മുസ്‌ലിം സംവരണം ഒഴിവാക്കിയ നടപടി ഭരണഘടനാ വിരുദ്ധം; കേന്ദ്രത്തിനെതിരെ സ്റ്റാലിന്‍
India
മുസ്‌ലിം സംവരണം ഒഴിവാക്കിയ നടപടി ഭരണഘടനാ വിരുദ്ധം; കേന്ദ്രത്തിനെതിരെ സ്റ്റാലിന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 3rd May 2023, 6:35 pm

 

ചെന്നൈ: കര്‍ണാടകയില്‍ മുസ്‌ലിം വിഭാഗത്തിന് ഉണ്ടായിരുന്ന 4 ശതമാനം സംവരണം ഒഴിവാക്കിയ ബി.ജെ.പി സര്‍ക്കാരിന്റെ നടപടി ഭരണഘടനാ വിരുദ്ധമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ബി.ജെ.പി സര്‍ക്കാര്‍ വിദ്വേഷ അജണ്ട അടിച്ചേല്‍പ്പിക്കുകയാണെന്നും സ്റ്റാലിന്‍ പറഞ്ഞു.

സംവരണം ഒഴിവാക്കിയ നടപടി ന്യൂനപക്ഷത്തോടുളള വിദ്വേഷമാണ് തുറന്ന് കാട്ടുന്നത്. തെരഞ്ഞെടുപ്പ് നേട്ടത്തിനായാണ് ഇതെന്നും സ്റ്റാലിന്‍ കുറ്റപ്പെടുത്തി. ഉങ്കളില്‍ ഒരുവന്‍ എന്ന പ്രതിമാസ പരിപാടിയില്‍ ചോദ്യങ്ങളോട് പ്രതികരിക്കവെയാണ് സ്റ്റാലിന്റെ പരാമര്‍ശം.

കര്‍ണാടകയില്‍ കഴിഞ്ഞ മാര്‍ച്ചില്‍ മുസ്‌ലിം വിഭാഗത്തിന് നല്‍കിയിരുന്ന 4 ശതമാനം ഒ.ബി.സി സംവരണം ഒഴിവാക്കുകയും വൊക്കലിംഗ, ലിംഗായത്ത് സമുദായങ്ങള്‍ക്ക് നല്‍കുകയും ചെയ്തിരുന്നു.

‘മുസ്‌ലിം സമുദായത്തിന് എതിരായ വിദ്വേഷ പ്രചാരണം ഹിന്ദുക്കളെ തൃപ്തിപ്പെടുത്തുന്നെന്ന് ബി.ജെ.പി വിശ്വസിക്കുന്നു. എന്നാല്‍ അതല്ല സത്യം. ബി.ജെ.പിക്ക് വോട്ട് ചെയ്യാത്തവരില്‍ ഭൂരിപക്ഷവും ഹിന്ദുക്കളാണ്’, സ്റ്റാലിന്‍ പറഞ്ഞു.

‘സമാധാനവും സഹോദര്യവും ആഗ്രഹിക്കുന്നവരാണ് ഹിന്ദുക്കള്‍. ബി.ജെ.പി അവരുടെ അജണ്ട ഒരു വിഭാഗത്തിന് മേല്‍ അടിച്ചേല്‍പ്പിക്കുകയും അത് ഭൂരിപക്ഷത്തിന്റെ വികാരമായി അവതരിപ്പിക്കുകയും ചെയ്യുന്നു. നുണപ്രചാരണങ്ങള്‍ നടത്തുന്ന ചില നവമാധ്യമസംഘടനകളും സോഷ്യല്‍ മീഡിയയും ഇതില്‍ ബി.ജെ.പിയെ പിന്തുണയ്ക്കുന്നു’, സ്റ്റാലിന്‍ പറഞ്ഞു.

2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനായി പ്രതിപക്ഷ ഐക്യ ചര്‍ച്ചകള്‍ നടന്നുവരികെയാണ് ബി.ജെ.പിക്കെതിരായ സ്റ്റാലിന്റെ കടുത്ത പരാമര്‍ശം. മതനിരപേക്ഷത ഉയര്‍ത്തിപിടിക്കുന്ന നമ്മുടെ രാജ്യത്ത് ആഭ്യന്തര മന്ത്രിയുടെ ഇത്തരത്തിലുളള പരാമര്‍ശം ഭരണഘടനാ വിരുദ്ധമാണെന്ന് സ്റ്റാലിന്‍ പറഞ്ഞു.

‘ഗീബല്‍സിന്റെ നുണകള്‍ നാസികള്‍ക്ക് എങ്ങനെയാണോ, സത്യം ജനങ്ങള്‍ക്ക് ഉളളതാണ്. ഇന്ത്യന്‍ ജനതയുടെ ബോധം ഒരിക്കലും നഷ്ടപ്പെടുമെന്ന ഞങ്ങള്‍ വിശ്വസിക്കുന്നില്ല’, സ്റ്റാലിന്‍ പറഞ്ഞു.

മകന്‍ ഉദയനിധി സ്റ്റാലിനും മരുമകന്‍ വി. ശബരീഷനുമെതിരായ അഴിമതി ആരോപണത്തില്‍ പുറത്ത് വന്ന ഓഡിയോ ക്ലിപ്പിനെ കുറിച്ചും ആദ്യമായി സ്റ്റാലിന്‍ പ്രതികരിച്ചു. വിലകുറഞ്ഞ രാഷ്ട്രീയത്തില്‍ പ്രതികരിക്കാനില്ലെന്നായിരുന്നു സ്റ്റാലിന്‍ പറഞ്ഞത്.

കര്‍ണാടകയില്‍ മുസ്‌ലിം വിഭാഗത്തിനുണ്ടായിരുന്ന നാല് ശതമാനം സംവരണം എടുത്തുകളഞ്ഞതിനെ ന്യായീകരിച്ച് അമിത് ഷാ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. മതത്തിന്റെ അടിസ്ഥാനത്തിലുള്ള സംവരണം ഒരിക്കലും അനുവദിക്കരുതെന്നായിരുന്നു അമിത് ഷാ പറഞ്ഞത്. കര്‍ണാടകയില്‍ അധികാരത്തിലെത്തിയാല്‍ മുസ്ലീങ്ങള്‍ക്ക് നാല് ശതമാനം സംവരണം പുനഃസ്ഥാപിക്കുമെന്ന കോണ്‍ഗ്രസിന്റെ അവകാശവാദവും അമിത് ഷാ തള്ളി.

വോട്ട് നേടാനുള്ള കോണ്‍ഗ്രസിന്റെ പ്രീണന നയമാണ് വാഗാദാനത്തിന് പിന്നിലെന്നാണ് അമിത് ഷാ പറഞ്ഞത്.

Content Highlight: Tamil Nadu CM Stalin slams Amit Shah, BJP over Muslim quota row in Karnataka