വിശ്വാസം നേടി വിജയ്; വോട്ടെടുപ്പില്‍ അനായാസ ജയം
Daily News
വിശ്വാസം നേടി വിജയ്; വോട്ടെടുപ്പില്‍ അനായാസ ജയം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 13th May 2026, 1:14 pm

ചെന്നൈ: തമിഴ്‌നാട് നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പില്‍ വിജയിച്ച് മുഖ്യമന്ത്രി വിജയ്‌യുടെ നേതൃത്വത്തിലുള്ള ടി.വി.കെ സര്‍ക്കാര്‍. 234 അംഗ നിയമസഭയില്‍ 144 എം.എല്‍.എമാര്‍ വിജയ്ക്ക് അനുകൂലമായി വോട്ട് ചെയ്തു. 118 അംഗങ്ങളുടെ പിന്തുണയായിരുന്നു സര്‍ക്കാര്‍ രൂപീകരണത്തിന് വേണ്ടിയിരുന്നത്. ഇത് അനായാസമായി മറികടക്കാന്‍ വിജയ്ക്ക് സാധിച്ചു.

വിശ്വാസവോട്ടെടുപ്പില്‍ 22 അംഗങ്ങള്‍ ടി.വി.കെയ്‌ക്കെതിരെ വോട്ട് രേഖപ്പെടുത്തി. അഞ്ച് പേര്‍ വിട്ടു നിന്നു. വിജയ്ക്ക് അനുകൂലമായി വോട്ട് ചെയ്തവരില്‍ എസ്.പി. വേലുമണിയുടെ നേതൃത്വത്തിലുള്ള 25 എ.ഐ.എ.ഡി.എം.കെ വിമതരും ഉള്‍പ്പെടുന്നു. എ.എം.എം.കെയില്‍ നിന്ന് പുറത്താക്കപ്പെട്ട എം.എല്‍.എ എസ്. കാമരാജും വിജയ്ക്ക് അനുകൂലമായി വോട്ട് ചെയ്തു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് പറഞ്ഞായിരുന്നു കാമരാജിനെ എ.എം.എം.കെ പുറത്താക്കിയത്.

ടി.വി.കെയ്ക്ക് നേരത്തെ തന്നെ പിന്തുണ പ്രഖ്യാപിച്ച കോണ്‍ഗ്രസ്, സി.പി.ഐ.എം, സി.പി.ഐ, മുസ്‌ലീം ലീഗ്, വി.സി.കെ കക്ഷികളുടെ അംഗങ്ങള്‍ വിജയ്ക്ക് വോട്ട് ചെയ്തു. എ.ഐ.എ.ഡി.എം.കെ എടപ്പാടി പളനി സ്വാമി വിഭാഗത്തിന്റെ 22 എം.എല്‍.എമാരാണ് സര്‍ക്കാരിനെ എതിര്‍ത്ത് വോട്ട് ചെയ്തത്. നാല് പി.എം.കെ എം.എല്‍.എമാരും ഒരു ബി.ജെ.പി എം.എല്‍.എയുമാണ് വിശ്വാസ വോട്ടില്‍ നിന്ന് വിട്ടുനിന്നത്. ഡി.എം.കെ, ഡി.എം.ഡി.കെ അംഗങ്ങള്‍ നേരത്തെ സഭയില്‍ നിന്ന് വാക്ക്ഔട്ട് നടത്തിയിരുന്നു.

സര്‍ക്കാരിനെ പിന്തുണച്ച എം.എല്‍.എമാര്‍

  • ടി.വി.കെ – 105
  • കോണ്‍ഗ്രസ് – 5
  • സി.പി.ഐ – 2
  • സി.പി.ഐ (എം) – 2
  • വി.സി.കെ – 2
  • മുസ്‌ലീം ലീഗ് – 2
  • എ.ഐ.എ.ഡി.എം.കെ വിമതര്‍ – 25
  • പുറത്താക്കപ്പെട്ട എ.എം.എം.കെ എം.എല്‍.എ – 1

സര്‍ക്കാരിനെ എതിര്‍ത്ത എം.എല്‍.എമാര്‍

  • എ.ഐ.എ.ഡി.എം.കെ എടപ്പാടി പളനിസ്വാമി വിഭാഗം -22

വിശ്വാസ പ്രമേയത്തില്‍ നിന്ന് വിട്ടുനിന്ന എം.എല്‍.എമാര്‍

  • പി.എം.കെ – 4
  • ബി.ജെ.പി – 1

ഞായറാഴ്ചയായിരുന്നു വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. നേരത്തെ പുതുതായി അധികാരമേല്‍ക്കുന്ന സര്‍ക്കാര്‍ മെയ് 13 നകം നിയമസഭയില്‍ വിശ്വാസ വോട്ട് നേടണമെന്ന് ഗവര്‍ണര്‍ നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് വി.സി.കെ, കോണ്‍ഗ്രസ്, സി.പി.ഐ.എം, മുസ്ലീം ലീഗ്, സി.പി.ഐ എന്നീ പാര്‍ട്ടികളുടെ പിന്തുണ ലഭിച്ച ശേഷമാണ് വിജയിയുടെ സത്യപ്രതിജ്ഞ.

വിജയ്‌ക്കൊപ്പം ഒമ്പത് കാബിനറ്റ് മന്ത്രിമാരും ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നു. എന്‍. ആനന്ദ്, ആധവ് അര്‍ജുന, ഡോ. കെ.ജി. അരുണ്‍രാജ്, കെ.എ. സെങ്കോട്ടൈയ്യന്‍, രാജ്മോഹന്‍, ആര്‍. നിര്‍മല്‍കുമാര്‍, പി. വെങ്കട്ടരമണന്‍, ടി.കെ. പ്രഭു, എസ്. കീര്‍ത്തന എന്നിവരാണ് സ്ഥാനമേറ്റ കാബിനറ്റ് മന്ത്രിമാര്‍.

വലിയ രാഷ്ട്രീയ അനിശ്ചിതത്വത്തിനൊടുവില്‍, 234 അംഗ നിയമസഭയില്‍ 120 എം.എല്‍.എമാരുടെ പിന്തുണ ഉറപ്പിച്ച ശേഷമാണ് വിജയ് സത്യപ്രതിജ്ഞ ചെയ്തത്. തമിഴ്‌നാട് നിയമസഭയില്‍ 118 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. 108 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും ഭൂരിപക്ഷത്തിന് 11 സീറ്റുകള്‍ കൂടി വിജയ്ക്ക് ആവശ്യമായിരുന്നു. കോണ്‍ഗ്രസ്, സി.പി.ഐ.എം, സി.പി.ഐ, മുസ്‌ലീം ലീഗ്, വി.സി.കെ എന്നീ പാര്‍ട്ടികളുടെ പിന്തുണ നേടിയതോടെ വിജയ് ഈ കടമ്പ മറികടക്കുകയായിരുന്നു.

കഴിഞ്ഞ ദിവസമാണ് എ.ഐ.എ.ഡി.എം.കെ പിളര്‍ന്ന് ഒരു വിഭാഗം ടി.വി.കെ സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ചത്. സംസ്ഥാന മന്ത്രിസഭയില്‍ ഭാഗമാവും എന്നും മുന്‍ മന്ത്രിമാരായ സി.വേ ഷണ്‍മുഖന്‍, എസ്.പി. വേലുമണി എന്നിവരുടെ നേതൃത്വത്തിലുള്ള വിമത വിഭാഗം അറിയിച്ചിരുന്നു.

Content Highlight: Tamil Nadu Assembly: CM Vijay’s TVK wins trust vote