സൂപ്പര്‍ 8ല്‍ തുടര്‍ച്ചയായ രണ്ടാം മത്സരവും പരാജയപ്പെട്ട് ശ്രീലങ്ക ലോകകപ്പില്‍ നിന്നും പുറത്തായിരിക്കുകയാണ്. കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 61 റണ്‍സിന്റെ തോല്‍വിയാണ് ആതിഥേയര്‍ക്ക് ഏറ്റുവാങ്ങേണ്ടി വന്നത്.
ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 169 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ലങ്കയ്ക്ക് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.
Victory in Colombo 💥
Matt Henry set the tone with 2-3 off his 2 overs as Rachin Ravindra picked up 4-27 off his 4 overs 🔥
📷 = ICC/Getty#SLvNZ #T20WorldCup pic.twitter.com/VlGbcNBdfu
— BLACKCAPS (@BLACKCAPS) February 25, 2026
ഈ പരാജയത്തോടെ ചരിത്രമെഴുതാനുള്ള അവസരം കൂടിയാണ് ശ്രീലങ്കയ്ക്ക് നഷ്ടപ്പെട്ടത്. ലോകകപ്പിന്റെ ആതിഥേയര്‍ കിരീടം ചൂടുന്ന അത്യപൂര്‍വതയുടെ ഭാഗമാകാന്‍ ഇത്തവണ ഷണകയ്ക്കും സംഘത്തിനും സാധിക്കില്ല.
ടി-20 ലോകകപ്പുകളുടെ ചരിത്രത്തില്‍ ഇതുവരെ ആതിഥേയര്‍ ഒരിക്കല്‍പ്പോലും കിരീടത്തില്‍ മുത്തമിട്ടിട്ടില്ല.
2012 ലോകകപ്പിലാണ് ആതിഥേയര്‍ ഏറ്റവും മികച്ച മുന്നേറ്റമുണ്ടാക്കിയത്. ശ്രീലങ്കയായിരുന്നു ആതിഥേയര്‍. അന്ന് ടീം ഫൈനലിന് യോഗ്യത നേടി.
കൊളംബോയില്‍ നടന്ന മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസായിരുന്നു എതിരാളികള്‍. വിന്‍ഡീസ് ഉയര്‍ത്തിയ 138 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ലങ്ക 101ന് പുറത്തായി. മൂന്ന് വിക്കറ്റ് നേടിയ സുനില്‍ നരെയ്നും രണ്ട് വിക്കറ്റെടുത്ത ക്യാപ്റ്റന്‍ ഡാരന്‍ സമ്മിയുമാണ് വിന്‍ഡീസിനെ തങ്ങളുടെ ആദ്യ കിരീടം ചൂടിച്ചത്.

2012 ലോകകപ്പ് കിരീടവുമായി വെസ്റ്റ് ഇന്‍ഡീസ്
എന്നാല്‍ ആതിഥേയര്‍ കിരീടം ചൂടുന്ന ചരിത്രനിമിഷം ഈ ലോകകപ്പില്‍ പിറക്കാനുള്ള അവസരം പൂര്‍ണമായും ഇല്ലാതായി എന്ന് പറയാനും സാധിക്കില്ല. ലോകകപ്പിന്റെ സഹ ആതിഥേയരായ ഇന്ത്യ ഇപ്പോഴും ഗ്രൂപ്പ് വണ്ണില്‍ സെമി സാധ്യതകള്‍ കൈമോശം വരാതെ തുടരുന്നുണ്ട്.
ലോകകപ്പിന്റെ ആതിഥേയരും ജേതാക്കളും
(വര്‍ഷം – ആതിഥേയര്‍ – ചാമ്പ്യന്‍മാര്‍ – രണ്ടാം സ്ഥാനക്കാര്‍ എന്നീ ക്രമത്തില്‍)
2007 – സൗത്ത് ആഫ്രിക്ക – ഇന്ത്യ – പാകിസ്ഥാന്‍
2009 – ഇംഗ്ലണ്ട് – പാകിസ്ഥാന്‍ – ശ്രീലങ്ക
2010 – വെസ്റ്റ് ഇന്‍ഡീസ് – ഇംഗ്ലണ്ട് – ഓസ്‌ട്രേലിയ
2012 – ശ്രീലങ്ക – വെസ്റ്റ് ഇന്‍ഡീസ് – ശ്രീലങ്ക
2014 – ബംഗ്ലാദേശ് – ശ്രീലങ്ക – ഇന്ത്യ
2016 – ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് – ഇംഗ്ലണ്ട്
2021 – യു.എ.ഇ & ഒമാന്‍ – ഓസ്‌ട്രേലിയ – ന്യൂസിലാന്‍ഡ്
2022 – ഓസ്ട്രേലിയ – ഇംഗ്ലണ്ട് – പാകിസ്ഥാന്‍
2024 – വെസ്റ്റ് ഇന്‍ഡീസ് & യുഎസ്.എ – ഇന്ത്യ – സൗത്ത് ആഫ്രിക്ക
സംഭവം ഇങ്ങനെയൊക്കെയാണെങ്കിലും ഇന്ത്യയെ സംബന്ധിച്ചും കാര്യങ്ങള്‍ ഒട്ടും പന്തിയല്ല. അപരാജിതരായി ഗ്രൂപ്പ് ഘട്ടത്തില്‍ മുന്നേറിയ ലോകകപ്പിന്റെ സഹ ആതിഥേയര്‍ സൂപ്പര്‍ 8ല്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ വന്‍ തോല്‍വിയേറ്റുവാങ്ങിയിരുന്നു. 76 റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ഇതോടെ ടീമിന്റെ നെറ്റ് റണ്‍ റേറ്റ് മൈനസിലേക്ക് കൂപ്പുകുത്തി.

ഇന്ന് (വ്യാഴം) ഇന്ത്യ സിംബാബ് വേയ്‌ക്കെതിരെ തങ്ങളുടെ രണ്ടാം ഗ്രൂപ്പ് ഘട്ട മത്സരത്തിനിറങ്ങുകയാണ്. ചെപ്പോക്കാണ് വേദി. ഷെവ്‌റോണ്‍സിനെതിരെ മികച്ച പ്രകടനം പുറത്തെടുത്ത് നെറ്റ് റണ്‍ റേറ്റ് വര്‍ധിപ്പിക്കാന്‍ തന്നെയായിരിക്കും ഇന്ത്യ ശ്രമിക്കുന്നത്.
Content Highlight: T20 World Cup 2026: Sri Lanka eliminated from tournament
