'സമുദായം വില്‍പ്പനയ്ക്ക് എന്നൊരു ബോര്‍ഡ് കൂടി മാത്രമായിരുന്നു പാണക്കാട് തറവാട്ടിലുയരാനുണ്ടായിരുന്നത്'; വി. അബ്ദുറഹിമാന്‍ എം.എല്‍.എ
Kerala News
'സമുദായം വില്‍പ്പനയ്ക്ക് എന്നൊരു ബോര്‍ഡ് കൂടി മാത്രമായിരുന്നു പാണക്കാട് തറവാട്ടിലുയരാനുണ്ടായിരുന്നത്'; വി. അബ്ദുറഹിമാന്‍ എം.എല്‍.എ
ന്യൂസ് ഡെസ്‌ക്
Saturday, 19th September 2020, 8:58 pm

കോഴിക്കോട്: സമുദായം വില്‍പനയ്ക്ക് എന്നൊരു ബോര്‍ഡ് കൂടി മാത്രമായിരുന്നു പാണക്കാട് തറവാട്ടില്‍ ഉയരാനുണ്ടായിരുന്നതെന്ന് താനൂര്‍ എം.എല്‍.എ വി. അബ്ദുറഹിമാന്‍. മന്ത്രി കെ.ടി ജലീലുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിക്കവെയാണ് അദ്ദേഹത്തിന്റ ഈ പരാമര്‍ശം. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇത്രയും നാളും സമുദായത്തെ മുന്നില്‍ നിറുത്തി കച്ചവടം ആയിരുന്നെങ്കില്‍ ഇനി അത് വിറ്റ് മുടിക്കാനും ലീഗ് മടിക്കില്ലെന്നതിന്റെ ഉദാഹരണമാണ് കേരളത്തിലെ തെരുവുകളില്‍ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കേവലം നയതന്ത്ര വിഷയം മാത്രമായി അവസാനിക്കേണ്ട ഒരു പരാതിയെ വര്‍ഗീയ വിഷയമാക്കി മാറ്റി രാഷ്ട്രീയ ലാഭം കൊയ്യാനുള്ള ശ്രമത്തിലാണ് കേരളത്തിലെ കോണ്‍ഗ്രസ്- ലീഗ്- ബി.ജെ.പി സഖ്യമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്വര്‍ണക്കടത്ത്, തീവ്രവാദ ബന്ധങ്ങളിലെല്ലാം തന്നെ മുസ്‌ലിം ലീഗ് നേതാക്കളുടെ ബന്ധുക്കള്‍ക്കെതിരെ എന്‍.ഐ.എ, കസ്റ്റംസ് അന്വേഷണം നീണ്ടപ്പോള്‍ തന്നെ ഒരു ഒത്തുതീര്‍പ്പ് മണത്തിരുന്നു. സമുദായത്തെ ഒറ്റി കൊടുക്കുന്നതില്‍ യാതൊരു മടിയും ഒരിക്കലും കാണിക്കാത്ത മുസ് ലിം ലീഗ് ഒടുവില്‍ ഒത്തുതീര്‍പ്പിന് എത്തിച്ചേര്‍ന്നതാകട്ടെ ബി.ജെ.പിയുടെ മടയിലും- അദ്ദേഹം പറഞ്ഞു.

മന്ത്രി കെ.ടി ജലീല്‍ വഴിവിട്ട് എന്തെങ്കിലും പ്രവര്‍ത്തിച്ചുവെന്ന് ഈ ഏജന്‍സികള്‍ ഒരിടത്തും സൂചിപ്പിച്ചിട്ടില്ലെന്നും വഖഫ് ബോര്‍ഡിന്റെ ചുമതലയുള്ള മന്ത്രിയെന്ന നിലയില്‍ അദ്ദേഹം യു.എ.ഇ കോണ്‍സുലേറ്റുമായി ബന്ധം പുലര്‍ത്തിയിരുന്നെന്നും അബ്ദുറഹിമാന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ലീഗിന് സമുദായത്തിനോട് എന്തെങ്കിലും ആത്മാര്‍ഥതയുണ്ടെങ്കില്‍ വിശുദ്ധ ഗ്രന്ഥത്തെ മറയാക്കി നടക്കുന്ന ഈ സമരത്തില്‍ നിന്ന് പിന്‍മാറാനുള്ള തീരുമാനം പാണക്കാട് തങ്ങള്‍ കൈക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് കഴിയുന്നതോടെ എന്‍.ആര്‍.സി, സി.എ.എ വിഷയങ്ങളില്‍ ബി.ജെ.പിയുമായി കൂട്ടുച്ചേര്‍ന്ന് മുസ്‌ലിം ലീഗ് ഒറ്റിക്കൊടുക്കുമോയെന്നാണ് ഇനി അറിയേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

