എം.എല്‍.എമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിലും 'തമിഴ് തായ് വാഴ്ത്ത്' മൂന്നാമത് ; വിജയ് ബി.ജെ.പി രാഷ്ട്രീയം പയറ്റുന്നെന്ന് ഡി.എം.കെ
India
എം.എല്‍.എമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിലും 'തമിഴ് തായ് വാഴ്ത്ത്' മൂന്നാമത് ; വിജയ് ബി.ജെ.പി രാഷ്ട്രീയം പയറ്റുന്നെന്ന് ഡി.എം.കെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 21st May 2026, 5:19 pm

ചെന്നൈ: തമിഴ്നാട്ടില്‍ മുഖ്യമന്ത്രി വിജയ്‌യുടെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്ക് പിന്നാലെ, സംസ്ഥാന ഗാനത്തെച്ചൊല്ലി വീണ്ടും വിവാദം.

പുതുതായി 23 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത ചടങ്ങില്‍ തമിഴ്നാടിന്റെ സംസ്ഥാന ഗാനമായ ‘തമിഴ് തായ് വാഴ്ത്ത്’ മൂന്നാമതായി ആലപിച്ചതാണ് പുതിയ രാഷ്ട്രീയ പോരിന് വഴിവെച്ചിരിക്കുന്നത്.

വിജയ് അധികാരമേറ്റതിന് പിന്നാലെ രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ഔദ്യോഗിക ചടങ്ങില്‍ തമിഴ് ഗീതം അവസാനമായി ആലപിക്കുന്നത്.

തമിഴ് സംസ്‌കാരത്തെയും ആചാരങ്ങളെയും വിജയ് സര്‍ക്കാര്‍ അനാദരിക്കുകയാണെന്ന് പ്രതിപക്ഷമായ ഡി.എം.കെ പറഞ്ഞു.

മേയ് 10ന് വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോഴും സമാനമായ രീതിയില്‍ തമിഴ് തായ് വാഴ്ത്ത് മൂന്നാമതായി ആലപിച്ചത് വലിയ വിവാദമായിരുന്നു.

അന്ന് സഖ്യകക്ഷികള്‍ ഉള്‍പ്പെടെ ശക്തമായ പ്രതിഷേധം അറിയിച്ചതിനെ തുടര്‍ന്ന്, വരും ദിവസങ്ങളില്‍ ഈ രീതി തുടരില്ലെന്നും പഴയ കീഴ്‌വഴക്കം പോലെ പരിപാടിയുടെ തുടക്കത്തില്‍ തമിഴ് ഗാനവും ഒടുവില്‍ ദേശീയഗാനവും ആലപിക്കുമെന്നും തമിഴക വെട്രി കഴകം ഉറപ്പ് നല്‍കിയിരുന്നു.

എന്നാല്‍, ഇന്ന് 23 പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തപ്പോഴും ഇത് ആവര്‍ത്തിച്ചതാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്. നല്‍കിയ ഉറപ്പ് പാലിക്കുന്നതില്‍ ടി.വി.കെ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷം ആരോപിച്ചു.

‘കഴിഞ്ഞ തവണ ഉറപ്പ് നല്‍കിയിട്ടും ടി.വി.കെ വീണ്ടും പരാജയപ്പെട്ടിരിക്കുന്നു. തമിഴ് ജനതയുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല.’ ഡി.എം.കെ വക്താവ് ശരവണന്‍ അണ്ണാദുരൈ പറഞ്ഞു.

വിഷയത്തില്‍ കടുത്ത വിമര്‍ശനവുമായി ഡി.എം.കെ നേതാക്കള്‍ രംഗത്തെത്തി. തമിഴ്നാട്ടില്‍ ബി.ജെ.പിയുടെ രാഷ്ട്രീയം പ്രയോഗിക്കാന്‍ വിജയ് ശ്രമിക്കരുതെന്ന് ഡി.എം.കെ മുന്നറിയിപ്പ് നല്‍കി. ഡി.എം.കെ ഭരണകാലത്ത് പ്രഥമസ്ഥാനത്തുണ്ടായിരുന്ന തമിഴ് തായ് വിജയ് ഭരണത്തില്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

ഡി.എം.കെ വക്താവ് ടി.കെ.എസ് ഇളങ്കോവന്‍ സര്‍ക്കാരിനെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. ‘വിജയ് സര്‍ക്കാരിന് യാതൊരു നിയന്ത്രണവുമില്ല. ബി.ജെ.പിക്കാരനായ ഗവര്‍ണറുടെ സമ്മര്‍ദത്തിലാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. അവര്‍ തമിഴിനെയും തമിഴ്‌നാട്ടിലെ ആചാരങ്ങളെയും അനാദരിക്കുകയാണ്.’ അദ്ദേഹം പറഞ്ഞു.

ഡി.എം.കെ നേതാവ് ആര്‍.എസ്. ഭാരതിയും ടി.വി.കെ സര്‍ക്കാരിന്റെ നടപടിക്കെതിരെ രംഗത്തെത്തി.

