തമിഴ്‌നാട്ടില്‍ വിദ്യാര്‍ഥികളെ കൊണ്ട് കാല് മസാജ് ചെയ്യിപ്പിച്ച് അധ്യാപിക; വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്
India
തമിഴ്‌നാട്ടില്‍ വിദ്യാര്‍ഥികളെ കൊണ്ട് കാല് മസാജ് ചെയ്യിപ്പിച്ച് അധ്യാപിക; വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 3rd September 2025, 1:06 pm

തമിഴ്‌നാട്: തമിഴ്നാട് ധര്‍മ്മപുരിയില്‍ ക്ലാസ് മുറിയില്‍ വെച്ച് വിദ്യാര്‍ഥികളെ കൊണ്ട് കാല് മസാജ് ചെയ്യിപ്പിച്ച് അധ്യാപിക. സ്‌കൂളിലെ പ്രധാനാധ്യാപിക കലൈവാണി കുട്ടികളെ കൊണ്ട് കാലില്‍ മസാജ് ചെയ്യിച്ചെന്നാണ് പരാതി. വീഡിയോ സാമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ പൊലീസ് ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചു.

റിപ്പോര്‍ട്ടനുസരിച്ച് ഹരൂരിലെ മാവേരിപട്ടി പ്രൈമറി സ്‌കൂളിലാണ് സംഭവം. ക്ലാസ് മുറിക്കുള്ളില്‍ ഒരു മേശപ്പുറത്ത് കിടന്ന് കൊണ്ട് വിദ്യാര്‍ഥികളോട് അധ്യാപിക കാലുകള്‍ തിരുമ്മാന്‍ നിര്‍ദ്ദേശിക്കുന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ഗ്രാമത്തില്‍ നിന്നുള്ള 30 ഓളം വിദ്യാര്‍ഥികള്‍ ഈ സ്‌കൂളില്‍ പഠിക്കുന്നുണ്ട്.

സംഭവത്തിന്റെ വീഡിയോ ദ്യശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ പ്രധാനാധ്യപികക്കെതിരെ അന്വേഷണം ആരംഭിച്ചു. അന്വേഷണം പൂര്‍ത്തിയായ ശേഷം കലൈവാണിക്കെതിരെ നടപടിയെടുക്കുമെന്നാണ് ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ടെന്നും മറ്റ് കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം തമിഴ്‌നാട്ടിലും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഒരു സര്‍ക്കാര്‍ സ്‌കൂളിലെ ഗണിത അധ്യാപകന്‍ ജോലി സമയത്ത് ഉറങ്ങുകയും വിദ്യാര്‍ത്ഥികളോട് കാലില്‍ മസാജ് ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

തലൈവാസലിലെ കാമക്കപാളയത്തില്‍ നിന്നുള്ള ജെ.ജയപ്രകാശ് എന്ന അധ്യാപകനെതിരെയായിരുന്നു പരാതി. വീഡിയോ പ്രചരിച്ചതോടെ ജയപ്രകാശിനെ സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി സസ്‌പെന്‍ഡ് ചെയ്തു. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്.

Content Highlight: Tamil Nadu teacher gets students to massage her feet; Video footage emerges