ത്വലാഖും മുത്വലാഖും ഒരു പോലെയല്ല; ത്വലാഖെ ഹസന്‍ തെറ്റാണെന്ന് പറയാനാകില്ലെന്ന് സുപ്രീം കോടതി
national news
ത്വലാഖും മുത്വലാഖും ഒരു പോലെയല്ല; ത്വലാഖെ ഹസന്‍ തെറ്റാണെന്ന് പറയാനാകില്ലെന്ന് സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 17th August 2022, 8:13 am

ന്യൂദല്‍ഹി: മുസ്‌ലിം വ്യക്തി നിയമം അനുസരിച്ച് പുരുഷന്‍ മുന്‍കയ്യെടുത്ത് നടത്തുന്ന വിവാഹ മോചനത്തില്‍(ത്വലാഖെ ഹസന്‍) പ്രഥമ ദൃഷ്ട്യ ഔചിത്യക്കുറവല്ലെന്ന് സുപ്രീം കോടതി. ത്വലാഖെ ഹസന്‍ പ്രഥമ ദൃഷ്ട്യ തെറ്റാണെന്ന് പറയാനാകില്ലെന്നും ത്വലാഖും മുത്വലാഖും ഒരു പോലെയല്ലെന്നും സുപ്രീം കോടതി പറഞ്ഞു.

അഡ്വ. അശ്വനി കുമാര്‍ ദുബെ മുഖേന മാധ്യമപ്രവര്‍ത്തകയായ ബേനസീര്‍ ഹിന സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയിലാണ് ജസ്റ്റിസുമാരായ സഞ്ജയ് കിഷാന്‍ കൗള്‍, എം.എം. സുന്ദരേശ് എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചിന്റെ നിരീക്ഷണം.

പുരുഷന്‍മാര്‍ക്ക് ത്വലാഖെ ഹസന്‍ മുഖേനെ വിവാഹമോചനം ചെയ്യാന്‍ കഴിയുന്നത് പോലെ സ്ത്രീകള്‍ക്ക് ഖുല്‍അ്(ഖുല) പ്രകാരം വിവാഹമോചനം നടത്താനാകുമെന്നും കോടതി പറഞ്ഞു. രണ്ട് പേര്‍ക്ക് ഒരുമിച്ച് ജീവിക്കാന്‍ കഴിയുന്നില്ലെങ്കില്‍, ദാമ്പത്യം തിരിച്ചെടുക്കാനാകാത്ത വിധം തകരുന്ന ഘട്ടത്തില്‍ വിവാഹമോചനം അനുവദിക്കുന്നുണ്ട്.

പ്രഥമദൃഷ്ട്യാ ഹരജിക്കാരോട് യോജിക്കുന്നില്ല. പ്രഥമദൃഷ്ട്യാ ത്വലാഖേ ഹസന്‍ തെറ്റാണെന്നു പറയാനാകില്ല. ത്വലാഖ് വിഷയം മറ്റേതെങ്കിലും അജണ്ടയിലേക്ക് വഴിമാറാന്‍ താല്‍പര്യപ്പെടുന്നില്ലെന്നും കോടതി പറഞ്ഞു.

ഓരോ മാസത്തെ ഇടവേളവെച്ച് മൂന്ന് തവണകളായി ചൊല്ലുന്ന വിവാഹമോചനമാണ് ത്വലാഖെ ഹസന്‍. ഓരോ മാസത്തെ ഇടവേളയില്‍ മൂന്ന് പ്രാവശ്യമായി ത്വലാഖ് ചൊല്ലിയെന്നും ഇത് വിവേചനപരവും ഭരണഘടനയുടെ 14,15,21, 25 അനുഛേദങ്ങളുടെ ലംഘനവുമായതിനാല്‍ നിരോധിക്കണമെന്നുമായിരുന്നു ഹരജിക്കാരിയുടെ ആവശ്യം.

ആദ്യ ത്വലാഖ് ഏപ്രില്‍19ന് സ്പീഡ് പോസ്റ്റായി അയച്ച ഭര്‍ത്താവ് തുടര്‍ന്ന് അടുത്ത രണ്ട് മാസങ്ങളിലായി രണ്ട് ത്വലാഖും അയച്ചു എന്നാണ് ഹരജിക്കാരി പരാതി ഉന്നയിക്കുന്നത്. നേരത്തെ ഒറ്റയിരിപ്പില്‍ മൂന്ന് മൊഴിയും ഒരുമിച്ചുചൊല്ലുന്ന മുത്വലാഖ് നിരോധിച്ചിരുന്നു.

CONTENT HIGHLIGHTS:  Thalaq and Triple Thalaq are not the same; Supreme Court can not say Talaqe Hasan is wrong