ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പുതിയ നയങ്ങള്‍ കാരണം സാധാരണക്കാര്‍ നികുതി ഭാരം അനുഭവിക്കുകയാണെന്നും കോര്‍പ്പറേറ്റുകള്‍ നികുതി ഇളവുകള്‍ ആസ്വദിക്കുകയാണെന്നും വിമര്‍ശിച്ച് സി.പി.ഐ.എം രാജ്യസഭാ എം.പി ഡോ. വി. ശിവദാസന്‍.
രാജ്യത്തെ കോര്‍പ്പറേറ്റ് നികുതി വ്യക്തിഗതമായ വരുമാന നികുതിയേക്കാള്‍ കുറവാണെന്ന് രാജ്യസഭയില്‍ കേന്ദ്ര ധനമന്ത്രാലയം നല്‍കിയ മറുപടിയില്‍ നിന്നും വ്യക്തമായതായി എം.പി വിശദീകരിച്ചു.
കേന്ദ്രസര്‍ക്കാര്‍ പിരിച്ച കോര്‍പ്പറേറ്റ് നികുതിയുടെയും വ്യക്തിഗത വരുമാന നികുതിയുടെയും അളവും വളര്‍ച്ചാനിരക്കും സംബന്ധിച്ച ചോദ്യത്തിന് കേന്ദ്ര ധനമന്ത്രാലയം നല്‍കിയ മറുപടിയില്‍ നിന്നും രാജ്യത്തെ നികുതി ഭാരം സാധാരണ ജനങ്ങളിലേക്ക് കൂടുതല്‍ മാറിക്കൊണ്ടിരിക്കുകയാണെന്നും വലിയ കോര്‍പ്പറേറ്റുകള്‍ക്ക് നികുതി ഇളവുകള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും വ്യക്തമാകുന്നതായി എം.പി പ്രതികരിച്ചു.
പേഴ്‌സണല്‍ ഇന്‍കം ടാക്‌സിന്റെ പേര് മാറ്റി ‘നോണ്‍ കോര്‍പ്പറേറ്റ് നികുതി’ എന്നാക്കിയെന്ന് കേന്ദ്രം പറയുന്നു. ഈ വിഭാഗത്തില്‍ പ്രധാനമായും ഉള്‍പ്പെടുന്നത് വ്യക്തികള്‍ നല്‍കുന്ന വ്യക്തിഗത വരുമാന നികുതിയാണെന്നും എം.പി ചൂണ്ടിക്കാണിച്ചു.
വ്യക്തികള്‍ നല്‍കുന്ന വരുമാന നികുതി കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വന്‍ തോതില്‍ വര്‍ധിച്ചിട്ടുമുണ്ട്.
2020-21 സാമ്പത്തിക വര്‍ഷത്തില്‍ വ്യക്തിഗത വരുമാന നികുതി ശേഖരണം 4,87,560 കോടിയായിരുന്നപ്പോള്‍ കോര്‍പ്പറേറ്റ് നികുതി ശേഖരണം 4,57,719 കോടിയായിരുന്നു.
2021-22 വര്‍ഷത്തില്‍ വ്യക്തിഗത വരുമാന നികുതി 6,96,604 കോടിയായി ഉയര്‍ന്നെങ്കിലും കോര്‍പ്പറേറ്റ് നികുതി 7,12,037 കോടിയായിരുന്നു.
എന്നാവല്‍, 2022-23ല്‍ വ്യക്തിഗത വരുമാന നികുതി 8,33,307 കോടിയായി വര്‍ധിച്ചപ്പോള്‍, കോര്‍പ്പറേറ്റ് നികുതി 8,25,834 കോടി മാത്രമായി ചുരുങ്ങി.
പിന്നീടുള്ള വര്‍ഷങ്ങളില്‍ ഈ അന്തരം വളരെയേറെ വര്‍ധിച്ചെന്നും 2023-24 സാമ്പത്തിക വര്‍ഷത്തില്‍ വ്യക്തിഗത വരുമാന നികുതി ശേഖരണം 10,44,726 കോടിയായപ്പോള്‍ കോര്‍പ്പറേറ്റ് നികുതി 9,11,055 കോടി മാത്രമായിരുന്നുവെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.
