യമ്മി ഫ്രൈഡ് ചിക്കന്‍ സ്വന്തമാണെന്ന് സമ്മതിച്ചതിനും മുഹമ്മദ് അഷറഫ് ബിനാമിയാണെന്ന് സമ്മതിച്ചതിനും നന്ദി: കെ.ടി. ജലീല്‍
Kerala
യമ്മി ഫ്രൈഡ് ചിക്കന്‍ സ്വന്തമാണെന്ന് സമ്മതിച്ചതിനും മുഹമ്മദ് അഷറഫ് ബിനാമിയാണെന്ന് സമ്മതിച്ചതിനും നന്ദി: കെ.ടി. ജലീല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 8th September 2025, 11:21 am

 

കോഴിക്കോട്: പട്ടാമ്പിയിലെ കൊപ്പത്തെ യമ്മി ഫ്രൈഡ് ചിക്കന്‍ സ്വന്തമാണെന്ന് സമ്മതിച്ചതിനും മുഹമ്മദ് അഷ്റഫ് ബിനാമിയാണെന്ന് അംഗീകരിച്ചതിനും യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി. കെ. ഫിറോസിനോട് നന്ദിയറിയിച്ച് തവനൂര്‍ എം.എല്‍.എ കെ.ടി. ജലീല്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കെ.ടി ജലീല്‍ പ്രതികരണം നടത്തിയത്.

കഴിഞ്ഞ ദിവസം യമ്മി ഫ്രൈഡ് ചിക്കന്‍ കടയിലെത്തി ജലീല്‍ ഭക്ഷണം കഴിച്ചതിന്റെ ഫോട്ടോ പങ്ക് വെച്ച് പി.കെ. ഫിറോസ് ഒരു ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിരുന്നു. വന്നതിനും ഭക്ഷണം കഴിച്ച് അഭിപ്രായം അറിയിച്ചതിനും നന്ദിയെന്നായിരുന്നു പോസ്റ്റിലുണ്ടായിരുന്നത്. ബിസിനസില്‍ രാഷ്ട്രീയമില്ലെന്നും രാഷ്ട്രീയത്തില്‍ ബിസിനസില്ലെന്നും പോസ്റ്റില്‍ പി.കെ. ഫിറോസ് പറഞ്ഞിരുന്നു. ഈ പോസ്റ്റ് പങ്ക് വെച്ചാണ് കെ.ടി. ജലീലിന്റെ മറുപടി.

‘ഒരായിരം നന്ദി. പട്ടാമ്പിക്കടുത്ത കൊപ്പത്തെ ‘യമ്മി ഫ്രൈഡ് ചിക്കന്‍’ ഷോപ്പ് തന്റേതാണെന്ന് (പി.കെ ഫിറോസിന്റേതാണെന്ന്) സമ്മതിച്ചതിന് തിരുനാവായക്കാരന്‍ വെള്ളടത്ത് മുഹമ്മദ് അഷ്‌റഫ് സ്വന്തം ബിനാമിയാണെന്ന് അംഗീകരിച്ചതിന്!

എന്‍.ബി: കത്വ-ഉന്നാവോ പെണ്‍കുട്ടികളുടെ കണ്ണീരിന്റെ നനവ് ഞാനാ ഷോപ്പിന്റെ ഓരോ സുഷിരത്തിലും അനുഭവിച്ചു. ‘ദോതി ചാലഞ്ചില്‍’ പറ്റിക്കപ്പെട്ട ലീഗുകാരുടെ മനോവേദന അവിടെ മുറ്റി നില്‍ക്കുന്നത് മനസിനെ വല്ലാതെ മഥിച്ചു,’ ജലീല്‍ പോസ്റ്റില്‍ പറയുന്നു.

 P.K. Firos reacts to his brother's arrest for drug dealing

കഴിഞ്ഞ ദിവസം വാര്‍ത്ത സമ്മേളനത്തിലൂടെ കൊപ്പത്തെ യമ്മി ഫ്രൈഡ് ചിക്കന്‍ കടയില്‍ പി.കെ. ഫിറോസിന് ഷെയറുണ്ടെന്ന് ജലീല്‍ വെളിപ്പെടുത്തിയിരുന്നു. അവിടത്തെ ലീഗുകാരാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഫിറോസ് ദുബായിലെ ഒരു കമ്പനിയിലെ സെയില്‍സ് മാനേജരാണെന്നും മാസം അഞ്ചേകാല്‍ ലക്ഷം രൂപ ശമ്പളം വാങ്ങുന്നുണ്ടെന്നും ജലീല്‍ പറഞ്ഞിരുന്നു. ഇതിന്റെ രേഖകളും അദ്ദേഹം വാര്‍ത്ത സമ്മേളനത്തില്‍ പുറത്ത് വിട്ടിരുന്നു. യൂത്ത് ലീഗ് നടത്തിയ ദോത്തി ചലഞ്ചിലൂടെ സമാഹരിച്ച ഫണ്ട് ഫിറോസ് മുക്കിയെന്നും ജലീല്‍ ആരോപിച്ചിരുന്നു.

ഇതിന് പിന്നാലെ, രാഷ്ട്രീയം ഇതുവരെ ഉപജീവന മാര്‍ഗമാക്കിയിട്ടില്ലെന്നും ലീഗിന്റെ വിശ്വാസ്യത തകര്‍ക്കാനാണ് കെ.ടി. ജലീല്‍ അടക്കമുള്ളവര്‍ ശ്രമിക്കുന്നതെന്നും പി.കെ. ഫിറോസ് പ്രതികരിച്ചിരുന്നു. തന്റെ പിതാവ് ഒരു ബിസിനസ്‌കാരന്‍ കൂടിയാണെന്നും ബിസിനസില്‍ അദ്ദേഹമാണ് മാതൃകയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്നാല്‍, ഫിറോസിന്റെ പിതാവ് പല ബിസിനസുകളും നടത്തിയിട്ടുണ്ടാകാമെന്നും അവയൊന്നും ക്ലച്ച് പിടിച്ചിട്ടില്ലെന്നുമായിരുന്നു കെ.ടി. ജലീലിന്റെ പ്രതികരണം. കച്ചവടം നഷ്ടത്തില്‍ കലാശിച്ച പിതാവിന്റെ മകന്‍ എങ്ങിനെയാണ് നിരവധി ബിസിനസുകളില്‍ ഷെയര്‍ ഹോള്‍ഡറാവുകയെന്നും അയാള്‍ എങ്ങനെയാണ് ലക്ഷപ്രഭുവാവുകയെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ ചോദിച്ചിരുന്നു.

 

Content Highlight: Tavanur MLA KT Jaleel thanked Youth League State Secretary P. K. Firoz for admitting that Yummy Fried Chicken is his