ആര്‍ത്തവത്തെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ വിദ്യാര്‍ത്ഥിയെ പുറത്ത് നിര്‍ത്തി പരീക്ഷ എഴുതിച്ച് മാനേജ്‌മെന്റ്
national news
ആര്‍ത്തവത്തെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ വിദ്യാര്‍ത്ഥിയെ പുറത്ത് നിര്‍ത്തി പരീക്ഷ എഴുതിച്ച് മാനേജ്‌മെന്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 10th April 2025, 1:57 pm

ചെന്നൈ: ആര്‍ത്തവത്തെ തുടര്‍ന്ന് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ പുറത്തുനിര്‍ത്തി പരീക്ഷ എഴുതിച്ചതായി പരാതി. പട്ടികജാതി വിഭാഗത്തില്‍പെട്ട അരുന്ധതി എന്ന വിദ്യാര്‍ത്ഥിനിയോടാണ് സ്‌കൂള്‍ അധികൃതര്‍ വിവേചനം കാണിച്ചതെന്നാണ് റിപ്പോര്‍ട്ട്.

കോയമ്പത്തൂരിലെ സ്വകാര്യ മെട്രിക്കുലേഷന്‍ സ്‌കൂളിലാണ് സംഭവം. വിദ്യാര്‍ത്ഥിനിയെ ക്ലാസ് മുറിക്ക് പുറത്ത് നിര്‍ത്തിയാണ് അധികൃതര്‍ പരീക്ഷ എഴുതിച്ചത്.

പിന്നാലെ പെണ്‍കുട്ടിയുടെ അമ്മ വീഡിയോ എടുക്കുകയും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയുമായിരുന്നു. സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ വിവേചനത്തിന് കര്‍ശന നടപടിയെടുക്കണമെന്നും രക്ഷിതാവ് ആവശ്യപ്പെട്ടു. സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ കളക്ടറെ സമീപിക്കാന്‍ നാട്ടുകാരും തീരുമാനിച്ചിട്ടുണ്ട്.

കോയമ്പത്തൂര്‍ ജില്ലയിലെ കിണത്തുകടവ് താലൂക്കിലെ സെങ്കുട്ടായിപാളയം ഗ്രാമത്തിലെ സ്വാമി ചിദ്ഭവന്ദ മെട്രിക് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് വിദ്യാര്‍ത്ഥി പഠിക്കുന്നത്.

ഏപ്രില്‍ അഞ്ചാം തീയതിയാണ് വിദ്യാര്‍ത്ഥിനി പ്രായപൂര്‍ത്തിയായത്. പിന്നാലെ രണ്ട് പരീക്ഷകള്‍ എഴുതാനായി എത്തിയപ്പോഴും സ്‌കൂള്‍ മാനേജ്‌മെന്റ് ക്ലാസില്‍ പ്രവേശിപ്പിക്കാന്‍ സമ്മതിച്ചില്ലെന്ന് വിദ്യാര്‍ത്ഥി അമ്മയോട് പറയുകയായിരുന്നു.

പിന്നാലെ അമ്മ വിദ്യാര്‍ത്ഥിനിയുടെ കൂടെ സ്‌കൂളിലെത്തിയപ്പോള്‍ ഈ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ വീഡിയേ വയറലാവുകയായിരുന്നു.

Content Highlight: Tamil Nadu management keeps student out of exam due to menstruation