ടാറ്റ ആള്‍ട്രോസ് ഇന്ത്യയില്‍; തിളങ്ങുന്നത് ALFA ആര്‍കിടെക്ച്ചറില്‍
TATA
ടാറ്റ ആള്‍ട്രോസ് ഇന്ത്യയില്‍; തിളങ്ങുന്നത് ALFA ആര്‍കിടെക്ച്ചറില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 5th March 2019, 11:37 pm

ഈ വര്‍ഷം പകുതിയോടെ പ്രീമിയം ആള്‍ട്രോസ് ഇന്ത്യയില്‍ വില്‍പ്പനക്കെത്തുമെന്ന് ടാറ്റ. വീതികൂടിയ ഗ്രില്ലാണ് ആള്‍ട്രോസ് ഹാച്ച്ബാക്കില്‍ ഒരുങ്ങുന്നത്. വലിയ എയര്‍ഡാം ബമ്പറിന്റെ ഏറിയ പങ്കും കൈയ്യടക്കുന്നു. ഉയര്‍ന്ന് നിലകൊള്ളുന്ന ഫോഗ് ലാമ്പുകള്‍ എല്‍.ഇ.ഡി ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകള്‍ക്കും ഇടം നല്‍കിയിട്ടുണ്ട്.

ഗ്രില്ലിന് ഇരുവശത്തും നിലയുറപ്പിച്ചിരിക്കുന്ന വലിയ സ്വെപ്റ്റ് ബാക്ക് ഹെഡ് ലാമ്പുകള്‍ ഹാച്ച്ബാക്കിന് അക്രമോണോത്സുക ഭാവമാണ് സമര്‍പ്പിക്കുന്നത്. ചാഞ്ഞിറങ്ങുന്ന കറുത്ത വിന്‍ഡോ ലൈന്‍ ടാറ്റ കാറുകളില്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത പുതുമയാണ്.


മോഡലിന്റെ എഞ്ചിന്‍ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. നെക്സോണിലെ 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എഞ്ചിന്‍ യൂണിറ്റുകള്‍ക്കാണ് ആള്‍ട്രോസില്‍ സാധ്യത കൂടുതല്‍. നിലവില്‍ 110 bhp കരുത്തും 170 Nm torque ഉം സൃഷ്ടിക്കാനുള്ള ശേഷി പെട്രോള്‍ എഞ്ചിനുണ്ട്. ഡീസല്‍ എഞ്ചിന്‍ 110 bhp കരുത്തും 260 Nm torque മാണ് പരമാവധി കുറിക്കുന്നത്.

പുതിയ സുരക്ഷാ ചട്ടങ്ങള്‍ മാനിച്ച് ഇരട്ട മുന്‍ എയര്‍ ബാഗുകള്‍, ഡ്രൈവര്‍/കോ-ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍, പിന്‍ പാര്‍ക്കിംഗ് അസിസ്റ്റ്, പിന്‍ പാര്‍ക്കിംഗ് ക്യാമറ, കോര്‍ണര്‍ അസിസ്റ്റ്, ആന്റി-ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍ മുതലായ സുരക്ഷാ സജ്ജീകരണങ്ങള്‍ മോഡലില്‍ ടാറ്റ ഉറപ്പുവരുത്തും.

മേല്‍ക്കൂരയ്ക്ക് നിറം കറുപ്പാണ്. പ്രീമിയം ഹാച്ച്ബാക്കായതുകൊണ്ട് ഉള്ളില്‍ മേന്മയേറിയ സൗകര്യങ്ങളും സംവിധാനങ്ങളും ധാരാളം പ്രതീക്ഷിക്കാം. ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, ഓട്ടോമാറ്റിക് ഹെഡ്ലാമ്പുകള്‍, കീലെസ് എന്‍ട്രി, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട് തുടങ്ങിയ ഫീച്ചറുകളെല്ലാം ആള്‍ട്രോസിന് കമ്പനി നല്‍കും.


പുതിയ ALFA (അജൈല്‍ ലൈറ്റ് ഫ്‌ളെക്‌സിബിള്‍ അഡ്വാന്‍ഡ്‌സ്) ആര്‍കിടെക്ച്ചറാണ് ടാറ്റ ആള്‍ട്രോസ് ഉപയോഗിക്കുന്നത്. ഒരേ അടിത്തറയില്‍ നിന്നും വ്യത്യസ്ത സ്വഭാവ വിശേഷമുള്ള കാറുകള്‍ പുറത്തിറക്കാനുള്ള ശേഷി ALFA ആര്‍കിടെക്ച്ചറിനുണ്ട്.