കഴിഞ്ഞ വര്‍ഷം അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ (2024-25) വ്യക്തിഗത വരുമാന നികുതി 12,35,161 കോടിയായി ഉയര്‍ന്നപ്പോള്‍ കോര്‍പ്പറേറ്റ് നികുതി വെറും 9,86,767 കോടിയായി ഒതുങ്ങി.
വ്യക്തിഗത വരുമാന നികുതിയുടെ വളര്‍ച്ചാനിരക്ക് തുടര്‍ച്ചയായി ഉയര്‍ന്ന നിലയില്‍ തന്നെയാണ്. 2021-22ല്‍ ഇത് 42.88 ശതമാനവും 2022-23ല്‍ 19.62 ശതമാനവും 2023-24ല്‍ 25.37 ശതമാനവും 2024-25ല്‍ 18.23 ശതമാനവുമായിരുന്നു.
മറുവശത്ത് കോര്‍പ്പറേറ്റ് നികുതി വളര്‍ച്ച 2021-22ല്‍ 55.56 ശതമാനമായിരുന്നെങ്കിലും പിന്നീട് അത് കുത്തനെ കുറഞ്ഞു. 2022-23ല്‍ 15.98 ശതമാനം, 2023-24ല്‍ 10.32 ശതമാനം, 2024-25ല്‍ 8.31 ശതമാനം മാത്രമായി.
വരുമാനത്തിനായി സാധാരണ ജനങ്ങളില്‍ നിന്നുള്ള നികുതിയെയാണ് സര്‍ക്കാര്‍ ആശ്രയിക്കുന്നതെന്ന്
ഈ കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിലും കേന്ദ്രസര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്ക് നികുതി ഇളവുകള്‍ തുടരുകയാണെന്ന് ശിവദാസന്‍ എ.പി പറഞ്ഞു.
400 കോടി വരെയുള്ള വാര്‍ഷിക വരുമാനമുള്ള ആഭ്യന്തര കമ്പനികള്‍ക്ക് 25 ശതമാനം കോര്‍പ്പറേറ്റ് നികുതിയാണ് ഈടാക്കുന്നത്. കൂടാതെ ചില കമ്പനികള്‍ക്ക് 22 ശതമാനം എന്ന ഇളവുള്ള നിരക്കില്‍ നികുതി അടയ്ക്കാനുള്ള അവസരവും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോര്‍പ്പറേറ്റ് നികുതി വര്‍ധിപ്പിക്കുകയോ വ്യക്തിഗത വരുമാന നികുതി ഭാരം കുറയ്ക്കുകയോ ചെയ്യാനുള്ള യാതൊരു പദ്ധതിയും നിലവില്‍ പരിഗണനയിലില്ലെന്ന് സര്‍ക്കാര്‍ തന്നെ മറുപടിയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വിമര്‍ശിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക നയത്തിന്റെ യഥാര്‍ത്ഥ സ്വഭാവം വെളിപ്പെടുത്തുന്നതാണ് കേന്ദ്രത്തിന്റെ ഈ നികുതി നയം. വലിയ കോര്‍പ്പറേറ്റുകള്‍ക്ക് നികുതി ഇളവുകള്‍ നല്‍കിക്കൊണ്ടിരിക്കുമ്പോള്‍, സാധാരണ ശമ്പളക്കാരില്‍ നിന്നും കൂടുതല്‍ ശേഖരിക്കുകയാണെന്നും അദ്ദേഹം വിശദീകരിച്ചു.
രാജ്യത്ത് സാമ്പത്തിക അസമത്വം വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വന്‍കോര്‍പ്പറേറ്റുകള്‍ക്ക് കൂടുതല്‍ നികുതി ഏര്‍പ്പെടുത്തി സാധാരണ ജനങ്ങളുടെ നികുതി ഭാരം കുറയ്ക്കുന്ന തരത്തിലുള്ള നീതിയുക്തമായ നികുതി നയം സര്‍ക്കാര്‍ സ്വീകരിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.
Content Highlight: Tax burden on common people and tax exemptions for corporates; Sivadasan MP Criticizes Central Govt
