കൊച്ചി: കേരളത്തിലെ മുസ്‌ലിം ബഹുജനങ്ങള്‍ അംഗീകരിക്കാത്ത കൂട്ടരാണ് ജമാഅത്തെ ഇസ്‌ലാമിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . ജമാഅത്തെ ഇസ്‌ലാമിയെ കൂട്ടുപിടിക്കുക എന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം ആത്മഹത്യാപരമായ നിലപാടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഈ തെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്‌ലാമിയുമായി ചേർന്ന് പരസ്യമായ രാഷ്ട്രീയ സഖ്യം ഉണ്ടാക്കാനാണ് കോൺഗ്രസിന്റെ ശ്രമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘കേരളത്തിലെ പ്രധാനപ്പെട്ട മുസ്‌ലിം വിഭാഗങ്ങളടക്കം അംഗീകരിക്കാത്ത കൂട്ടരാണ് ജമാഅത്തെ ഇസ്‌ലാമി. മറ്റു മുസ്‌ലിം വിഭാഗങ്ങൾ പ്രവർത്തിക്കുന്നതുപോലെയുള്ള പ്രവർത്തനരീതിയല്ല ജമാഅത്തെ നടത്തുന്നത്. അങ്ങനെയുള്ള ജമാഅത്തെ ഇസ്‌ലാമിയെ കൂട്ടുപിടിക്കുകയെന്നത് കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം ആത്മഹത്യാപരമായ നിലപാടാണ്,’ മുഖ്യമന്ത്രി പറഞ്ഞു.
യു.ഡി എഫിന് വോട്ടുചെയ്യുന്ന മുസ്‌ലിം ബഹുജനങ്ങൾക്ക് ജമാഅത്തെ ഇസ്‌ലാമി മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം അംഗീകരിക്കാൻ കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു.
‘യു.ഡി. എഫിന് വോട്ടുചെയ്യുന്ന മുസ്‌ലിം ബഹുജനങ്ങൾക്ക് ജമാഅത്തെ ഇസ്‌ലാമി മുന്നോട്ട് വെക്കുന്ന രാഷ്ട്രീയങ്ങൾ അവരുടെ നയങ്ങൾ എന്നിവ ഉൾകൊള്ളാൻ കഴിയുമോ? ഇല്ലെന്നതാണ് വസ്തുത,’ മുഖ്യമന്ത്രി ചോദിച്ചു.
എന്നിട്ടും നാലുവോട്ട് കിട്ടുമെങ്കിൽ അത് പ്രധാനമാണെന്ന് കണക്കാക്കി ജമാഅത്തെ ഇസ്‌ലാമിയുമായുള്ള അവിശുദ്ധ സഖ്യമുണ്ടാക്കാനാണ് കോൺഗ്രസ് തയാറായതെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിന്റെ ഈ നിലപാടിൽ എം.എൻ കാരശ്ശേരി വളരെ ശക്തമായി എതിർക്കുന്നത് കഴിഞ്ഞ ദിവസം ഒരു ചാനലിൽ കണ്ടിരുന്നെന്നും ജമാഅത്തെ ഇസ്‌ലാമിയുടെ ആപത്ത് തിരിച്ചറിയുന്ന ഒട്ടേറെ കോൺഗ്രസുകാരായവരടക്കം ഉണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
‘ഹിന്ദുത്വ എങ്ങനെയാണോ ഹിന്ദുമതരാഷ്ട്ര വാദത്തെ ഉയർത്തിപ്പിടിക്കുന്നത് അതേ രീതിയിൽ തന്നെയാണ് ഇസ്‌ലാമിക രാഷ്ട്ര നിർമാണം ജമാഅത്തെ ഇസ്‌ലാമി ലക്ഷ്യമിടുന്നത്,’ എം.എൻ കാരശ്ശേരി പറഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു.
മുസോളിനി പ്രാചീന റോമിന്റെ പാരമ്പര്യം, ഹിറ്റ്ലർ ആര്യവംശ പാരമ്പര്യം എന്നിവ ഇളക്കിവിടുന്ന പ്രവർത്തനങ്ങൾക്കു തുല്യമായാണ് ഇവിടെ ഹിന്ദുത്വ വാദികളും പൊളിറ്റിക്കൽ ഇസ്‌ലാമിസ്റ്റുകളും പ്രവർത്തിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.
Content Highlight: Taking on Jamaat-e-Islami is a suicidal stance for Congress: Chief Minister