സമുദായം വില്‍പനയ്ക്ക് എന്നൊരു ബോര്‍ഡ് കൂടി മാത്രമായിരുന്നു പാണക്കാട് തറവാട്ടില്‍ ഉയരാനുണ്ടായിരുന്നത്. അധികം താമസിക്കാതെ അതും പാണക്കാടെ മുറ്റത്ത് കെട്ടിതൂക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഇത്രനാളും സമുദായത്തെ മുന്നില്‍ നിറുത്തി കച്ചവടം ആയിരുന്നെങ്കില്‍ ഇനി അത് വിറ്റ് മുടിക്കാനും ലീഗ് മടിക്കില്ലെന്നതിന്റെ ഉദാഹരണമാണ് കേരളത്തിലെ തെരുവുകളില്‍ കാണുന്നത്. വിശുദ്ധ ഖുറാന്റെ പേരില്‍ വരെ രാഷ്ട്രീയം കളിക്കുന്ന ബി ജെ പിക്ക് നാരങ്ങാവെള്ളം മാത്രമല്ല തൂശനിലയില്‍ സദ്യവരെ വിളമ്പാന്‍ റെഡിയായി നില്‍ക്കുകയാണ് സാഹിബുമാര്‍. ഒറ്റ ആവശ്യം മാത്രമേ കേന്ദ്രം ഭരിക്കുന്നവരോട് പറയാനുള്ളു. സമുദായത്തിന്റെ കഞ്ഞികുടി മുട്ടിയാലും സാര്യല്ല, ഞമ്മടെ കച്ചോടം മുടക്കരുത്. ഡല്‍ഹിക്ക് പടപുറപ്പാട് നടത്തിയ സാഹിബ് മുതല്‍ രേഖയില്ലാ ആരോപണങ്ങള്‍ ഉയര്‍ത്തുന്ന യൂത്തന്‍ സാഹിബുമാര്‍ക്കുവരെ കാര്യമറിയാം. അടുത്ത തവണ കൂടി അധികാരം കയ്യിലില്ലേല്‍ പിന്നെ കൂടെ കച്ചോടോം കാണില്ല, സമുദായോം കാണില്ല. കമ്മിഷന്‍ ബിസിനസും, ബിനാമി ബിസിനസും, ആരാന്റെ കയ്യിലെ പണം വച്ചുള്ള സ്വര്‍ണ കച്ചോടോം, കോണ്‍ക്രീറ്റ് കച്ചോടോം ഒന്നും നടക്കില്ലാന്നര്‍ഥം. പിന്നെ സാഹിബുമാര്‍ക്ക് കിടന്നാ ഉറക്കം വര്യോ….

