സ്റ്റാലിന് മാര്‍ക്കിട്ട് തമിഴ്‌നാട് ബി.ജെ.പി; 'നിറവേറ്റിയത് 31 ശതമാനം വാഗ്ദാനങ്ങള്‍ മാത്രം'
national news
സ്റ്റാലിന് മാര്‍ക്കിട്ട് തമിഴ്‌നാട് ബി.ജെ.പി; 'നിറവേറ്റിയത് 31 ശതമാനം വാഗ്ദാനങ്ങള്‍ മാത്രം'
ആദര്‍ശ് എം.കെ.
Saturday, 21st February 2026, 12:33 pm

 

ചെന്നൈ: സ്റ്റാലിന്‍ സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ടുമായി തമിഴ്‌നാട് ബി.ജെ.പി. ഡി.എം.കെ ഭരണം പൂര്‍ണ പരാജയമായിരുന്നുവെന്നും 2021ലെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ പ്രഖ്യാപിച്ച 505 വാഗ്ദാനങ്ങളില്‍ 160 എണ്ണം മാത്രമേ പൂര്‍ത്തിയാക്കിയുള്ളൂവെന്നും ബി.ജെ.പി കുറ്റപ്പെടുത്തി.

വിദ്യാഭ്യാസം, കായികം, തമിഴ് ഭാഷയും സംസ്‌കാരവും, തൊഴിലാളി-വ്യവസായ ക്ഷേമം, പൊതുക്ഷേമം, ആരാധനയ്ക്കുള്ള അവകാശം തുടങ്ങിയ മേഖലകളില്‍ സര്‍ക്കാരിന്റെ പ്രകടനം ശരാശരിയാണെന്നാണ് ബി.ജെ.പി റിപ്പോര്‍ട്ട് കാര്‍ഡിലൂടെ വിലയിരുത്തുന്നത്.

ഭരണനിര്‍വഹണം, അടിസ്ഥാന സൗകര്യങ്ങള്‍, സാമൂഹ്യനീതി, ആരോഗ്യം, പരിസ്ഥിതി, ജലനിര്‍വഹണം, സ്ത്രീക്ഷേമം, ഗതാഗതം, മത്സ്യത്തൊഴിലാളി ക്ഷേമം, മൃഗക്ഷേമം, കൃഷി, തൊഴില്‍ എന്നിവ ഉള്‍പ്പെടെയുള്ള മേഖലകളില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും റിപ്പോര്‍ട്ട് കാര്‍ഡില്‍ പറയുന്നു.

മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും എം.പി. കനിമൊഴിയും ഉള്‍പ്പെടെയുള്ള ഡി.എം.കെ നേതാക്കള്‍ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ എത്രത്തോളം നടപ്പാക്കിയെന്ന കാര്യത്തില്‍ പരസ്പരം വിരുദ്ധമായ കണക്കുകളാണ് അവതരിപ്പിച്ചതെന്ന് ബി.ജെ.പി തമിഴ്‌നാട് അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രന്‍ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2021ല്‍ ഡി.എം.കെ പുറത്തിറക്കിയ പ്രകടനപത്രിക ബി.ജെ.പി സ്വതന്ത്രമായി പരിശോധിച്ചുവെന്നും, ഇതിലെ വാഗ്ദാനങ്ങള്‍ പാലിച്ചതിന്റെയും അല്ലാത്തതിന്റെയും അടിസ്ഥാനത്തിലാണ് മാര്‍ക്ക് നല്‍കിയതെന്നും നൈനാര്‍ നാഗേന്ദ്രന്‍ പറഞ്ഞു.

കലൈഞ്ജര്‍ മഗളിര്‍ ഉറിമൈ തൊഗൈ പോലുള്ള പദ്ധതികള്‍ ഉദയനിധി സ്റ്റാലിനെ അടുത്ത മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും തമിഴ്‌നാട് ബി.ജെ.പി കുറ്റപ്പെടുത്തി.

ഈ വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ സ്റ്റാലിനും ഡി.എം.കെ സര്‍ക്കാരിനുമെതിരെ ആക്രമണമഴിച്ചുവിടുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ബി.ജെ.പിയുടെ പ്രോഗ്രസ് റിപ്പോര്‍ട്ടെന്നാണ് വിമര്‍ശനം.

അതേസമയം, തെരഞ്ഞെടുപ്പിന് മുമ്പ് ഡി.എം.കെ നേതൃത്വം നല്‍കുന്ന എസ്.പി.എ സഖ്യം കൂടുതല്‍ ശക്തയാര്‍ജിച്ചിരിക്കുകയാണ്. ക്യാപ്റ്റന്‍ വിജയകാന്തിന്റെ പാര്‍ട്ടിയായ ഡി.എം.ഡി.കെ (ദേശീയ മുര്‍പോക്ക് ദ്രാവിഡ കഴകം) ഡി.എം.കെ സഖ്യത്തിനൊപ്പം ചേര്‍ന്നു.

കഴിഞ്ഞ ദിവസം പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രേമലത വിജയകാന്ത് മുഖ്യമന്ത്രിയുടെ വസതിയിലെത്തി നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് സഖ്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

‘ദ്രാവിഡ മോഡല്‍’ ഭരണത്തിന്റെ തുടര്‍ച്ചയ്ക്കും തമിഴ്നാടിന്റെ സമഗ്രമായ പുരോഗതിക്കുമായി ഒരുമിച്ച് സഞ്ചരിക്കാമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രേമലത എക്‌സില്‍ എഴുതി.

സഖ്യം 200-ലധികം സീറ്റുകളില്‍ വിജയിക്കുമെന്ന് പ്രേമലത ആത്മവിശ്വാസം പ്രകടിപ്പിച്ചു. ക്യാപ്റ്റന്‍ വിജയകാന്ത് ജീവിച്ചിരുന്നപ്പോള്‍ തന്നെ ഈ സഖ്യം രൂപപ്പെടേണ്ടതായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു

 

Content Highlight: Tamil Nadu BJP releases ‘report card’, alleging that DMK has fulfilled only 31% of its promises.

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.