ഹിന്ദുത്വ ശക്തികളെ എതിര്‍ക്കുന്നുവെങ്കില്‍ വിജയ് 'ഇന്ത്യ'യിലേക്ക് വരണം: തമിഴ്‌നാട് പി.സി.സി അധ്യക്ഷന്‍
national news
ഹിന്ദുത്വ ശക്തികളെ എതിര്‍ക്കുന്നുവെങ്കില്‍ വിജയ് 'ഇന്ത്യ'യിലേക്ക് വരണം: തമിഴ്‌നാട് പി.സി.സി അധ്യക്ഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 18th January 2025, 1:47 pm

ചെന്നൈ: വിജയ്‌യെയും തമിഴക വെട്രി കഴകത്തേയും ഇന്ത്യാ സഖ്യത്തിലേക്ക് ക്ഷണിച്ച് തമിഴ്‌നാട് പി.സി.സി അധ്യക്ഷന്‍ സെല്‍വപെരുന്തഗൈ.

ഹിന്ദുത്വ ശക്തികളെ എതിര്‍ക്കുന്നുവെങ്കില്‍ വിജയ് ഇന്ത്യാ മുന്നണിയില്‍ ചേരണമെന്നും സെല്‍വപെരുന്തഗൈ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കവേയാണ് പി.സി.സി അധ്യക്ഷന്റെ പരാമര്‍ശം.

ഇന്ത്യാ മുന്നണിയിലേക്കുള്ള പ്രവേശനം വിജയ്ക്കും അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രത്തിനും അനുയായികള്‍ക്കും നല്ലതാണെന്നും സെല്‍വപെരുന്തഗൈ പറഞ്ഞു. ഈയൊരു മാറ്റം എല്ലാവര്‍ക്കും നല്ലതായിരിക്കുമെന്നും സെല്‍വപെരുന്തഗൈ കൂട്ടിച്ചേര്‍ത്തു.


പാര്‍ട്ടി പ്രഖ്യാപന സമ്മേളനത്തില്‍ തങ്ങള്‍ മതവാദ ശക്തികള്‍ക്ക് എതിരാണെന്നാണ് വിജയ് പറഞ്ഞത്. അക്കാരണത്താല്‍ തന്നെ അദ്ദേഹം ഇന്ത്യാ മുന്നണിയോടൊപ്പം ചേരുന്നതാണ് നല്ലതെന്നും സെല്‍വപെരുന്തഗൈ പറഞ്ഞു. ഒരു യഥാര്‍ത്ഥ ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ തനിക്ക് പറയാന്‍ കഴിയുന്ന ഏറ്റവും വലിയ കാര്യമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അന്തരിച്ച മുന്‍ കേന്ദ്രമന്ത്രിയും തമിഴ്‌നാട് കോണ്‍ഗ്രസ് അധ്യക്ഷനുമായ വാഴപ്പാടി രാമമൂര്‍ത്തിയുടെ 86-ാം ജന്മദിനാഘോഷ പരിപാടികളില്‍ പങ്കെടുത്തതിന് ശേഷമാണ് സെല്‍വപെരുന്തഗൈ മാധ്യമങ്ങളോട് പ്രതികരിച്ചത്.

സാമൂഹിക നീതിയില്‍ ഊന്നിയ മതേതര സമൂഹം പടുത്തുയര്‍ത്തുക എന്നതാണ് തമിഴക വെട്രി കഴകത്തിന്റെ നയമെന്ന് വില്ലുപുരം വിക്രവണ്ടിയില്‍ നടന്ന പാര്‍ട്ടിയുടെ ആദ്യ സംസ്ഥാന സമ്മേളനത്തില്‍ വിജയ് പ്രഖ്യാപിച്ചിരുന്നു. ‘ജനിച്ചവരെല്ലാം തുല്യര്‍’ എന്നതാണ് പാര്‍ട്ടിയുടെ മറ്റൊരു നയം. സമത്വമുള്ള സമൂഹത്തെ സൃഷ്ടിക്കുക എന്നത് പാർട്ടിയുടെ ലക്ഷ്യവും.

ടി.വി.കെ ആരുടേയും എ ടീമോ ബി ടീമോ അല്ലെന്നും പണത്തിന് വേണ്ടിയല്ല, മാന്യമായി രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുമെന്നും വിജയ് പാര്‍ട്ടി പ്രഖ്യാപനത്തില്‍ പറഞ്ഞിരുന്നു. ബി.ജെ.പി ആശയപരമായി ടി.വി.കെയുടെ ശത്രുവാണെന്നും വിജയ് പറഞ്ഞിരുന്നു.

2026 തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും എതിരാളികളെ മാന്യമായി എതിര്‍ക്കുമെന്നും വിജയ് പറഞ്ഞിരുന്നു. ദ്രാവിഡ മോഡല്‍ പറഞ്ഞ് ഡി.എം.കെ ജനങ്ങളെ വഞ്ചിക്കുകയാണെന്നും ഡി.എം.കെ രാഷ്ട്രീയ എതിരാളിയാണെന്നും വിജയ് വ്യക്തമാക്കിയിരുന്നു.

Content Highlight: Tamilnadu PCC President invites Vijay and Tamizhaka Vetri Kazhakam to India alliance