കേവലം നയതന്ത്ര വിഷയം മാത്രമായി അവസാനിക്കേണ്ട ഒരു പരാതിയെ വര്‍?ഗീയ വിഷയമാക്കി മാറ്റി രാഷ്ട്രീയ ലാഭം കൊയ്യാനുള്ള ശ്രമത്തിലാണ് കേരളത്തിലെ അഭിനവ കോ ലീ ബി സഖ്യം. സ്വര്‍ണക്കടത്ത്, തീവ്രവാദ ബന്ധങ്ങളിലെല്ലാം തന്നെ മുസ്ലിം ലീഗ് നേതാക്കളുടെ ബന്ധുക്കള്‍ക്കെതിരെ എന്‍ ഐ എ, കസ്റ്റംസ് അന്വേഷണം നീണ്ടപ്പോള്‍ തന്നെ ഒരു ഒത്തുതീര്‍പ്പ് മണത്തിരുന്നു. സമുദായത്തെ ഒറ്റി കൊടുക്കുന്നതില്‍ യാതൊരു മടിയും ഒരിക്കലും കാണിക്കാത്ത മുസ്ലിം ലീഗ് ഒടുവില്‍ ഒത്തുതീര്‍പ്പിന് എത്തിച്ചേര്‍ന്നതാകട്ടെ ബി ജെ പിയുടെ മടയിലും. മതനിരപേക്ഷതയും, സമുദായ ഐക്യവും ഇന്നും നിലനില്‍ക്കുന്ന കേരളത്തില്‍ ഇതെല്ലാം ബി ജെ പി അജണ്ടയുടെ കാല്‍ക്കീഴില്‍ വെച്ച് സ്വന്തം തടി കാക്കുന്നതിനുള്ള അശാന്ത പരിശ്രമത്തിന് യുവജന സംഘടനകളെ ഇളക്കി വിട്ടിരിക്കുകയാണ് മുസ്ലിം ലീഗ്. കണ്ണില്‍ പൊടിയിടാനുള്ള ആ പ്രതിഷേധത്തില്‍ കോടി കണക്കിന് വരുന്ന വിശ്വാസികളുടെ വികാരങ്ങളേക്കാളും ലീഗിന് പ്രാധാന്യം സ്വന്തം കച്ചോടം ഏത് വിധേനയും സംരക്ഷിക്കുക എന്നത് മാത്രമാണ്.

മന്ത്രി കെ ടി ജലീല്‍ വഴിവിട്ട് എന്തെങ്കിലും പ്രവര്‍ത്തിച്ചുവെന്ന് ഈ ഏജന്‍സികള്‍ ഒരിടത്തും സൂചിപ്പിച്ചിട്ടില്ല. വഖഫിന്റെ കൂടെ ചുമതലയുള്ള മന്ത്രിയെന്ന നിലയില്‍ അദ്ദേഹം യു എ ഇ കോണ്‍സുലേറ്റുമായി ബന്ധം പുലര്‍ത്തിയിരുന്നു. സൗഹൃദ രാജ്യം എന്ന നിലയിലുള്ള ബന്ധം യാതൊരു വിധത്തിലും ഇന്ത്യയുടെ ഐക്യത്തിനോ, അഖണ്ഡതയ്‌ക്കോ കോട്ടം വരുത്തുന്നതായിരുന്നില്ല. വസ്തുതകള്‍ ഇങ്ങനെയൊക്കെ ആയിരിക്കെ വിഷയത്തെ വളച്ചൊടിക്കേണ്ടത് തീവ്ര മുസ്ലിം വിരുദ്ധതയും, ഫാസിസ്റ്റ് നിലപാടുകളും കൈമുതലായുള്ള ബി ജെ പിയുടെ ആവശ്യമായിരുന്നു. സ്വര്‍ണം കടത്തിയത് നയതന്ത്ര ബാ?ഗേജിലാണെന്ന് പാര്‍ലമെന്റിലടക്കം വ്യക്തമാക്കിയിട്ടും ആ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടവര്‍ അതിവി?ധ??ഗ്ധമായി ഒളിച്ചു കളിക്കുകയാണ്. ഈ സ്വര്‍ണം സ്വീകരിച്ചതാകട്ടെ ലീഗിന് പ്രിയപ്പെട്ടവരും. മുഖ്യമന്ത്രിയുടെ ഓഫിസിലടക്കം അന്വേഷണ ഏജന്‍സികള്‍ കയറി ഇറങ്ങുമെന്ന് മോഹിച്ചവര്‍ക്ക് ഇരുട്ടടിയായിരുന്നു യാഥാര്‍ഥ്യം. ഇതില്‍ നിന്ന് മുഖം രക്ഷിക്കാന്‍ അവരൊരു രക്തസാക്ഷിയെ തേടുകയായിരുന്നു. ഒരു വെടിക്ക് രണ്ടു പക്ഷിയെന്ന പോലെ മന്ത്രി ജലീലിനേയും, വിശുദ്ധ ഖുറാനെയും ബന്ധപ്പെടുത്താന്‍ ലഭിച്ച അവസരം അവര്‍ കൃത്യമായ തിരക്കഥ തയ്യാറാക്കി ഉപയോ?ഗിച്ചു. കൂടെ നില്‍ക്കാന്‍ മുസ്ലിം ലീ?ഗും, കോണ്‍?ഗ്രസും കൂടി തയ്യാറായതോടെ ആക്ഷന്‍ മസാല പടത്തിന് വേണ്ട എല്ലാ തീരുവകളും ആയി.


