ട്രെയിലര്‍ ലോഞ്ചിനിടെ നയന്‍താരയെ അധിക്ഷേപിച്ച് നടന്‍ രാധാ രവി
Women absue
ട്രെയിലര്‍ ലോഞ്ചിനിടെ നയന്‍താരയെ അധിക്ഷേപിച്ച് നടന്‍ രാധാ രവി
ന്യൂസ് ഡെസ്‌ക്
Sunday, 24th March 2019, 1:50 pm

ചെന്നൈ: തെന്നിന്ത്യന്‍ സൂപ്പര്‍താരം നയന്‍താരയെ അധിക്ഷേപിച്ച് തമിഴ് നടന്‍ രാധാ രവി. നയന്‍താരയെ “ലേഡി സൂപ്പര്‍സ്റ്റാര്‍” എന്നു വിളിക്കുന്നതിലാണ് ആദ്യം രാധാ രവി വിമര്‍ശനം ഉന്നയിച്ചത്.

സൂപ്പര്‍സ്റ്റാര്‍ പോലുള്ള വിശേഷണങ്ങള്‍ ശിവാജി ഗണേശനേയും എം.ജി.ആറിനേയും പോലുള്ളവര്‍ക്കു മാത്രമേ ചേരൂ എന്ന് അദ്ദേഹം പറഞ്ഞു. “കൊലയുതിര്‍ കാലം” എന്ന നയന്‍താര ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിന് എത്തിയതായിരുന്നു രാധാ രവി.

“പുഴൈയ്ചി തലൈവരും നടികര്‍ തിലകവുമെല്ലാം ഇതിഹാസങ്ങളും അനശ്വരരുമാണ്. രജനികാന്ത്, ശിവാജി ഗണേശന്‍ തുടങ്ങിയ ആളുകളുമായൊന്നും നയന്‍ താരയെ താരതമ്യപ്പെടുത്തരുത്”.

ALSO READ: പ്രൈംമിനിസ്റ്റര്‍ നരേന്ദ്രമോദിയില്‍ താന്‍ ഗാനമെഴുതിയിട്ടില്ല; ജാവേദ് അക്തറിന് പിന്നാലെ സമീറും

നയന്‍താരയുടെ ജീവിതത്തില്‍ സംഭവിച്ച എല്ലാ കാര്യങ്ങള്‍ക്കും അപ്പുറം അവര്‍ ഇപ്പോളും ഇവിടെ താരമാണ്, കാരണം തമിഴ് ജനതയ്ക്ക് കാര്യങ്ങള്‍ പെട്ടെന്ന് മറക്കുന്ന സ്വഭാവമാണ്. തമിഴില്‍ പ്രേതമായും തെലുങ്കില്‍ സീതയായും നയന്‍താര അഭിനയിക്കുന്നു എന്നും രാധാരവി പരിഹസിച്ചു.

“എന്റെ കാലത്ത് കെ.ആര്‍ വിജയയെ പോലുള്ള നടിമാര്‍ ആയിരുന്നു സീതയുടെ വേഷം ചെയ്തിരുന്നത്. ഇന്ന് ആര്‍ക്കും സീതയായി അഭിനയിക്കാം,”

അതേസമയം രാധാ രവിക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കാന്‍ നടികര്‍ സംഘം തയ്യാറായിട്ടില്ലെന്ന ആക്ഷേപമുണ്ട്. രാധാ രവിയ്‌ക്കെതിരെ കടുത്ത നടപടി എടുക്കണമെന്നാവശ്യപ്പെട്ട് സംവിധായകനും നയന്‍താരയുടെ കാമുകനുമായ വിഗ്‌നേഷ് ശിവന്‍ രംഗത്തെത്തി.

“വലിയ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നു വരുന്ന ഒരു വൃത്തികെട്ടവനെതിരെ നടപടി കൈക്കൊള്ളാന്‍ ആരും തയ്യാറാകാത്തത് വല്ലാത്ത നിസ്സഹായതയാണ്. മറ്റുള്ളവരുടെ ശ്രദ്ധകിട്ടാന്‍ അയാള്‍ ഇനിയും ഇത് ചെയ്തുകൊണ്ടേയിരിക്കും. ബുദ്ധിശൂന്യന്‍. ഇതെല്ലാം കണ്ട് പ്രേക്ഷകര്‍ കൈയ്യടിക്കുകയും ചിരിക്കുകയും കാണുമ്പോള്‍ വേദനയുണ്ട്,” വിഗ്‌നേഷ് ശിവന്‍ ട്വിറ്ററില്‍ കുറിച്ചു.

രാധാ രവിയെ വിമര്‍ശിച്ചുകൊണ്ട് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ചിന്മയിയും രംഗത്തെത്തി. യൂടൂബ് ചാനലുകള്‍ക്ക് വാര്‍ത്തകള്‍ക്കായി ഇത്തരം ആളുകളുടെ സ്ത്രീവിരുദ്ധത ആവശ്യമാണെന്നും അതുകൊണ്ടാണ് എല്ലാവരും അയാളെ പിന്തുണയ്ക്കുന്നതെന്നും ചിന്മയി പറഞ്ഞു.

സ്ത്രീകള്‍ക്കെതിരായി ലൈംഗികത കലര്‍ന്ന തരത്തിലുള്ള പരാമര്‍ശങ്ങളും അധിക്ഷേപ പരാമര്‍ശങ്ങളും നടത്തി മുമ്പും വിവാദങ്ങളില്‍ ഇടംപിടിച്ചിട്ടുള്ള ആളാണ് രാധാ രവി.

WATCH THIS VIDEO: