ചെന്നൈ: തമിഴ് സാംസ്‌ക്കാരിക പ്രവര്‍ത്തകന്‍ നെല്ലൈ കണ്ണന്‍ അറസ്റ്റില്‍. പൗരത്വഭേഗതി നിയമത്തിനെതിരായുള്ള സമരത്തിലെ പരാമര്‍ശത്തിലാണ് അറസ്റ്റ്. ബി.ജെ.പി പ്രവര്‍ത്തകരുടെ പരാതിയിലാണ് പൊലീസ് നടപടി.
ഡിസംബര്‍ 29 ന് പൗരത്വഭേദഗതി നിയമത്തിനെതിരെ തമിഴ്നാട്ടില്‍ എസ്.ഡി.പി.ഐ സംഘടിപ്പിച്ച യോഗത്തില്‍ പ്രധാനമന്ത്രി മോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും അവസാനിപ്പിക്കാന്‍ നെല്ലൈ കണ്ണന്‍ ന്യൂനപക്ഷങ്ങളോട് ആവശ്യപ്പെട്ടുവെന്നും ഇദ്ദേഹത്തെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് തമിഴ്‌നാട്ടില്‍ ബി.ജെ.പി പ്രതിഷേധം നടത്തിയിരുന്നു.
‘പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും അവസാനിപ്പിക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷേ ആരും അത് ചെയ്യുന്നില്ല,’ എന്നായിരുന്നു നെല്ലൈ കണ്ണന്റെ പ്രസ്താവന. ഇതിന് പിന്നാലെ അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്. രാജ രംഗത്തെത്തിയിരുന്നു. ഐ.പി.സി സെക്ഷന്‍ 504, 505, 505 (2) പ്രകാരം തമിഴ്‌നാട് പൊലീസ് നെല്ലൈ കണ്ണനെതിരെ കേസെടുത്തിരുന്നു.