‘എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഈ വിഷയം ഉന്നയിച്ചിട്ടും ഇത് ആവര്‍ത്തിക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന് ഈ വിഷയത്തില്‍ യാതൊരു താത്പര്യവുമില്ല. എം.കെ. സ്റ്റാലിന്റെ കാലത്ത് ഒന്നാം സ്ഥാനത്തായിരുന്ന തമിഴ്‌നാട് വരും ദിവസങ്ങളില്‍ മൂന്നോ നാലോ സ്ഥാനത്തേക്ക് താഴുമെന്ന് ഞാന്‍ കരുതുന്നു. പാര്‍ട്ടി രൂപീകരിക്കുന്നതിന് മുന്‍പ് തന്നെ ഞങ്ങള്‍ ഹിന്ദി സാമ്രാജ്യത്വത്തെ എതിര്‍ത്തവരാണ്. കഴിഞ്ഞ 60 വര്‍ഷമായി ത്രിഭാഷാ നയം തമിഴ്‌നാട്ടില്‍ പ്രവേശിച്ചിട്ടില്ല.’ അദ്ദേഹം പറഞ്ഞു.

ടി.വി.കെയുടെ സഖ്യകക്ഷികള്‍ക്കും ഈ നടപടിയില്‍ കടുത്ത അമര്‍ഷമുണ്ട്. ഇത് നിലവിലെ കീഴ്‌വഴക്കങ്ങളുടെ ലംഘനമാണെന്ന് സി.പി.ഐ സെക്രട്ടറി എം. വീരപാണ്ഡ്യന്‍ പറഞ്ഞു. തമിഴ് ഗീതം അവസാനം ആലപിച്ചതിനെ ‘അനീതി’ എന്നാണ് കോണ്‍ഗ്രസ് വിശേഷിപ്പിച്ചത്.

മരുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴകം ജനറല്‍ സെക്രട്ടറി വൈകോ കേന്ദ്ര നിര്‍ദേശത്തെയും ഗവര്‍ണറെയും വിമര്‍ശിച്ചാണ് രംഗത്തെത്തിയത്. ഗവര്‍ണര്‍ സംഘടിപ്പിക്കുന്ന ചടങ്ങുകളില്‍ ‘വന്ദേമാതരം’ വീണ്ടും വീണ്ടും കൊണ്ടുവന്ന് അടിച്ചേല്‍പ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

തമിഴ്നാട് സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഒരു ചടങ്ങിലും വന്ദേമാതരത്തിന് സ്ഥാനം നല്‍കരുതെന്നും, ആദ്യം തമിഴ് ഗീതവും തുടര്‍ന്ന് ദേശീയഗാനവും ആലപിക്കുന്ന പഴയ രീതി തന്നെ തുടരണമെന്നും വൈകോ ആവശ്യപ്പെട്ടു.

എന്നാല്‍ വിവാദങ്ങള്‍ പുകയുന്നതിനിടെ സര്‍ക്കാരിനെ പ്രതിരോധിച്ച് ടി.വി.കെ നേതാക്കള്‍ രംഗത്തെത്തി. രാജ്ഭവനാണ് ഇന്നത്തെ സത്യപ്രതിജ്ഞാ ചടങ്ങ് സംഘടിപ്പിച്ചതെന്നും അതുകൊണ്ടാണ് കേന്ദ്ര നിര്‍ദ്ദേശപ്രകാരം തമിഴ് ഗീതം അവസാനം പാടേണ്ടി വന്നതെന്നുമാണ് ടി.വി.കെ നേതാവ് നാഞ്ചില്‍ സമ്പത്തിന്റെ വിശദീകരണം.

ഇതില്‍ തമിഴ്‌നാട് സര്‍ക്കാരിന് യാതൊരു പങ്കുമില്ലെന്നും, വരാനിരിക്കുന്ന നിയമസഭാ സമ്മേളനങ്ങളില്‍ തമിഴ് ഗീതമായിരിക്കും ആദ്യം ആലപിക്കുകയെന്നും അദ്ദേഹം വിശദീകരിച്ചു

ദേശീയ ഗീതമായ വന്ദേമാതരത്തിന്റെ 150ാം വാര്‍ഷികം കേന്ദ്ര സര്‍ക്കാര്‍ ആഘോഷിക്കുന്നതിന്റെ ഭാഗമായി, ഔദ്യോഗിക-സര്‍ക്കാര്‍ പരിപാടികളില്‍ വന്ദേമാതരം പൂര്‍ണ്ണരൂപത്തില്‍ ആലപിക്കുന്നത് നിര്‍ബന്ധമാക്കിക്കൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അടുത്തിടെ പുതിയ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍, തമിഴ്നാട് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറുടെ അധ്യക്ഷതയില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ കേന്ദ്ര പ്രോട്ടോക്കോള്‍ പാലിക്കപ്പെട്ടു. ചടങ്ങില്‍ ആദ്യം ദേശീയ ഗീതമായ ‘വന്ദേമാതര’വും, രണ്ടാമതായി ദേശീയഗാനമായ ‘ജനഗണമന’യും ആലപിച്ച ശേഷമാണ് മൂന്നാമതായി തമിഴ് പ്രാര്‍ത്ഥനാ ഗീതം ആലപിച്ചത്.

Content Highlight: Tamil Thai Vaazhthu” ranked third even in MLAs’ swearing-in ceremony; Opposition alleges Vijay is playing BJP politics