പേടിക്കേണ്ട, ക്യാപ്റ്റനെ വീഴ്ത്താനുള്ള വജ്രായുധം ഇവിടെ തന്നെയുണ്ട്; കണക്കുതീര്‍ക്കാന്‍ എത്തുന്നവര്‍ക്ക് മുമ്പില്‍ ഇന്ത്യയിറങ്ങുന്നു
T20 world cup
പേടിക്കേണ്ട, ക്യാപ്റ്റനെ വീഴ്ത്താനുള്ള വജ്രായുധം ഇവിടെ തന്നെയുണ്ട്; കണക്കുതീര്‍ക്കാന്‍ എത്തുന്നവര്‍ക്ക് മുമ്പില്‍ ഇന്ത്യയിറങ്ങുന്നു
ആദര്‍ശ് എം.കെ.
Sunday, 22nd February 2026, 8:15 am

ടി-20 ലോകകപ്പിന്റെ സൂപ്പര്‍ 8 പോരാട്ടങ്ങള്‍ക്കായി ഇന്ത്യ ഇന്നിറങ്ങുകയാണ്. ഗ്രൂപ്പ് വണ്ണില്‍ ശക്തരായ സൗത്ത് ആഫ്രിക്കയാണ് എതിരാളികള്‍. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ രാത്രി ഏഴ് മണിക്കാണ് മത്സരം.

സൂപ്പര്‍ 8ന് ഇന്ത്യയ്‌ക്കെതിരെ കളത്തിലിറങ്ങുമ്പോള്‍ കഴിഞ്ഞ ലോകകപ്പ് ഫൈനലിലേറ്റ പരാജയം തന്നെയായിരിക്കും സൗത്ത് ആഫ്രിക്കയുടെ മനസിലുണ്ടാവുക.

ഫെെനലിലെ തോല്‍വിയില്‍ നിരാശനായ ഹെന്റിക് ക്ലാസന്‍. Photo: ICC

അന്ന് പ്രോട്ടിയാസിന്റെ വിധിയെഴുതിയ ക്യാച്ച് കൈപ്പിടിയിലൊതുക്കിയ അതേ സൂര്യയ്ക്ക് കീഴിലാണ് ഇന്ത്യയിറങ്ങുന്നത്. മറുവശത്താകട്ടെ ക്യാപ്റ്റന്‍ എയ്ഡന്‍ മര്‍ക്രമിന് കീഴില്‍ പരാജയമറിയാതെയാണ് സൗത്ത് ആഫ്രിക്കയും സൂപ്പര്‍ 8ന് തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുന്നത്.

മികച്ച രീതിയില്‍ ബാറ്റ് വീശുന്ന ക്യാപ്റ്റന്‍ ഏയ്ഡന്‍ മര്‍ക്രം തന്നെയാണ് സൗത്ത് ആഫ്രിക്കയുടെ ഏറ്റവും വലിയ കരുത്ത്. നാല് മത്സരത്തില്‍ 59.33 ശരാശരിയില്‍ 178 റണ്‍സുമായാണ് മര്‍ക്രം ബാറ്റിങ് യൂണിറ്റിന്റെ നെടുംതൂണാകുന്നത്. നിലവില്‍ റണ്‍വേട്ടയില്‍ നാലാമനും മര്‍ക്രം തന്നെ.

ഏയ്ഡന്‍ മര്‍ക്രം. Photo: Proteas Men

എന്നാല്‍ മര്‍ക്രമിനെ പിടിച്ചുകെട്ടാന്‍ പോന്ന വജ്രായുധം ആവനാഴിയിലൊളിപ്പിച്ചാണ് ഇന്ത്യ അഹമ്മദാബാദിലിറങ്ങുന്നത്, മറ്റാരുമല്ല വൈസ് ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേല്‍. ടി-20യില്‍ മര്‍ക്രമിനെതിരെ മികച്ച ട്രാക്ക് റെക്കോഡുള്ള താരമാണ് അക്‌സര്‍ പട്ടേല്‍.

അക്‌സര്‍ പട്ടേല്‍. Photo: BCCI

ഇരുവരും എട്ട് മത്സരങ്ങളില്‍ നേര്‍ക്കുനേര്‍ വന്നു. അക്‌സറിന്റെ 34 പന്തില്‍ പ്രോട്ടിയാസ് നായകന് നേടാന്‍ സാധിച്ചത് വെറും 38 റണ്‍സാണ്. 111.76 ആണ് അക്‌സറിനെതിരെ മര്‍ക്രമിന്റെ സ്‌ട്രൈക് റേറ്റ്. ശരാശരിയാകട്ടെ വെറും 12.66ഉം. മൂന്ന് തവണയാണ് അക്‌സറിനോട് പരാജയപ്പെട്ട് മര്‍ക്രമിന് തിരിച്ചുനടക്കേണ്ടി വന്നത്.

ഇതുമാത്രമല്ല, ടി-20 ലോകകപ്പുകളില്‍ സൗത്ത് ആഫ്രിക്കക്ക് മേലുള്ള തങ്ങളുടെ ഡോമിനേഷനും സൂപ്പര്‍ 8നിറങ്ങുമ്പോള്‍ ഇന്ത്യയ്ക്ക് അഡ്വാന്റേജാണ്. ലോകകപ്പുകളില്‍ ഏഴ് തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ അഞ്ചിലും വിജയിച്ചത് ഇന്ത്യയാണ്. 2007ലെ ഗ്രൂപ്പ് ഘട്ട വിജയവും 2024ലെ ഫൈനല്‍ വിജയവും ഇതില്‍ ഉള്‍പ്പെടും.

2026 ലോകകപ്പുകളില്‍ ഇതുവരെ പരാജയപ്പെട്ട രണ്ട് ടീമുകളേറ്റുമുട്ടുമ്പോള്‍ തീ പാറുന്ന പോരാട്ടത്തിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

 

Content Highlight: T20 World Cup: IND vs SA: Star Battle between Aiden Markram and Axar Patel

സ്പോർട്സ് അപ്ഡേറ്റുകൾ ഇനി മിസ് ചെയ്യരുത്. വാട്സ്ആപ്പിലൂടെ നിങ്ങളിലെത്താൻ ജോയിൻ ചെയ്യൂ

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.