‍. അടുത്ത ദിവസം ഗുവാഹത്തിയില്‍ ന്യൂസിലാന്‍ഡ് ബംഗ്ലാദേശിനെയും നേരിടും.

 

Content Highlight: Tazmin Brits surpassed Smriti Mandhana in most centuries in a calendar year in women’s ODIs