സംസ്ഥാനങ്ങളുടെ അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നത് തടയണം; പഠിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ച് കേന്ദ്രം
national news
സംസ്ഥാനങ്ങളുടെ അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നത് തടയണം; പഠിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ച് കേന്ദ്രം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 15th April 2025, 1:00 pm

ചെന്നൈ: സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ പഠിക്കാന്‍ മൂന്നംഗ സമിതിയെ നിയമിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. ജസ്റ്റിസ് കുര്യന്‍ ജോസഫ് സമിതിയുടെ അധ്യക്ഷനാവും. മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നിയമസഭയില്‍ നടത്തിയത്.

ഫെഡറല്‍ തത്ത്വങ്ങളില്‍ പുനഃപരിശോധന ആവശ്യമാണോയെന്നടക്കമുള്ള കാര്യങ്ങള്‍ ഈ സമിതി പരിശോധിക്കും. അതേസമയം തമിഴ്‌നാട് സര്‍ക്കാരിന്റെ ഈ നീക്കം വിഘടനപരമാണെന്ന ആക്ഷേപങ്ങളും വിമര്‍ശനവും ഉയരുന്നുണ്ട്‌.

എന്നാല്‍ റൂള്‍ 110 പ്രകാരം എം.കെ. സ്റ്റാലിന്‍ നടത്തിയ പ്രസ്താവനയില്‍ കേന്ദ്രവും സംസ്ഥാനവും ഭരണഘടനയില്‍ ഊന്നിയാണ് നിലനില്‍ക്കുന്നതെന്നും ഭരണഘടനയുടെ നിര്‍ദേശങ്ങളില്‍ ഒന്നും തന്നെ സംസ്ഥാനം കേന്ദ്രത്തിന്റെ താഴെയാണ് നില്‍ക്കേണ്ടതെന്ന് പറയുന്നില്ലെന്നും ചൂണ്ടിക്കാണിച്ചു.

രണ്ട് വിഭാഗങ്ങളും ചില തത്ത്വങ്ങളുടെ അടിസ്ഥാനത്തില്‍ വേണം പ്രവര്‍ത്തിക്കാനെന്നും എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി ഈ തത്ത്വങ്ങള്‍ക്ക് വിപരീതമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഒരു സമിതിയെ നിയോഗിക്കേണ്ടി വന്നു എന്നുമാണ് സ്റ്റാലിന്‍ നിയമസഭയില്‍ പറഞ്ഞത്.

 1971ന് ശേഷം രാജ്യത്ത് ഉണ്ടായ മാറ്റങ്ങള്‍, കേന്ദ്രസംസ്ഥാന ബന്ധങ്ങളില്‍ ഉണ്ടായ മാറ്റങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ മൂന്നംഗ സമിതി പരിശോധിക്കും. ഭരണഘടനപരമായി സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യങ്ങള്‍ നല്‍കുന്ന വഴികള്‍ ഉണ്ടെങ്കില്‍ അതും സമിതി നിര്‍ദശിക്കണം.

പല കാലങ്ങളിലായി സ്റ്റേറ്റ് ലിസ്റ്റില്‍ നിന്ന് കണ്‍കറന്റ് ലിസ്റ്റിലേക്ക് മാറ്റപ്പെട്ട വിഷയങ്ങള്‍ തിരികെ കൊണ്ടുവരുന്നതടക്കമുള്ള കാര്യങ്ങള്‍ പരിഗണിക്കമെന്നും സമിതിക്ക് നിര്‍ദേശമുണ്ട്.

സമിതി ജനുവരിയില്‍ ഇടക്കാല റിപ്പോര്‍ട്ട് നല്‍കണം. രണ്ട് വര്‍ഷത്തിനുള്ളില്‍ സമ്പൂര്‍ണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. താന്‍ കേവലം തമിഴ്‌നാടിന് വേണ്ടി മാത്രമല്ല ഇത്തരം ഒരു സമിതിയെ നിയമിച്ചതെന്നും മറിച്ച് മറ്റ് സംസ്ഥാനങ്ങള്‍ക്കും കൂടി വേണ്ടിയാണെന്നും സ്റ്റാലിന്‍ അവകാശപ്പെട്ടു.

1969ലും ഡി.എം.കെ സര്‍ക്കാര്‍ സമാനമായി കരുണനിധിയുടെ കാലത്ത് രാജമണ്ണാര്‍ സമിതി എന്ന പേരില്‍ ഒരു സമിതിയെ നിയോഗിച്ചിരുന്നു.

Content Highlight: Tamil Nadu appoints three-member committee to study states’ rights