'1942ന് ശേഷം ഗാന്ധിജി ഒന്നും ചെയ്തില്ല'; സ്വാതന്ത്ര്യം നേടിത്തന്നത് നേതാജിയാണെന്ന് തമിഴ്നാട് ഗവർണർ
national news
'1942ന് ശേഷം ഗാന്ധിജി ഒന്നും ചെയ്തില്ല'; സ്വാതന്ത്ര്യം നേടിത്തന്നത് നേതാജിയാണെന്ന് തമിഴ്നാട് ഗവർണർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 23rd January 2024, 3:35 pm

ചെന്നൈ: 1942ന് ശേഷം മഹാത്മാ ഗാന്ധിയുടെ പോരാട്ടം ഫലം കണ്ടില്ലെന്നും സുഭാഷ് ചന്ദ്രബോസാണ് സ്വാതന്ത്ര്യം നേടിത്തന്നതെന്നും തമിഴ്നാട് ഗവർണർ ആർ.എൻ. രവി.

സുഭാഷ് ചന്ദ്രബോസിനെ ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട് അണ്ണാ സർവകലാശാല സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഹമ്മദലി ജിന്നയാണ് രാജ്യത്തിൽ വിഭാഗീയതക്ക് തുടക്കമിട്ടതെന്നും ഗവർണർ ആരോപിച്ചു.

‘നേതാജി ഇല്ലായിരുന്നുവെങ്കിൽ 1947ൽ ഇന്ത്യ സ്വതന്ത്രമാകില്ലായിരുന്നു. 1942ന് ശേഷം മഹാത്മാ ഗാന്ധി നയിച്ച സ്വാതന്ത്ര്യ സമര പോരാട്ടം പരിശോധിക്കുകയാണെങ്കിൽ ഒന്നും തന്നെ സംഭവിച്ചിട്ടില്ല.

തമ്മിലുള്ള തർക്കങ്ങളും പോരാട്ടങ്ങളുമായി തിരക്കിലായിരുന്നു അവർ.

മുഹമ്മദലി ജിന്നയുടെ നേതൃത്വത്തിലുള്ള മുസ്‌ലിം ലീഗ് വിഭജനത്തിന് വേണ്ടി പോരാടുകയായിരുന്നു. അങ്ങനെ നമ്മൾ വിഭജിക്കപ്പെട്ടു.

ബ്രിട്ടീഷുകാർ അത് ആസ്വദിക്കുകയായിരുന്നു. കാര്യമായ പ്രതിരോധങ്ങളൊന്നും രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ട ശേഷം ബ്രിട്ടീഷുകാർക്കെതിരെ ഉണ്ടായിട്ടില്ല,’ ആർ.എൻ. രവി പറഞ്ഞു.

താൻ ആർക്കൈവ് രേഖകൾ പരിശോധിച്ച് കണ്ടെത്തിയതാണെന്നും വേണ്ടത്ര രീതിയിൽ ആളുകൾക്ക് ഇതൊന്നും അറിയില്ല എന്നുമായിരുന്നു തമിഴ്നാട് ഗവർണർ പറഞ്ഞത്‌.

അതേസമയം പരിപാടിയിൽ പങ്കെടുക്കുവാൻ വിദ്യാർത്ഥികളെ സർവകലാശാല അധികൃതർ നിർബന്ധിച്ചുവെന്നും പങ്കെടുക്കാത്തവർക്ക് ഹാജർ നിഷേധിച്ചുവെന്നും ആരോപണം ഉയർന്നിട്ടുണ്ട്.

CONTENT HIGHLIGHT: Tamil Nadu governor RN Ravi says after 1942 Gandhiji did nothing and Nethaji gained freedom for India