ടാറ്റയുടെ സര്‍പ്രൈസ് പൊളിഞ്ഞു; പുതിയ 45X പ്രീമിയം ഹാച്ച്ബാക്കിന്റെ പേര് ചോര്‍ന്നു
TATA
ടാറ്റയുടെ സര്‍പ്രൈസ് പൊളിഞ്ഞു; പുതിയ 45X പ്രീമിയം ഹാച്ച്ബാക്കിന്റെ പേര് ചോര്‍ന്നു
ന്യൂസ് ഡെസ്‌ക്
Sunday, 24th February 2019, 2:27 pm

പുതിയ 45X പ്രീമിയം ഹാച്ച്ബാക്കിന്റെ പേര് വെളിപ്പെടുത്തി ടാറ്റ. മാര്‍ച്ചില്‍ നടക്കുന്ന ജനീവ മോട്ടോര്‍ ഷോയില്‍ ഹാച്ച്ബാക്കിനെ ഔദ്യോഗികമായി ടാറ്റ വെളിപ്പെടുത്തും. ഹാച്ച്ബാക്കിന് പേര് “ആള്‍ട്രോസ്” (ALTROZ) എന്നായിരിക്കും.

മോഡലിന് വേണ്ടി ടാറ്റ സമര്‍പ്പിച്ച പേറ്റന്റ് വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ ചോര്‍ന്നതോടെയാണ് ഹാച്ച്ബാക്കിന്റെ പേര് പുറത്തുവന്നിരിക്കുന്നത്. ആല്‍ബട്രോസ് എന്ന കടല്‍ പക്ഷിയാണ് പേരിന് പ്രചോദനം. ടാറ്റ മോട്ടോര്‍സിന്റെ യു.കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂറോപ്യന്‍ ടെക്നിക്കല്‍ കേന്ദ്രമാണ് ആള്‍ട്രോസിന്റെ രൂപകല്‍പ്പന ചെയതത്.

45X കോണ്‍സെപ്റ്റില്‍ നിന്നും ആള്‍ട്രോസ് കാര്യമായി വ്യതിചലിക്കില്ലെന്നാണ് വിവരം. ടാറ്റയുടെ ലക്ഷണമൊത്ത ആധുനിക ഹാച്ച്ബാക്കായിരിക്കും ആള്‍ട്രോസ്. 4,253 mm നീളവും 1,850 mm വീതിയും 1,451 mm ഉയരവും 2018 ഓട്ടോ എക്സ്പോയില്‍ കമ്പനി കാഴ്ച്ചവെച്ച 45X കോണ്‍സെപ്റ്റ് ഹാച്ചാബാക്കിനുണ്ടായിരുന്നു.

എന്നാല്‍ നികുതിയാനുകൂല്യങ്ങള്‍ മുന്‍നിര്‍ത്തി ആള്‍ട്രോസിന്റെ നീളം നാലു മീറ്ററില്‍ താഴെയായി ടാറ്റ ചുരുക്കും. ആല്‍ഫ എന്നറിയപ്പെടുന്ന അഡ്വാന്‍സ്ഡ് മോഡുലാര്‍ പ്ലാറ്റ്‌ഫോമാണ് ആള്‍ട്രോസിന് ആധാരം. എയറോഡൈനാമിക് മികവ് വര്‍ധിപ്പിക്കാനായി പിന്നിലേക്ക് ചാഞ്ഞിറങ്ങും വിധമാണ് മോഡലില്‍ മേല്‍ക്കൂര.

പിറകിലേക്ക് വലിഞ്ഞ “സ്വെപ്റ്റ്ബാക്ക്” ശൈലി ഹെഡ് ലാമ്പുകളില്‍ പ്രതീക്ഷിക്കാം. വലിയ എയര്‍ഡാമുകള്‍ മുന്‍ ബമ്പര്‍ കൈയ്യടക്കുമെന്ന് സൂചനയുണ്ട്. “റാപ്പ് എറൗണ്ട്” ടെയില്‍ ലാമ്പുകള്‍, മള്‍ട്ടി സ്‌പോക്ക് അലോയ്, കോണ്‍ട്രാസ്റ്റ് മിററുകള്‍ തുടങ്ങിയ സവിശേഷതകളും പുതിയ ടാറ്റ കാറില്‍ പ്രതീക്ഷിക്കാം.

ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍, ആറ് എയര്‍ ബാഗുകള്‍, എ.ബി.എസ്, പിന്‍ പാര്‍ക്കിംഗ് ക്യാമറ, പവര്‍ മിററുകള്‍, ഒന്നിലധികം ഡ്രൈവിംഗ് മോഡുകള്‍, ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, തുകല്‍ സീറ്റുകള്‍ തുടങ്ങിയ നിരവധി സജ്ജീകരണങ്ങള്‍ മോഡലില്‍ കരുതാം. അഞ്ചു സ്പീഡായിരിക്കും മാനുവല്‍ ഗിയര്‍ബോക്‌സ്.

പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ ആള്‍ട്രോസിനെ പുറത്തിറക്കാനാണ് കമ്പനിയുടെ പദ്ധതി. ടിയാഗൊ ജെ.ടി.പി എഡിഷനില്‍ തുടിക്കുന്ന 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, നെക്‌സോണിലെ 1.5 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എഞ്ചിന്‍ യൂണിറ്റുകള്‍ ഹാച്ച്ബാക്കില്‍ ഇടംകണ്ടെത്തുമെന്നാണ് വിവരം. എന്നാല്‍ ഇക്കാര്യം കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ഈ വര്‍ഷം ഒക്ടോബറോടെ ആള്‍ട്രോസ് ഹാച്ച്ബാക്കിനെ ഇന്ത്യയില്‍ പ്രതീക്ഷിക്കാം. വിപണിയില്‍ മാരുതി ബലെനോ, ഹ്യുണ്ടായി എലൈറ്റ് i20 എന്നിവര്‍ക്ക് ശക്തമായ ഭീഷണി മുഴക്കാന്‍ ടാറ്റയുടെ പുതിയ പ്രീമിയം ഹാച്ച്ബാക്കിന് കഴിയും.

ALSO WATCH THIS VIDEO