എന്‍.ഡി.എ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എടപ്പാടി പളനിസ്വാമി തന്നെ : ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍
national news
എന്‍.ഡി.എ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എടപ്പാടി പളനിസ്വാമി തന്നെ : ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 25th August 2025, 7:37 am

തിരുച്ചിറപ്പള്ളി: 2026ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഓള്‍ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (എ.ഐ.എ.ഡി.എം.കെ) ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമിയിയായിരിക്കും എന്‍.ഡി.എയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രന്‍.

അടുത്ത വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സഖ്യം വിജയിച്ചാല്‍ മുഖ്യമന്ത്രി സ്ഥാനം പളനിസ്വാമിക്ക് തന്നെ നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.

എടപ്പാടി പളനിസ്വാമി

 

തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ സര്‍ക്കാര്‍ രൂപികരണത്തെ സംബന്ധിച്ച അണ്ണാ ഡി.എം.കെയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും പ്രസ്താവനയിലെ വൈരുദ്ധ്യങ്ങളെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു നാഗേന്ദ്രന്‍. എന്‍.ഡി.എ സഖ്യം വിജയിച്ചാല്‍ പളനിസ്വാമി തന്നെയായിരിക്കും തങ്ങളുടെ മുഖ്യമന്ത്രിയെന്നാണ് നൈനാര്‍ നാഗേന്ദ്രന്‍ പറഞ്ഞത്.

നൈനാര്‍ നാഗേന്ദ്രന്‍

‘എന്‍.ഡി.എ സഖ്യത്തിന്റെ തമിഴ്‌നാട്ടിലെ നേതാവ് ഇ.പി.എസ് (എടപ്പാടി പളനി സ്വാമി) ആണ്. തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം അവര്‍ എന്ത് തീരുമാനമെടുത്താലും അത് അന്തിമമാണ്,’ അദ്ദേഹം പറഞ്ഞു.

‘നിങ്ങള്‍ ആശയക്കുഴപ്പത്തിലാകേണ്ട കാര്യമില്ല, ഡി.എം.കെയെ അധികാരത്തില്‍ നിന്നും പുറത്താക്കുക എന്നത് മാത്രമാണ് ലക്ഷ്യം. പലരും ഡി.എം.കെയുടെ ബി ടീം ആയാണ് പ്രവര്‍ത്തിക്കുന്നത്,’ നൈനാര്‍ നാഗേന്ദ്രന്‍ പറഞ്ഞു.

സ്റ്റാലിന്‍ നയിക്കുന്ന ഡി.എം.കെ സര്‍ക്കാരാണ് രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ സര്‍ക്കാര്‍ എന്ന് അമിത് ഷാ ആഗസ്റ്റ് 22ന് ആരോപിച്ചിരുന്നു. 2026ല്‍ ബി.ജെ.പി – എ.ഐ.എ.ഡി.എം.കെ സഖ്യസര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നും ഷാ പറഞ്ഞിരുന്നു.

മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ തമിഴ്‌നാടിനെ രാജ്യത്തെ ഏറ്റവും കടമുള്ള സംസ്ഥാനമാക്കി മാറ്റിയെന്ന് എടപ്പാടി പളനിസ്വാമി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഡി.എം.കെയുടെ നാല് വര്‍ഷത്തെ ഭരണത്തിനിടെ സംസ്ഥാനത്തിന് ഏകദേശം 4.38 ലക്ഷം കോടി രൂപയുടെ കടമുണ്ടാക്കിയതിന്റെ എല്ലാ ക്രെഡിറ്റും സ്റ്റാലിനാണെന്നായിരുന്നു ഇ.പി.എസിന്റെ ആരോപണം.

2021 മെയ് മാസത്തില്‍ ഡി.എം.കെ അധികാരത്തില്‍ വന്നത് മുതല്‍ സര്‍ക്കാര്‍ തമിഴ്നാടിനായി വിവിധ ബഹുരാഷ്ട്ര സ്ഥാപനങ്ങളില്‍ നിന്നും കടം വാങ്ങിയിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തിന്റെ ആകെ കടം 9.4 ലക്ഷം കോടി രൂപയിലധികമായെന്നും പളനിസ്വാമി പറഞ്ഞു.

അടുത്ത വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സഖ്യം വിജയിക്കുമെന്നും പളനിസ്വാമീ പറഞ്ഞിരുന്നു.

 

Content Highlight: Tamil Nadu BJP precedent says Edappadi Palani Swami is NDA’s chief minister candidate