ജിഹാദിന്റെ പേരില്‍ പഷ്തൂണ്‍ സമുദായങ്ങളെ പ്രകോപിപ്പിക്കരുത്; പാകിസ്ഥാന് താലിബാന്റെ മുന്നറിയിപ്പ്
World News
ജിഹാദിന്റെ പേരില്‍ പഷ്തൂണ്‍ സമുദായങ്ങളെ പ്രകോപിപ്പിക്കരുത്; പാകിസ്ഥാന് താലിബാന്റെ മുന്നറിയിപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 9th May 2025, 9:20 am

ഇസ്‍ലാമാബാദ്: ഇന്ത്യ-പാക് സംഘര്‍ഷത്തിലേക്ക് പഷ്തൂണുകളെ വലിച്ചിഴക്കരുതെന്ന് മുന്നറിയിപ്പുമായി താലിബാന്‍. ജിഹാദിന്റെ പേരില്‍ പഷ്തൂണ്‍ സമുദായങ്ങളെ പാകിസ്ഥാന്‍ പ്രകോപിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് താലിബാന്‍ പറഞ്ഞു.

താലിബാന്‍ നേതാവും പാകിസ്ഥാനിലെ മുന്‍ അഫ്ഗാന്‍ അംബാസിഡറുമായ മുല്ല അബ്ദുള്‍ സലാം സയീഫാണ് മുന്നറിയിപ്പ് നല്‍കിയത്. സമൂഹ മാധ്യമയായ എക്സിലൂടെയാണ് താലിബാന്‍ നേതാവ് മുന്നറിയിപ്പ് നല്‍കിയത്.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള രാഷ്ട്രീയ യുദ്ധത്തിനും രാഷ്ട്രീയ കളികളില്‍ നിന്നും പഷ്തൂണുകളെ അകറ്റി നിര്‍ത്തണമെന്നും മുല്ല അബ്ദുള്‍ സലാം സയീഫ് പറഞ്ഞു. പാകിസ്ഥാന്റെ രാഷ്ട്രീയ കളികളില്‍ നിന്ന് കുട്ടികളെ അകറ്റി നിര്‍ത്താന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്നും മുല്ല അബ്ദുല്‍ സലാം സയീഫ് പറയുന്നു.

ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് താലിബാന്‍ നേതാവിന്റെ മുന്നറിയിപ്പ്. മണിക്കൂറുകള്‍ക്ക് മുമ്പ് ജമ്മു കശ്മീരില്‍ വീണ്ടും സൈറണ്‍ മുഴങ്ങിയിരുന്നു. നിലവില്‍ ഡ്രോണുകളും യുദ്ധവിമാനങ്ങളും ഉപയോഗിച്ച് ജമ്മുവില്‍ പലയിടങ്ങളിലായി പാകിസ്ഥാന്‍ ആക്രമണം നടത്തുകയാണ്.

എന്നാല്‍ ഈ ശ്രമങ്ങളെല്ലാം ഇന്ത്യന്‍ സൈന്യം തടഞ്ഞുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അമ്പതോളം ഡ്രോണുകള്‍ സേന വെടിവെച്ചിട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

പാകിസ്ഥാന്റെ എഫ് 16 വിമാനം ഇന്ത്യ വെടിവെച്ചിട്ടതായാണ് വിവരം. പാകിസ്ഥാന്റെ രണ്ട് ജെ.എസ് 17 വിമാനങ്ങളും ഇന്ത്യന്‍ സൈന്യം തകര്‍ത്തു. പാക് യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്നതോടെയാണ് തിരിച്ചടി നേരിട്ടത്.

നിലവില്‍ കേരളത്തില്‍ ഉള്‍പ്പെടെ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. സെക്രട്ടേറിയേറ്റില്‍ ആരംഭിച്ച കണ്‍ട്രോള്‍ റൂമിന്റെ ഏകോപന ചുമതല ആഭ്യന്തര വകുപ്പിനാണ്. സംഘര്‍ഷമേഖലയില്‍ ഉള്ളവര്‍ക്ക് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാമെന്നും അറിയിപ്പുണ്ട്.

പഹല്‍ഹാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യന്‍ സൈന്യം ബുധനാഴ്ച ആക്രമണം നടത്തിയത്. പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഒമ്പത് തീവ്രവാദ കേന്ദ്രങ്ങളിലാണ് ഇന്ത്യ ആക്രമണം നടത്തിയത്.

പുലര്‍ച്ചെ 1:44 നായിരുന്നു ആക്രമണം നടത്തിയത്. മുസാഫറാബാദ്, ബഹവല്‍പൂര്‍, കോട്‌ലി, ചക് അമ്രു, ഗുല്‍പൂര്‍, ഭീംബര്‍, മുരിഡ്കെ, സിയാല്‍കോട്ടിനടുത്തുള്ള ക്യാമ്പ് എന്നിവിടങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.

ജെയ്ഷെ ഇ മുഹമ്മദ്, ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരകേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ഓപ്പറേഷന്‍.

ഇതിനുപിന്നാലെ ഇന്ത്യക്കെതിരെ ജിഹാദ് ആഹ്വാനം ചെയ്ത് ഭീകരവാദ സംഘടനയായ അല്‍-ഖ്വയ്ദ രംഗത്തെത്തിയിരുന്നു. പാകിസ്ഥാന്‍ ഭീകരര്‍ക്കെതിരായ ഇന്ത്യയുടെ നടപടിയെ ആക്രമണം എന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു അല്‍-ഖ്വയ്ദയുടെ പ്രസ്താവന.

ഇന്ത്യയുടെ ‘ഭഗ്‌വ’ സര്‍ക്കാര്‍ പാകിസ്ഥാനില്‍ പള്ളികള്‍ ലക്ഷ്യമിട്ട് ബോംബാക്രമണം നടത്തിയെന്നും എല്ലാ മുസ്‌ലിങ്ങളും ഇന്ത്യയ്ക്കെതിരെ ജിഹാദ് നടത്തണമെന്നുമാണ് അല്‍-ഖ്വയ്ദ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞത്.

Content Highlight: Taliban warns Pakistan not to provoke Pashtun communities in the name of jihad