ഈ വര്‍ഷത്തെ പൊങ്കല്‍ വിന്നര്‍ സെന്‍സര്‍ ബോര്‍ഡ് തന്നെ, പരാശക്തിയുടെ റിലീസ് തടഞ്ഞതിന് പിന്നാലെ ട്രോളുമായി തമിഴ് പേജുകള്‍
Indian Cinema
ഈ വര്‍ഷത്തെ പൊങ്കല്‍ വിന്നര്‍ സെന്‍സര്‍ ബോര്‍ഡ് തന്നെ, പരാശക്തിയുടെ റിലീസ് തടഞ്ഞതിന് പിന്നാലെ ട്രോളുമായി തമിഴ് പേജുകള്‍
അമര്‍നാഥ് എം.
Friday, 9th January 2026, 9:33 am

തമിഴ് ഇന്‍ഡസ്ട്രിയിലെ ഏറ്റവും വലിയ ഫെസ്റ്റിവല്‍ സീസണാണ് പൊങ്കല്‍. സൂപ്പര്‍താരങ്ങളുടെ സിനിമകള്‍ പലപ്പോഴും പൊങ്കല്‍ റിലീസാണ് ലക്ഷ്യം വെക്കുന്നത്. കളക്ഷന്‍ റെക്കോഡുകള്‍ നേടാന്‍ പൊങ്കല്‍ സീസണ്‍ സഹായകമാകുമെന്നാണ് പല സിനിമകളുടെയും ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. എന്നാല്‍ ഈ വര്‍ഷത്തെ പൊങ്കല്‍ സീസണ്‍ തമിഴ് ഇന്‍ഡസ്ട്രിയെ സംബന്ധിച്ച് നിരാശജനകമാണ്.

തമിഴകത്തിന്റെ ദളപതി വിജയ് നായകനായ ജന നായകനും അപ്കമിങ് സൂപ്പര്‍സ്റ്റാര്‍ ശിവകാര്‍ത്തികേയന്റെ പരാശക്തിയുമാണ് പൊങ്കല്‍ റിലീസായി പ്രഖ്യാപിച്ച ചിത്രങ്ങള്‍. എന്നാല്‍ രണ്ട് സിനിമകളുടെയും റിലീസ് തുലാസിലാണ്. ജനുവരി ഒമ്പതിന് റിലീസ് ചെയ്യേണ്ട ജന നായകന്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ മാറ്റിവെക്കേണ്ടി വന്നു. സെന്‍സര്‍ ബോര്‍ഡിന്റെ നൂലാമാലകളില്‍ പെട്ട് പരാശക്തിയുടെ റിലീസും പ്രതിസന്ധിയിലാണ്.

ഇതോടെ ഈ വര്‍ഷത്തെ പൊങ്കലിന് വമ്പന്‍ സിനിമകളൊന്നും റിലീസാകില്ലെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. സെന്‍സര്‍ ബോര്‍ഡിന്റെ ഇത്തരം നടപടികള്‍ക്കെതിരെ വലിയ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍. ഈ വര്‍ഷത്തെ പൊങ്കല്‍ വിന്നര്‍ സെന്‍സര്‍ ബോര്‍ഡാണെന്ന് പലരും പരിഹസിക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിനെതിരെയും വലിയ വിമര്‍ശനമുയരുന്നുണ്ട്.

ഹിന്ദി അടിച്ചേല്പിക്കലിനെതിരെ സംസാരിക്കുന്ന പരാശക്തിയില്‍ 20ലേറെ കട്ടുകള്‍ ആവശ്യപ്പെട്ടതും ജന നായകനില്‍ 27ലേറെ കട്ടുകള്‍ ആവശ്യപ്പെട്ടതും വിമര്‍ശനത്തിന് കാരണമായിരിക്കുകയാണ്. ഇത്രയും പേടിയാണോ കേന്ദ്രം ഭരിക്കുന്നവര്‍ക്ക് എന്നാണ് പലരും ചോദിക്കുന്നത്. അങ്ങേയറ്റം വയലന്‍സ് നിറഞ്ഞ മാര്‍ക്കോ, ധുരന്ധര്‍ പോലുള്ള സിനിമകള്‍ക്കും കേരള സ്‌റ്റോറി പോലുള്ള പ്രൊപ്പഗണ്ട സിനിമകള്‍ക്കും അനുമതി നല്‍കുന്ന സെന്‍സര്‍ ബോര്‍ഡ് ജന നായകനെയും പരാശക്തിയെയും കണ്ട് പേടിച്ചോ എന്നും ചോദ്യമുയരുന്നുണ്ട്.

സെന്‍സര്‍ ബോര്‍ഡിന്റെ കടുംപിടിത്തം കാരണം തമിഴ് ഇന്‍ഡസ്ട്രിക്ക് 800 കോടിയോളമാണ് നഷ്ടമെന്ന് ബോക്‌സ് ഓഫീസ് വിദഗ്ധര്‍ വിലയിരുത്തുന്നുണ്ട്. ജൂലൈയില്‍ ഷൂട്ട് പൂര്‍ത്തിയായ ജന നായകന്‍ ഡിസംബര്‍ 19നാണ് സെന്‍സര്‍ ബോര്‍ഡില്‍ സമര്‍പ്പിച്ചത്. 27 കട്ടുകള്‍ ആവശ്യപ്പെട്ടത് അണിയറപ്രവര്‍ത്തകര്‍ ചെയ്തിട്ടും സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിനെത്തുടര്‍ന്നാണ് അണിയറപ്രവര്‍ത്തകര്‍ കോടതിയെ സമീപിച്ചത്.

എന്നാല്‍ റിലീസിന് രണ്ട് ദിവസം ബാക്കി നില്‍ക്കെ വിധി പുറപ്പെടുവിക്കുന്ന കാര്യത്തില്‍ കോടതിയും വൈകിപ്പിച്ചു. ഇതോടെ റിലീസ് മാറ്റിവെക്കാന്‍ അണിയറപ്രവര്‍ത്തകര്‍ നിര്‍ബന്ധിതരാവുകയായിരുന്നു. 40 കോടിയിലേറെ പ്രീ സെയില്‍ നേടിയ ജന നായകന്‍ മുഴുവന്‍ തുകയും റീഫണ്ട് ചെയ്തു. പരാശക്തിയുടെ കാര്യവും വ്യത്യസ്തമല്ല.

1964ല്‍ തമിഴ്‌നാട്ടില്‍ ഹിന്ദി അടിച്ചേല്പിക്കലിനെതിരെ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭമാണ് പരാശക്തിയുടെ കഥ. സൂരറൈ പോട്രിന് ശേഷം സുധാ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രം വന്‍ ബജറ്റിലാണ് ഒരുങ്ങിയത്. ജനുവരി 10ന് റിലീസ് പ്രഖ്യാപിച്ച ചിത്രം പറഞ്ഞ സമയത്ത് എത്തുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.

Content Highlight: Tamil Pages mocking Censor Board after stopped the release of Jana Nayagan and Parasakthi

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം