ഒമ്പത് വയസാകുന്നതുവരെ കാത്തിരിക്കണം; ആറുവയസുകാരിയെ വിവാഹം ചെയ്യാനൊരുങ്ങിയ 45കാരനോട് താലിബാന്‍
Trending
ഒമ്പത് വയസാകുന്നതുവരെ കാത്തിരിക്കണം; ആറുവയസുകാരിയെ വിവാഹം ചെയ്യാനൊരുങ്ങിയ 45കാരനോട് താലിബാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 7th July 2025, 9:34 pm

കാബൂള്‍: ആറുവയസുകാരിയെ വിവാഹം ചെയ്യാനൊരുങ്ങിയ 45കാരന് താലിബാന്‍ ഭരണകൂടം നല്‍കിയ നിര്‍ദേശം ചര്‍ച്ചയില്‍. വിവാഹത്തിനായി കുട്ടിക്ക് ഒമ്പത് വയസാകുന്നതുവരെ കാത്തിരിക്കണമെന്നാണ് താലിബാന്‍ നിര്‍ദേശിച്ചത്. തെക്കന്‍ അഫ്ഗാനിസ്ഥാനിലെ ഹെല്‍മണ്ട് പ്രവിശ്യയിലെ താമസക്കാരനായ ഒരാളാണ് ആറുവയസുകാരിയെ വിവാഹം ചെയ്യാന്‍ സമീപിച്ചത്.


പെണ്‍കുട്ടിയുടെ കുടുംബം കുട്ടിയെ പണത്തിന് വേണ്ടി വിറ്റതാണെന്നും ഇതിനുപിന്നാലെയാണ് 45കാരനുമായുള്ള വിവാഹം ഉറപ്പിച്ചതെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് വിവാഹ നിശ്ചയം നടന്നത്. ഹെല്‍മണ്ടിലെ മല്‍ജ ജില്ലയിലാണ് സംഭവം.

എന്നാല്‍ വിവരമറിഞ്ഞെത്തിയ താലിബാന്‍ പ്രവര്‍ത്തകര്‍ വിവാഹം തടയുകയും കുട്ടിക്ക് ഒമ്പത് വയസാകുന്നതുവരെ കാത്തിരിക്കാന്‍ 45കാരന് നിര്‍ദേശം നല്‍കുകയുമായിരുന്നു. 45കാരനെയും പെണ്‍കുട്ടിയെയും താലിബാന്‍ സംഘം കസ്റ്റഡിയിലെടുത്തിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. തുടര്‍ന്ന് പെണ്‍കുട്ടിയെ വീട്ടിലേക്ക് തിരിച്ചയച്ച ശേഷമാണ് 45കാരന് താലിബാന്‍ സംഘം വിവാദ നിര്‍ദേശം നല്‍കിയത്.

നിലവില്‍ ഇയാള്‍ രണ്ട് സ്ത്രീകളെ വിവാഹം ചെയ്തിട്ടുണ്ടെന്ന് കാബൂള്‍ നൗവിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ ഇതുവരെ താലിബാന്‍ ഭരണകൂടം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

2021 ഓഗസ്റ്റില്‍ അഫ്ഗാന്‍ സര്‍ക്കാരിനെ താഴെയിറക്കിയാണ് താലിബാന്‍ രാജ്യത്ത് ഭരണം പിടിച്ചെടുക്കുന്നത്. 2001ല്‍ അമേരിക്കയുടെ നേതൃത്വത്തില്‍ താലിബാനെ അധികാരത്തില്‍ നിന്ന് പുറത്താക്കിയെങ്കിലും 20 വര്‍ഷത്തിന് ശേഷം അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ വീണ്ടും അധികാരത്തിലേറുകയായിരുന്നു.

ഇതോടെ രാജ്യത്തെ സ്ത്രീകളുടെ ജീവിതം കൂടുതല്‍ പ്രതിസന്ധിയിലായി. അഫ്ഗാനിസ്ഥാനിലെ സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം, ജോലി, പൊതു ഇടങ്ങള്‍ തുടങ്ങിയവയെല്ലാം താലിബാന്‍ ഭരണകൂടം നിഷേധിച്ചിരുന്നു.

2021ന് ശേഷം അഫ്ഗാനിസ്ഥാനിലെ ശൈശവ വിവാഹങ്ങളില്‍ ഗണ്യമായ വര്‍ധനവാണ് രേഖപ്പെടുത്തിയത്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ശൈശവ വിവാഹങ്ങളില്‍ 25 ശതമാനവും കുട്ടികളുടെ പ്രസവത്തില്‍ 45 ശതമാനത്തിന്റെ വര്‍ധനവുമാണ് ഉണ്ടായത്. പെണ്‍കുട്ടികളുടെ സെക്കന്‍ഡറി വിദ്യാഭ്യാസം വിലക്കിക്കൊണ്ടുള്ള നടപടിയാണ് ഇതിന് കാരണമായത്. 2022 ഡിസംബറില്‍ യൂണിവേഴ്‌സിറ്റികളിലേക്കുള്ള പ്രവേശനവും പെണ്‍കുട്ടികള്‍ക്ക് നിഷേധിക്കപ്പെട്ടിരുന്നു.

ഇതിനുപുറമെ വ്യഭിചാരത്തിന്റെ പേരില്‍ അഫ്ഗാനിസ്ഥാനിലെ സ്ത്രീകളെ കല്ലെറിഞ്ഞ് കൊല്ലുമെന്ന് താലിബാന്‍ പ്രഖ്യാപിച്ചിരുന്നു. സ്ത്രീകളെ പരസ്യമായി കല്ലെറിഞ്ഞ് കൊല്ലുന്നത് പുനരാംരംഭിക്കുമെന്നായിരുന്നു താലിബാന്റെ പ്രഖ്യാപനം.

സ്ത്രീകളെ പരസ്യമായി ചാട്ടവാര്‍ കൊണ്ട് മര്‍ദിക്കുമെന്നും താലിബാന്‍ പറഞ്ഞിരുന്നു. അന്താരാഷ്ട്ര സമൂഹം ഉന്നയിക്കുന്ന സ്ത്രീകളുടെ അവകാശങ്ങള്‍ താലിബാന്റെ ഇസ്‌ലാമിക ശരിയത്തിന്റെ വ്യാഖ്യാനത്തിന് എതിരാണെന്നാണ് താലിബാന്റെ നിലപാട്.

Content Highlight: Taliban tells 45-year-old man to wait until he turns nine to marry six-year-old girl