ഇബ്‌നു അബ്ദുല്‍ വഹാബിന്റെയും മൗദൂദിയുടെയും ഖുതുബിന്റെയും ഖറദാവിയുടെയുമടക്കം പുസ്തകങ്ങള്‍ നിരോധിച്ച് താലിബാന്‍
World News
ഇബ്‌നു അബ്ദുല്‍ വഹാബിന്റെയും മൗദൂദിയുടെയും ഖുതുബിന്റെയും ഖറദാവിയുടെയുമടക്കം പുസ്തകങ്ങള്‍ നിരോധിച്ച് താലിബാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 20th September 2025, 5:07 pm

കാബൂള്‍: ‘അനിസ്‌ലാമികവും അഫ്ഗാന്‍ പാരമ്പര്യത്തില്‍ നിന്നും വ്യതിചലിക്കുന്നതുമായ’ പുസ്തകങ്ങള്‍ നിരോധിക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ച് താലിബാന്റെ പരമോന്നത നേതാവ് മുല്ല ഹബിയത്തുള്ള അഖുന്ദ്‌സാദ. ഇസ്‌ലാമിക രംഗത്തെ പ്രമുഖന്‍മാരുടെയും അഫ്ഗാന്‍ എഴുത്തുകാരുടെയും ഇറാനിയന്‍ ബുദ്ധിജീവികളുടെയും പുസ്തകങ്ങള്‍ ഉൾപ്പെടെയാണ് നിരോധിക്കപ്പെട്ടവയുടെ കൂടത്തിലുള്ളത്.

മുഹമ്മദ് ഇബ്‌നു അബ്ദ് അല്‍-വഹാബിന്റെ കിതാബ് ഉല്‍ തൗഹിദ്, സയ്യിദ് അബുള്‍ ആല മൗദൂദിയുടെ ഖുര്‍ആനിലെ നാല് സാങ്കേതിക ശബ്ദങ്ങള്‍, സയ്യിദ് ഖുതുബ് രചിച്ച ഇസ്‌ലാമിലെ സാമൂഹിക നീതി, ജമാല്‍ അല്‍ ദിന്‍ അല്‍ അഫ്ഗാനിയുടെ രചനകള്‍, അബ്ദുള്ള അസാമിന്റെ പുസ്തകങ്ങള്‍, അലി ശരിഅത്തി, മൊര്‍തെസ മൊതഹാരി അടക്കമുള്ള ഇറാനിയന്‍ ബുദ്ധിജീവികളുടെ പുസ്തകങ്ങള്‍ എന്നിവ നിരോധിക്കപ്പെട്ട പുസ്തകങ്ങളുടെ കൂട്ടത്തിലുള്ളതാണ്.

സ്‌കൂള്‍ ലൈബ്രറികള്‍, യൂണിവേഴ്‌സിറ്റികള്‍, ബുക്ക് സ്റ്റാളുകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും ഇത്തരം ഉള്ളടക്കങ്ങളുള്ള പുസ്തകങ്ങള്‍ കണ്ടെത്തി നീക്കം ചെയ്യണമെന്നും അഖുന്ദ്‌സാദ ആവശ്യപ്പെട്ടു.

ഇസ്‌ലാമില്‍ അനുവദനീയവും നിഷിദ്ധവുമെന്ന യൂസഫ് അല്‍ ഖറദാവിയുടെ പുസ്തകവും കരിമ്പട്ടികയിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ദാന്തെയുടെ ഡിവൈന്‍ കോമഡി, ജോസഫ് സ്മിത്തിന്റെ ദി ബുക്ക് ഓഫ് മോര്‍മോണ്‍, ഖലീല്‍ ജിബ്രാന്റെ പ്രവാചകന്‍, യുവാല്‍ നോഹ ഹാരിരിയുടെ സാപ്പിയന്‍സ് തുടങ്ങിയ പുസ്തകങ്ങള്‍ നിരോധിച്ചവയുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നു.

ഇതിനുപുറമെ ഹെരാത്തിലെ ലൈബ്രറികളില്‍ നിരോധിക്കപ്പെട്ട പുസ്തകങ്ങളുടെ മൂന്ന് വ്യത്യസ്ത പട്ടികകള്‍ അവിടുത്തെ ലൈബ്രേറിയന്‍ ഇന്‍ഡിപെന്‍ഡന്റ് പേര്‍ഷ്യന് കൈമാറിയിട്ടുണ്ട്. ഔദ്യോഗികമായി നിരോധിച്ച പുസ്തകങ്ങള്‍ക്ക് പുറമെ മറ്റ് നിരവധി പുസ്‌കതങ്ങള്‍ക്കും വിലക്കുണ്ട്.

