ന്യൂദല്‍ഹി: രണ്ട് ശതമാനത്തോളം ജീവനക്കാരെ പിരിച്ചുവിടാനുള്ള ടാറ്റ കണ്‍സള്‍ട്ടന്‍സിയുടെ നീക്കത്തില്‍ പ്രതികരണവുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശ് എം.പി.
കമ്പനിയുടെ പ്രഖ്യാപനം സംഭവിക്കാനിരിക്കുന്ന സാമ്പത്തിക ഭൂകമ്പമാണെന്ന് ജയറാം രമേശ് പറഞ്ഞു. എക്‌സ് പോസ്റ്റിലൂടെയാണ് കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം. ഇത്തരത്തിലുള്ള പ്രകമ്പനങ്ങള്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്നതാണെന്നും ജയറാം രമേശ് പറഞ്ഞു.
TCS–the creation of the great FC Kohli and the pride of India–has triggered an economic earthquake by its announcement of 2% layoff in upper management. It has been explained as the result of a skills mismatch. Whatever that means, the news is worrisome and the nation can only…
‘മഹാനായ എഫ്.സി കോഹ്‌ലിയുടെ സൃഷ്ടിയും ഇന്ത്യയുടെ അഭിമാനവുമായ ടി.സി.എസ്, ഉയര്‍ന്ന മാനേജ്മെന്റില്‍ രണ്ട് ശതമാനം പിരിച്ചുവിടല്‍ പ്രഖ്യാപിച്ചത് സാമ്പത്തിക ഭൂകമ്പത്തിന് കാരണമായിരിക്കുന്നു,’ ജയറാം രമേശ് എക്സില്‍ കുറിച്ചു. ടി.സി.എസിന്റെ പ്രഖ്യാപനം ആശങ്ക ഉയര്‍ത്തുന്നതാണെന്നും ജയറാം രമേശ് പറഞ്ഞു.
2025ല്‍ 12,261 ജീവനക്കാരെ പിരിച്ചുവിടാനാണ് ടി.സി.എസ് തയ്യാറെടുക്കുന്നത്. കമ്പനിയുടെ ആകെ ജീവനക്കാരുടെ രണ്ട് ശതമാനം പേരെ പിരിച്ചുവിടാനാണ് നീക്കം. പ്രധാനമായും മിഡില്‍, സീനിയര്‍ വിഭാഗങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരെയാണ് പിരിച്ചുവിടല്‍ ബാധിക്കുക.
പിരിച്ചുവിടുന്ന ജീവനക്കാര്‍ക്ക് ഉചിതമായ ആനുകൂല്യങ്ങള്‍ നല്‍കുമെന്നും ഔട്ട്‌പ്ലേസ്‌മെന്റ്, കൗണ്‍സിലിങ് എന്നിങ്ങനെയുള്ള മറ്റ് പിന്തുണയും ഉറപ്പുനല്‍കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
സാങ്കേതികവിദ്യയിലെ നിക്ഷേപങ്ങള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സിന്റെ വിന്യാസം, വിപണി വിപുലീകരണം, തൊഴില്‍ പുനക്രമീകരണം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഭാവിയിലേക്ക് കമ്പനിയെ സജ്ജീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ തീരുമാനമെന്നായിരുന്നു കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നത്.
അതേസമയം പണപ്പെരുപ്പം, യു.എസ് വ്യാപാര നയങ്ങളെ കുറിച്ചുള്ള ആശങ്കകള്‍, വിപണി സാധ്യത കുറഞ്ഞത് എന്നിവയാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ കമ്പനിയെ പ്രേരിപ്പിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍ ഭാവിക്ക് അനുയോജ്യമായ ഒരു സ്ഥാപനമായി മാറാനുള്ള യാത്രയിലാണ് ടി.സി.എസെന്നും നവീനമായ സാങ്കേതിക മേഖലകളില്‍ നിക്ഷേപം നടത്തുക, പുതിയ വിപണികളില്‍ പ്രവേശിക്കുക, ഉപഭോക്താക്കള്‍ക്കും കമ്പനിക്കും വേണ്ടി വലിയ തോതില്‍ എ.ഐ വിന്യസിക്കുക, കമ്പനിയുടെ പങ്കാളിത്തങ്ങള്‍ കൂടുതല്‍ ആഴത്തിലാക്കുക, എന്നിവയുള്‍പ്പെടെ ഒന്നിലധികം മേഖലകളിലെ തന്ത്രപരമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനായാണ് പിരിച്ചുവിടല്‍ പ്രഖ്യാപിച്ചതെന്നാണ് കമ്പനിയുടെ വിശദീകരണം.
രാജ്യത്തെ ഏറ്റവും വലിയ ഐ.ടി സേവനദാതാക്കളാണ് ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടി.സി.എസില്‍ ആകെ ഏകദേശം 613,000 ജീവനക്കാരാണുള്ളത്. ഇവരില്‍ 12,261 പേരെ പിരിച്ചുവിടുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. പ്രതിവര്‍ഷം 283 ബില്യണ്‍ ഡോളര്‍ വരുമാനമുള്ള ഇന്ത്യന്‍ ഐ.ടി രംഗത്തെ ഏറ്റവും വലിയ തൊഴില്‍ദാതാക്കള്‍ കൂടിയാണ് ടി.സി.എസ്.
Content Highlight: Economic earthquake; Jairam Ramesh on TCS’ decision to lay off 1200 employees