സ്ത്രീസുരക്ഷയ്ക്കായി പ്രത്യേക സേന, 200 യൂണിറ്റ് സൗജന്യ വൈദ്യുതി; ജനപ്രിയ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി വിജയ്
Daily News
സ്ത്രീസുരക്ഷയ്ക്കായി പ്രത്യേക സേന, 200 യൂണിറ്റ് സൗജന്യ വൈദ്യുതി; ജനപ്രിയ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി വിജയ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 10th May 2026, 1:30 pm

ചെന്നൈ: സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തതിന് പിറകെ മൂന്ന് പ്രധാന ഉത്തരവുകളില്‍ ഒപ്പുവച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്. സ്ത്രീ സുരക്ഷയ്ക്കും ലഹരി ഉപയോഗം തടയുന്നതിനുമുള്ള പദ്ധതികള്‍, 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കുന്ന പദ്ധതി എന്നിവയുടെ ഉത്തരവുകളിലാണ് സത്യപ്രതിജ്ഞാ വേദിയില്‍ വെച്ച് വിജയ് ഒപ്പ് വച്ചത്.

ടി.വി.കെ പ്രകടന പത്രികയിലെ മൂന്ന് ജനപ്രിയ പ്രഖ്യാപനങ്ങളാണ് ഈ ഉത്തരവുകളിലൂടെ യാഥാര്‍ത്ഥ്യമാവുന്നത്. അര്‍ഹരായ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കുന്നതാണ് അംഗീകാരം നല്‍കിയ പദ്ധതികളിലൊന്ന്.

സ്ത്രീകളുടെ സുരക്ഷയ്ക്ക് വേണ്ടി പ്രത്യേകം ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുന്നതിനായുള്ള ഉത്തരവിനും തമിഴ്‌നാട് മുഖ്യമന്ത്രി അംഗീകാരം നല്‍കി. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയാനും സ്ത്രീകളുടെ സുരക്ഷ ശക്തമാക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി. ഇതിന്‌റെ ഭാഗമായി സ്ത്രീസുരക്ഷയ്ക്കായുള്ള പ്രത്യേക ഹെല്‍പ്പ്‌ലൈനും ആരംഭിക്കും.

ഇതിന് പുറമെ മയക്കുമരുന്ന് കടത്ത് തടയുന്നതിനുള്ള പ്രത്യേക സംഘത്തെ രൂപീകരിക്കുന്നതിനുള്ള പദ്ധതിക്കും വിജയ് അംഗീകാരം നല്‍കി. ഇതിലൂടെ മയക്കുമരുന്ന് കടത്ത് സംഘങ്ങളെ നിയന്ത്രിക്കാനും ഇതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ തടയാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.

മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം തമിഴ്‌നാട് മന്ത്രിസഭയിലെ ഒമ്പത് കാബിനറ്റ് മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. എന്‍. ആനന്ദ്, ആധവ് അര്‍ജുന, ഡോ. കെ.ജി അരുണ്‍രാജ്, കെ.എ. സെങ്കോട്ടൈയ്യന്‍, രാജ്മോഹന്‍, ആര്‍. നിര്‍മല്‍കുമാര്‍, പി. വെങ്കട്ടരമണന്‍, ടി.കെ. പ്രഭു, എസ്. കീര്‍ത്തന എന്നിവരാണ് സ്ഥാനമേറ്റ കാബിനറ്റ് മന്ത്രിമാര്‍.

ഒരു പുതിയ ഭരണത്തിനും പുതിയ തുടക്കത്തിനുമായി തമിഴ്നാട്ടിലെ ജനങ്ങള്‍ ഒത്തൊരുമിക്കണമെന്ന് സത്യപ്രതിജ്ഞയ്ക്ക് ശേഷമുള്ള പ്രസംഗത്തില്‍ വിജയ് പറഞ്ഞു. മതനിരപേക്ഷ സാമൂഹ്യ നീതിയുടെ ഒരു പുതിയ യുഗം ഇപ്പോള്‍ തുടങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ പണം ഞാന്‍ കവര്‍ന്നെടുക്കില്ല. തനിക്ക് അതിന്റെ ആവശ്യമില്ലെന്ന് ജനത്തിനറിയാം. ചെയ്യാന്‍ കഴിയുന്ന വാഗ്ദാനങ്ങള്‍ മാത്രമേ ഞാന്‍ ചെയ്തിട്ടുള്ളൂ. തന്റെ കൂടെയുള്ളവര്‍ തെറ്റ് ചെയ്താലും അവരെ വെറുതെ വിടില്ലെന്നും വിജയ് പറഞ്ഞു.

Content Highlight: Tamil Nadu: Vijay Takes Oath, Signed in Three Orders