ഷിയായിസം, രാജ്യദ്രോഹികളെ പ്രകീര്‍ത്തിക്കുന്നത്, മതേതരത്വം പ്രചരിപ്പിക്കുന്നത്, ജനാധിപത്യം, പാശ്ചാത്യ സ്വാതന്ത്ര്യം, സ്ത്രീകളുടെ ചെറുത്തുനില്‍പ്, കമ്യൂണിസം, ഇറാനെ പ്രശംസിക്കുന്നത്, സംഗീതം, സ്ത്രീകളുടെ അവകാശങ്ങള്‍, ഐക്യരാഷ്ട്രസഭയുടെ ശാസനങ്ങള്‍, താലിബാന്‍ വിമര്‍ശകരുടെ ജീവചരിത്രങ്ങള്‍, മതേതര സര്‍ക്കാര്‍ സംവിധാനങ്ങള്‍,

മുന്‍ അഫ്ഗാന്‍ റിപ്പബ്ലിക്കിനെ കുറിച്ചുള്ള പുസ്തകങ്ങള്‍ എന്നിവയുടെയെല്ലാം വില്‍പന നിരോധിക്കുകയും പൊതുജനങ്ങള്‍ക്ക് വായിക്കാന്‍ സാധ്യമായ സ്ഥലങ്ങളില്‍ നിന്നും നീക്കം ചെയ്തതായി കാബൂള്‍, ഹെരാത് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രസാധകരും സ്‌കൂള്‍ ലൈബ്രേറിയന്‍മാരും ഇന്‍ഡിപെന്‍ഡന്റ് പേര്‍ഷ്യനോട് പറഞ്ഞു.

താലിബാന്‍ പരമോന്നത നേതാവിന്റെ നേതൃത്വത്തില്‍ മതകാര്യം, വിദ്യാഭ്യാസം, ഉന്നതവിദ്യാഭ്യാസം അടക്കമുള്ള നാല് മന്ത്രാലയങ്ങള്‍ ജൂലൈ 13ന് യോഗം ചേര്‍ന്നിരുന്നു. അഖുന്ദ്‌സാദയുടെ നിര്‍ദേശപ്രകാരം രാജ്യമെമ്പാടും ‘സംശയാസ്പദമായ ഉള്ളടക്കങ്ങളുള്ള’ ഇത്തരത്തിലുള്ള പുസ്തകങ്ങള്‍ കണ്ടെത്താനും സൂക്ഷ്മപരിശോധന നടത്താനും ഒരു സമിതിയെയും നിയോഗിച്ചിരുന്നു.

ഇത്തരത്തിലുള്ള പുസ്തകങ്ങള്‍ ലൈബ്രറികള്‍ പൊതു ഇടങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും കണ്ടെത്തണമെന്നും പിടിച്ചെടുക്കണമെന്നും താലിബാന്റെ റിലീജ്യസ് അഫയേഴ്‌സ് മിനിസ്റ്ററായ നൂര്‍ മുഹമ്മദ് സാഖിബ് പറഞ്ഞിരുന്നു. മതപുരോഹിതന്‍മാര്‍ക്കും അധ്യാപകര്‍ക്കുമായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കുന്നുണ്ടെന്നും ശരിഅത്ത് തത്വങ്ങളുടെ വെളിച്ചത്തില്‍ ഇത്തരം പുസ്തകങ്ങളെ കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

താലിബാന് മേല്‍ അടുത്ത കാലങ്ങളായി സൈനിക ഇടപെടലുകള്‍ മാത്രമല്ല ‘സാംസ്‌കാരിക ആക്രമണ’ങ്ങളുമുണ്ടായെന്നും സാഖിബ് പറഞ്ഞു. തങ്ങളുടെ ഇസ്‌ലാമികവും പരമ്പരാഗതവുമായ മൂല്യങ്ങളെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഇത്തരം നടപടികളെന്നും മന്ത്രി വിമര്‍ശിച്ചു.

താലിബാന്‍ ഭരണത്തിന് മുമ്പ് പ്രസിദ്ധീകരിച്ച പല പുസ്തകങ്ങളും അഫ്ഗാനിസ്ഥാന്റെ ഇസ്‌ലാമികവും പരമ്പരാഗത മൂല്യങ്ങളുമായി വൈരുദ്ധ്യമുള്ളതാണെന്നും യുവാക്കളെ അവരുടെ യഥാര്‍ത്ഥ ലക്ഷ്യത്തില്‍ നിന്നും വ്യതിചലിപ്പിക്കുന്നതാണെന്നും ആരോപിച്ചു.

‘താലിബാന്‍ അധികാരത്തിലേറിയതിന് പിന്നാലെ അഫ്ഗാനിസ്ഥാന്റെ പുസ്തക പ്രസിദ്ധീകരണ ശൃംഖല തകര്‍ന്നിരിക്കുകയാണ്. ഇറാനില്‍ നിന്നും പുസ്തകങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് പോലും ഇവര്‍ വിലക്കി. താലിബാന്‍ ബോര്‍ഡര്‍ ഏജന്റുകള്‍ പുസ്തകങ്ങള്‍ പരിശോധിക്കുകയും ചില ഉള്ളടക്കങ്ങളുള്ള പുസ്തകങ്ങള്‍ക്ക് അനുമതി നിഷേധിക്കുകയും ചെയ്തു,’ പേര് വെളിപ്പെടുത്താത്ത ഒരു പ്രസാധകന്‍ ഇന്‍ഡിപെന്‍ഡന്റ് പേര്‍ഷ്യനോട് പറഞ്ഞു.

‘ഇവര്‍ പുസ്തകങ്ങളുടെ ഉള്ളടക്കങ്ങള്‍ പരിശോധിക്കും. ഇത് അവരുടെ വിശ്വാസങ്ങളുമായി ചേര്‍ന്നുപോകാത്തതാണെങ്കില്‍ അതിനെ അനിസ്‌ലാമികമെന്നോ ദേശീയ താത്പര്യങ്ങള്‍ക്ക് വിരുദ്ധമെന്നോ മുദ്രകുത്തി പ്രസിദ്ധീകരണം തടയുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Taliban bans books including Ibn Abdul Wahhab, Maududi, Qutb, and Qaradawi