മുസ്ലിം ലീഗിന് സമുദായത്തിനോട് എന്തെങ്കിലും ആത്മാര്‍ഥതയുണ്ടെങ്കില്‍ വിശുദ്ധ ഗ്രന്ഥത്തെ മറയാക്കി നടക്കുന്ന ഈ സമരത്തില്‍ നിന്ന് പിന്‍മാറാനുള്ള തീരുമാനം പാണക്കാട് തങ്ങള്‍ കൈക്കൊള്ളണം. സമുദായത്തെ വേദനിപ്പിച്ച്, വിശുദ്ധ ഖുറാനെ അവഹേളിച്ച് ബി ജെ പി വിളിക്കുന്ന മുദ്രാവാക്യങ്ങള്‍ ലീഗ് നേതൃത്വത്തിന് തഖ്ബീര്‍ ധ്വനികളാകും. പക്ഷേ വിശ്വാസികള്‍ക്ക് അത് ഹൃദയം നുറുങ്ങുന്ന വേദനയാണ് സമ്മാനിക്കുന്നത്.

ഇടതു മുന്നണിക്ക് തുടര്‍ ഭരണം ലഭിക്കുമെന്ന് ഉറപ്പായതില്‍ നിങ്ങള്‍ക്കുള്ള വേദന മനസിലാക്കുന്നു. ഇനിയുമൊരു അഞ്ച് കൊല്ലം കൂടി പിണറായി സര്‍ക്കാര്‍ ഭരിച്ചാല്‍ കേരളത്തിലെ കോണ്‍?ഗ്രസിനെ ബി ജെ പി ഓഫിസില്‍ കുടിയിരുത്തേണ്ടി വരുമെന്നും അറിയാം. ഇതെല്ലാം മുന്‍കൂട്ടി കാണാന്‍ കഴിയുന്ന സാഹിബുമാര്‍ ഉള്ള പാര്‍ട്ടിയായ ലീഗ് ഈ അവസരത്തിലും എന്ത് ഒത്തു തീര്‍പ്പിനും കൂട്ടുനില്‍ക്കുമെന്നത് വ്യക്തമാണ്.

കോവിഡ് കഴിയുന്നതോടെ രാജ്യം നേരിടാന്‍ പോകുന്ന എന്‍ ആര്‍ സി, സി എ എ വെല്ലുവിളികളും ബി ജെ പിയുമായി കൂട്ടുച്ചേര്‍ന്ന് മുസ്ലിം ലീഗ് ഒറ്റിക്കൊടുക്കുമോയെന്നാണ് ഇനി അറിയേണ്ടത്. സമുദായ സംരക്ഷകരെന്ന മുഖാവരണവുമായി നടക്കുന്ന പ്രസ്ഥാനത്തിന് സമുദായ ലാഭത്തേക്കാളുപരി കച്ചോട ലാഭമാണെന്നത് ബാബറി മസ്ജിദ് വിഷയത്തിലടക്കം കണ്ടതാണ്. അത്തരമൊരു ഒത്തുതീര്‍പ്പിനാകും പൗരത്വ വിഷയത്തിലും ലീഗ് എത്തിച്ചേരുക എന്ന് നിസംശയം പറയാം.

എന്തായാലും ജലീല്‍ വിഷയത്തില്‍ വിജയം പ്രതീക്ഷിച്ചിരിക്കുന്ന പ്രതിപക്ഷത്തെ കാത്തിരിക്കുന്നത് കൊറോണ നല്‍കുന്ന പുരസ്‌കാരം മാത്രമായിരിക്കും. കേരളം മുഴുവന്‍ രോഗം പരത്താന്‍ പ്രതിപക്ഷം കാണിച്ച സന്മനസിന് കോവിഡ് എന്നും നന്ദിയുള്ളവനായിരിക്കും.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


CONTENT HIGHLGHTS:  tanur mla v abdurahman slams muslim league