'അതൊക്കെ എന്നെപ്പോലുള്ളവര്‍ ഒന്നും പുറത്തുപറയാതിരിക്കാനുള്ള അടവല്ലേ' നാനാ പടേക്കറിനെതിരെ വീണ്ടും തനുശ്രീ
Women absue
'അതൊക്കെ എന്നെപ്പോലുള്ളവര്‍ ഒന്നും പുറത്തുപറയാതിരിക്കാനുള്ള അടവല്ലേ' നാനാ പടേക്കറിനെതിരെ വീണ്ടും തനുശ്രീ
ന്യൂസ് ഡെസ്‌ക്
Tuesday, 2nd October 2018, 10:12 am

 

ന്യൂദല്‍ഹി: നാനാ പടേക്കറില്‍ നിന്നും യാതൊരു ലീഗല്‍ നോട്ടീസും ലഭിച്ചിട്ടില്ലെന്ന് നടി തനുശ്രീ ദത്ത. തന്നെപ്പോലുള്ളവരെ പേടിപ്പെടുത്താനാണ് ഇത്തരം ഭീഷണികള്‍ മുന്നോട്ടുവെക്കുന്നതെന്നും അവര്‍ എ.എന്‍.ഐയോടു പറഞ്ഞു.

” നാനാ പടേക്കറില്‍ നിന്നും എനിക്കൊരു നോട്ടീസും ലഭിച്ചിട്ടില്ല. എന്നെപ്പോലുള്ളവര്‍ തുറന്നു പറച്ചിലുകളുമായി മുന്നോട്ടുവരാതിരിക്കാനാണ് ഇത്തരം ഭീഷണികള്‍ ഉയര്‍ത്തുന്നത്. ഇത്തരം അനുഭവങ്ങളുള്ള ആരും ഇത്തരം ഭീഷണികള്‍ക്കു മുമ്പില്‍ പതറില്ല. രാജ്യം മുഴുവന്‍ അവരെ പിന്തുണയ്ക്കും.” തനുശ്രീ പറഞ്ഞു.

Also Read:മുസ്‌ലീം യുവതിയെ പ്രണയിച്ചതിന് യുവാവിനെ വെടിവെച്ച് കൊന്നു; ആരോപണവുമായി ബന്ധുക്കള്‍

സിനിമ വിടാന്‍ തീരുമാനിച്ചതിനു പിന്നാലെ തന്റെ കാര്‍ ആക്രമിക്കപ്പെട്ടുവെന്ന് തനുശ്രീ മാധ്യമങ്ങളോടു പറഞ്ഞ് മണിക്കൂറുകള്‍ക്ക് അകമാണ് ഈ പ്രസ്താവന വന്നിരിക്കുന്നത്. ആക്രമിക്കപ്പെട്ട കാറിന്റേതെന്ന തരത്തില്‍ ഒരു വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നുണ്ട്.

നാനാ പടേക്കറിന്റെ മോശം പെരുമാറ്റം കാരണം പാട്ട് സീന്‍ പൂര്‍ത്തിയാക്കാതെ താന്‍ തിരിച്ചുപോന്നപ്പോള്‍ ഗുണ്ടകളെ വിട്ട് തന്നെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചെന്നും തനുശ്രീ ആരോപിക്കുന്നു.

തനുശ്രീ മാപ്പു പറയണമെന്നാവശ്യപ്പെട്ട് അവര്‍ക്ക് വക്കീല്‍ നോട്ടീസ് അയക്കുമെന്ന് നാനാ പടേക്കറുടെ അഭിഭാഷകന്‍ വെള്ളിയാഴ്ച പറഞ്ഞിരുന്നു. തനുശ്രീയുടെ ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്നും അതിനാല്‍ അവര്‍ മാപ്പു പറയണമെന്നുമായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്. എന്നാല്‍ മൂന്നു ദിവസത്തിനിപ്പുറവും അത്തരമൊരു നോട്ടീസ് ലഭിച്ചിട്ടില്ലെന്നാണ് തനുശ്രീ പറയുന്നത്.