ഇന്റര്‍പോളില്‍ അംഗത്വം നേടാന്‍ ഇന്ത്യയോട് സഹായമഭ്യര്‍ത്ഥിച്ച് തായ്‌വാന്‍
World News
ഇന്റര്‍പോളില്‍ അംഗത്വം നേടാന്‍ ഇന്ത്യയോട് സഹായമഭ്യര്‍ത്ഥിച്ച് തായ്‌വാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 20th August 2022, 7:01 pm

തായ്‌പേയ് സിറ്റി: ഇന്റര്‍പോളില്‍ അംഗത്വം നേടാന്‍ ഇന്ത്യയുടെ സഹായം വേണമെന്ന ആവശ്യവുമായി തായ്‌വാന്‍. ഒക്ടോബറില്‍ ഇന്റര്‍പോളിന്റെ 90ാമത് ജനറല്‍ അസംബ്ലി ഇന്ത്യയില്‍ നടക്കാനിരിക്കുന്നതിനിടെയാണ് ഇന്റര്‍പോളില്‍ അംഗത്വം നേടാന്‍ തായ്‌വാന്‍ ഇന്ത്യയുടെ സഹായം തേടുന്നത്.

സ്വന്തം ആവശ്യങ്ങള്‍ക്കായി ഇന്റര്‍നാഷണല്‍ ക്രിമിനല്‍ പൊലീസ് ഓര്‍ഗനൈസേഷനെ(ഇന്‍ര്‍പോള്‍) ചൈന ദുരുപയോഗം ചെയ്യുകയാണെന്ന് തായ്‌വാന്‍ ആരോപിച്ചു.

2016 മുതല്‍ സാമ്പത്തികമായ അധികാരം ഉപയോഗിച്ച് ചൈന ഇന്റര്‍പോളിനെ നിയന്ത്രിക്കുകയാണ്. തായ്‌വാന്‍ ഇന്റര്‍പോളിലെ അംഗരാജ്യമല്ല. എന്നാല്‍, ആതിഥേയ രാജ്യമെന്ന നിലക്ക് ഇന്ത്യക്ക് ഞങ്ങളെ ക്ഷണിക്കാനാവും. ഇന്ത്യയും മറ്റുരാജ്യങ്ങളും തായ്‌വാനെ അതിഥിയായി ക്ഷണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കമ്മീഷണര്‍ ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ പ്രതികരിച്ചു.

അതിനിടെ, തായ്‌വാന് സമീപത്ത് ചൈനയുടെ സൈനികാഭ്യാസങ്ങള്‍ ഇപ്പോഴും തുടരുകയാണ്. തങ്ങളുടെ സമീപ പ്രദേശങ്ങളില്‍ ആറോളം കപ്പലുകളും 51ഓളം എയര്‍ക്രാഫ്റ്റുകളും കണ്ടെത്തിയെന്നാണ് തായ്‌വാന്‍ കഴിഞ്ഞദിവസം അറിയിച്ചത്.

അതേസമയം, ഏത് വെല്ലുവിളിയും നേരിടാന്‍ തായ്‌വാന്‍ 24 മണിക്കൂറും സജ്ജമാണെന്ന് എയര്‍ ഡിഫന്‍സ് ഓഫീസര്‍ ചെന്‍ തി-ഹുവാന്‍ അറിയിച്ചു.

യു.എസ് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ സന്ദര്‍ശനത്തിന് പിന്നാലെയാണ് ചൈന തായ്‌വാനില്‍ യുദ്ധവിമാനങ്ങള്‍ വിന്യസിച്ചത്. ചൈനയുടെ മുന്നറിയിപ്പ് മറികടന്നാണ് നാന്‍സി പെലോസി തായ് വാനില്‍ സന്ദര്‍ശനം നടത്തിയത്. സന്ദര്‍ശനത്തിനിടെ തായ്‌വാന്‍ ഒരു സ്വതന്ത്ര രാജ്യമാണെന്നും, യു.എസിന്റെ എല്ലാ പിന്തുണയും തായ്‌വാന് ഉണ്ടാകുമെന്നും പെലോസി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. യു.എസ് പിന്തുണയ്ക്ക് തായ്‌വാന്‍ നന്ദിയറിയിക്കുകയും ചെയ്തിരുന്നു.

ഇതോടെയാണ് ചൈന നാന്‍സി പെലോസിക്കും തായ്‌വാന്‍ ഭരണകൂടത്തിനുമെതിരെ ശക്തമായി രംഗത്തെത്തിയത്. യു.എസും പെലോസിക്ക് സുരക്ഷയൊരുക്കാന്‍ പ്രദേശത്ത് സൈന്യത്തേയും വ്യോമസേനയെയും വിന്യസിച്ചിരുന്നു. തായ്‌വാന്‍ കടലിടുക്കിലും ചൈനീസ് സൈന്യത്തെ പ്രതിരോധിക്കാന്‍ യു.എസ് സുരക്ഷയൊരുക്കിയിരുന്നു.

കഴിഞ്ഞ ദിവസം, കടലിടുക്കില്‍ സുരക്ഷ കാത്തുസൂക്ഷിക്കാന്‍ സഹായിച്ച യു.എസിന് തായ്‌വാന്‍ വീണ്ടും നന്ദി അറിയിച്ചിരുന്നു. തായ്‌വാന്റെ വിദേശകാര്യ മന്ത്രാലയമാണ് ഔദ്യോഗികമായി യു.എസിന് നന്ദി അറിയിച്ചുകൊണ്ടുള്ള പ്രസ്താവന ഇറക്കിയത്.

Content Highlight: Taiwan seeks India’s support for entry into Interpol