ഇന്ത്യയെ അടിക്കാന്‍ മത്സരിക്കുന്നവരില്‍ ഒന്നാമന്‍; നീലപ്പടയ്‌ക്കെതിരെ രണ്ട് സെഞ്ച്വറിയടിച്ചവനെയും വെട്ടി
T20 world cup
ഇന്ത്യയെ അടിക്കാന്‍ മത്സരിക്കുന്നവരില്‍ ഒന്നാമന്‍; നീലപ്പടയ്‌ക്കെതിരെ രണ്ട് സെഞ്ച്വറിയടിച്ചവനെയും വെട്ടി
ആദര്‍ശ് എം.കെ.
Monday, 23rd February 2026, 5:52 pm

2026 ടി-20 ലോകകപ്പില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഇന്ത്യയ്‌ക്കെതിരെ വമ്പന്‍ വിജയം നേടി അപരാജിത കുതിപ്പ് തുടരുകയാണ് സൗത്ത് ആഫ്രിക്ക. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 76 റണ്‍സിന്റെ പരാജയമാണ് ഇന്ത്യയ്ക്ക് നേരിടേണ്ടി വന്നത്.

മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സൗത്ത് ആഫ്രിക്ക നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 18.5 ഓവറില്‍ 111ന് ഓള്‍ ഔട്ടാവുകയായിരുന്നു. ലോകകപ്പ് ചരിത്രത്തില്‍ റണ്‍സ് അടിസ്ഥാനത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ തോല്‍വിയാണിത്.

സൂപ്പര്‍ താരം ഡേവിഡ് മില്ലറിന്റെയും വെടിക്കെട്ട് വീരന്‍മാരായ ഡെവാള്‍ഡ് ബ്രെവിസ്, ട്രിസ്റ്റണ്‍ സ്റ്റബ്‌സ് എന്നിവരുടെയും പ്രകടനത്തിന്റെ ബലത്തിലാണ് പ്രോട്ടിയാസ് മികച്ച ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ പടുത്തുയര്‍ത്തിയത്. മില്ലര്‍ 35 പന്തില്‍ 63 റണ്‍സ് നേടിയപ്പോള്‍ ബ്രെവിസ് 29 പന്തില്‍ 49 റണ്‍സും സ്റ്റബ്‌സ് 24 പന്തില്‍ പുറത്താകാതെ 44 റണ്‍സും നേടി.

മൂന്ന് സിക്‌സറും ഏഴ് ഫോറും അടക്കം 180.00 എന്ന വെടിക്കെട്ട് സ്‌ട്രൈക് റേറ്റിലാണ് ‘കില്ലര്‍ മില്ലര്‍’ ബാറ്റ് വീശിയത്. ഈ പ്രകടനത്തിന് പിന്നാലെ ഒരു റെക്കോഡും താരത്തെ തേടിയെത്തി. അന്താരാഷ്ട്ര ടി-20യില്‍ ഇന്ത്യയ്‌ക്കെതിരെ ഏറ്റവുമധികം സിക്‌സര്‍ നേടുന്ന താരമെന്ന നേട്ടമാണ് മില്ലര്‍ തന്റെ പേരിലെഴുതിച്ചേര്‍ത്തത്.

ഇന്ത്യയ്‌ക്കെതിരെ 39 സിക്‌സറുകളാണ് മില്ലറിന്റെ സമ്പാദ്യം. ഇന്ത്യയ്‌ക്കെതിരെ രണ്ട് തവണ ടി-20യില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ മറികടന്നുകൊണ്ടാണ് മില്ലറിന്റെ നേട്ടം.

ഗ്ലെന്‍ മാക്‌സ്‌വെല്‍. Photo: Cricket Australia

ഇന്ത്യയ്‌ക്കെതിരെ ഏറ്റവുമധികം ടി-20 സിക്‌സര്‍ നേടുന്ന താരം

(താരം – ടീം – സിക്‌സര്‍ എന്നീ ക്രമത്തില്‍)

ഡേവിഡ് മില്ലര്‍ – സൗത്ത് ആഫ്രിക്ക – 39*

ഗ്ലെന്‍ മാക്‌സ്‌വെല്‍ – ഓസ്‌ട്രേലിയ- 38

നിക്കോളാസ് പൂരന്‍ – വെസ്റ്റ് ഇന്‍ഡീസ് – 35

ദാസുന്‍ ഷണക – ശ്രീലങ്ക – 30

എവിന്‍ ലൂയീസ് – വെസ്റ്റ് ഇന്‍ഡീസ് – 28

ഡേവിഡ് മില്ലര്‍

ഇതിനൊപ്പം ടി-20 ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരെ ഏറ്റവുമധികം റണ്‍സ് നേടിയ താരമായും മില്ലര്‍ മാറി. ടി-20 ലോകകപ്പുകളില്‍ 166 റണ്‍സാണ് ഇന്ത്യയ്‌ക്കെതിരെ മില്ലറിന്റെ സമ്പാദ്യം. ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം ഡേവിഡ് വാര്‍ണറിനൊപ്പം ഈ നേട്ടത്തില്‍ ഒന്നാം സ്ഥാനം പങ്കിടുകയാണ് മില്ലര്‍.

ഡേവിഡ് വാര്‍ണർ

അതേസമയം, ഈ പരാജയം ഇന്ത്യയ്ക്കും വലിയ തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത്. നെറ്റ് റണ്‍ റേറ്റിലേറ്റ വലിയ ഇടിവ് മുമ്പോട്ടുള്ള ഇന്ത്യയുടെ യാത്രയ്ക്കും വിലങ്ങുതടിയായേക്കും. -3.80 എന്ന നെറ്റ് റണ്‍ റേറ്റാണ് ഇന്ത്യയ്ക്കുള്ളത്.

ഫെബ്രുവരി 26നാണ് ഇന്ത്യയും സൗത്ത് ആഫ്രിക്കയും സൂപ്പര്‍ 8ല്‍ തങ്ങളുടെ അടുത്ത മത്സരങ്ങള്‍ക്കിറങ്ങുന്നത്. അഹമ്മാദാബാദില്‍ നടക്കുന്ന മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസാണ് സൗത്ത് ആഫ്രിക്കയുടെ എതിരാളികള്‍. സൂപ്പര്‍ 8ലെ രണ്ടാം മത്സരത്തില്‍ സിംബാബ്‌വേയെയാണ് ഇന്ത്യയ്ക്ക് നേരിടാനുള്ളത്. ചെപ്പോക്കാണ് വേദി.

 

Content highlight: T20 World Cup: David Miller becomes the leading six-hitter against India in T20Is

സ്പോർട്സ് അപ്ഡേറ്റുകൾ ഇനി മിസ് ചെയ്യരുത്. വാട്സ്ആപ്പിലൂടെ നിങ്ങളിലെത്താൻ ജോയിൻ ചെയ്യൂ

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.